ന്യൂദല്‍ഹി: വോട്ട് മോഷണത്തില്‍ കുടുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടാന്‍ തേടുന്ന കുറുക്കുവഴിയാണ് മണ്ഡല പുനര്‍നിര്‍ണയമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വനിതാ സംവരണത്തിന്റെ പേര് പറഞ്ഞ് സീറ്റുകള്‍് ്കൂട്ടുന്നതിന് പകരം ഒ.ബി.സി ഉപസംവരണത്തോടെ നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ സംവരണം നടപ്പാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
സീറ്റുകള്‍ 543ല്‍ നിന്ന് 850 ആയി ഉയര്‍ത്താനുള്ള നിര്‍ദിഷ്ട ഭരണഘടനാ ഭേദഗതി ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണയവും സംബന്ധിച്ച ബില്ലിലൂടെ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം പുനര്‍നിര്‍ണയിക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാര്‍ലമെന്റില്‍ പുതിയ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശനിയാഴ്ച രൂക്ഷ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍, നിര്‍ദിഷ്ട നിയമനിര്‍മാണം ഇന്ത്യന്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് പറഞ്ഞു. ലോക്‌സഭയിലെ അംഗസംഖ്യ 543ല്‍ നിന്ന് 850 ആയി വര്‍ധിപ്പിക്കാനുള്ള വ്യവസ്ഥ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ഘടനയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വനിതാ സംവരണവുമായി മണ്ഡല പുനര്‍നിര്‍ണയത്തെ ബന്ധിപ്പിക്കുന്ന ബില്ലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവര്‍ക്ക് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സംവിധാനത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പുനര്‍രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ലഭിക്കും.
നിര്‍ദിഷ്ട ബില്‍ അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നും രാജ്യത്തെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഭരണകക്ഷിക്ക് അവസരം നല്‍കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയും ഉറപ്പാക്കേണ്ടതുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Related News