റിയാദ്/അല്‍ജൗഫ്: സൗദി അറേബ്യയിലെ റിയാദിലും അല്‍ ജൗഫിലുമായി രണ്ട് മലയാളി പ്രവാസികള്‍ ഹൃദയാഘാതം മൂലം മരിച്ചു. റിയാദില്‍ തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് സ്വദേശി ഫയാസ് മന്‍സിലില്‍ മുഹമ്മദ് ഹസ്സൈനും (47) അല്‍ ജൗഫില്‍ മലപ്പുറം മമ്പുറം വി.കെ. പടി പിലത്തോടന്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയും (36) ആണ് മരിച്ചത്.
കഴിഞ്ഞ 25 വര്‍ഷമായി പ്രവാസിയായ മുഹമ്മദ് ഹസ്സൈന്‍, റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ആദ്യം ക്ലിനിക്കിലും പിന്നീട് കിങ് ഖാലിദ് ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. മുഹമ്മദ് സുബൈര്‍ - ഷഹര്‍ബാന്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷൈജ. മക്കള്‍: ഫായിസ് മോന്‍, ഫിദ ഫാത്തിമ.
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി നവാസ്ഖാന്‍ ബീമാപള്ളി, ഷറഫു പുളിക്കല്‍, നസീര്‍ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവര്‍ രംഗത്തുണ്ട്.
വടക്കന്‍ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബര്‍ജലില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഷാഫി. പക്ഷാഘാതത്തെ തുടര്‍ന്ന് അല്‍ ജൗഫ് കിങ് അബ്ദുല്‍ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലരിക്കെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. പരേതരായ ആലിക്കുട്ടി പിലത്തോടത്തില്‍ - പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മായില്‍.
റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള എന്‍.ഒ.സി. നടപടികള്‍ റിയാദ് കെ.എം.സി.സി. വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, റിയാദ് മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ റിയാസ് തിരൂര്‍ക്കാട്, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കി. ഖബറടക്കവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് അറ്റോര്‍ണിയായി അല്‍ ജൗഫ് കെ.എം.സി.സി. ട്രഷറര്‍ സൈദ് അലി, സെക്രട്ടറി ടി.പി. നൗഷാദ്, ഷറഫുദ്ദീന്‍, നസീര്‍ ദേശമംഗലം എന്നിവരും ഹോട്ടല്‍ മാനേജ്മെന്റ് പ്രതിനിധികളും രംഗത്തുണ്ട്.
Related News