കൊച്ചി: മഹാ നഗരത്തിന്റെ തിക്കിലും തിരക്കുകളിലും നിന്ന് അല്പ്പം ആശ്വസിക്കാന്, ജെന്സി ഭാഷയില് പറഞ്ഞാല് വൈബ് പിടിക്കാന് ഇനിമുതല് സൗരയുമുണ്ട് കായല് പരപ്പുകളില്.
സര്ക്കാരിന്റെ നൂറ് ദിന കര്മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ജലഗതാഗത വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സൗര -2 ബോട്ട് യാത്ര ജില്ലയില് വന്നു പോകുന്ന വിനോദസഞ്ചാരികള്ക്കിടയില് മാത്രമല്ല, കൊച്ചി നിവാസികളിലും ഇതിനോടകം ശ്രദ്ധയാകര്ഷിച്ചു കഴിഞ്ഞു. പ്രകൃതിക്കിണങ്ങുന്ന രീതിയില് പൂര്ണമായും സൗരോര്ജത്തില് പ്രവര്ത്തിക്കുന്നതാണ് ഈ സോളാര് ബോട്ട്.
വ്യാവസായിക നഗരത്തിന്റെ ഉള്ക്കാഴ്ചകള് ആസ്വദിക്കാന് ദിവസവും രണ്ട് നേരമാണ് സവാരി നടത്തുന്നത്. രാവിലെ പതിനൊന്നിന് എറണാകളം ബോട്ട് ജെട്ടിയില് നിന്ന് ആരംഭിക്കുന്ന യാത്ര വില്ലിംഗ്ടണ് ഐലന്റ്, വല്ലാര്പാടം കണ്ടെയ്നര് ടെര്മിനല്, പോര്ട്ട് സൈഡ്, അഴിമുഖം തുടങ്ങിയ കൊച്ചിയുടെ വിസ്മയക്കാഴ്ചകളിലൂടെ സഞ്ചരിച്ച് ഫോര്ട്ട് കൊച്ചിയില് എത്തി അവിടെ അരമണിക്കൂര് ചിലവഴിച്ച് തിരികെ എത്തിക്കുന്ന സീ കൊച്ചിനാണ് ആദ്യത്തേത്.
വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച് നാലുമണിക്കൂര് നീണ്ടുനില്ക്കുന്ന സീ കടമക്കുടിയെന്ന രണ്ടാമത്തെ സര്വീസില് ബോള്ഗാട്ടി പാലസ്, മുളവുകാട്, കുറങ്ങോട്ട, തുടങ്ങി പ്രകൃതിഭംഗിയാല് ചുറ്റപ്പെട്ട ഇടങ്ങള് താണ്ടി സൂര്യാസ്തമയത്തിന്റെ ദൃശ്യസൗന്ദര്യം തുളുമ്പുന്ന കടമക്കുടിയില് അവസാനിച്ച് രാത്രി എട്ട് മണിക്ക് തിരികെയെത്തും.
സീ കൊച്ചിക്ക് ഒരാള്ക്ക് 200 രൂപയും സീ കടമക്കുടിക്ക് 300 രൂപയുമാണ് ടിക്കറ്റ് ചാര്ജ്. രണ്ടാം ഘട്ട യാത്രയില് കടമക്കുടിയിലെ ജോണ്സ് ഹാവെന് റിസോര്ട്ടില് താത്പര്യമുള്ളവര്ക്ക് മത്സ്യവിഭവങ്ങള് ഉള്പ്പെടുന്ന ഭക്ഷണം ആസ്വദിക്കാനും നൂറു രൂപ ചിലവഴിച്ച് കയാക്കിംഗ്, ഫിഷിംഗ്, റിഫ്രഷ്മെന്റ് എന്നിവയ്ക്കുള്ള സൗകര്യവും വകുപ്പ് ഒരുക്കുന്നുണ്ട്. 30 പേര്ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് സൗര-2 രൂപകല്പ്പന ചെയ്തിട്ടുള്ളത്. ജലയാത്രയ്ക്കായി 9400050351, 9400050350 എന്നീ നമ്പറുകളില് മുന്കൂട്ടി ബുക്ക് ചെയ്യാം.