വാഷിങ്ടണ്‍: നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കനത്ത ഭീതിയില്‍. വിദേശനയത്തിലെ പ്രതിസന്ധികള്‍ ട്രംപിന് ആഭ്യന്തര രാഷ്ട്രീയ ബാധ്യതയായി മാറുകയാണ്. ഇന്ധനവില കുറച്ച് വോട്ടര്‍മാരുടെ അതൃപ്തി ശമിപ്പിക്കാനുള്ള നീക്കങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കുന്നില്ലെന്നതാണ് വൈറ്റ് ഹൗസ് നേരിടുന്ന പ്രധാന വെല്ലുവിളി. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായുള്ള ഇന്ധന ഇടപാടും യുക്രെയ്ന്‍ യുദ്ധത്തിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനവും ഈ പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
റഷ്യയില്‍നിന്ന് വന്‍തോതില്‍ ഡീസല്‍ ലഭ്യമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയില്‍ ഇന്ധനവില കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ റഷ്യന്‍ ഇന്ധന വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത് യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മോസ്‌കോയ്‌ക്കെതിരേ സ്വീകരിച്ചിരുന്ന ഉപരോധനയത്തില്‍നിന്നുള്ള പിന്മാറ്റമായാണ് വിമര്‍ശകര്‍ കാണുന്നത്. റഷ്യയ്ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തീരുമാനമെന്ന വിമര്‍ശനം സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നുപോലും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ഗണ്യമായ വിലക്കുറവ് ഉറപ്പാക്കാന്‍ ഇടപാടിനാകുമോ എന്നതും സംശയത്തിലാണ്.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഊര്‍ജമേഖലയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന ട്രംപിന്റെ അവകാശവാദവും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പ്രഖ്യാപനത്തെക്കുറിച്ച് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കിയപ്പോള്‍, റഷ്യന്‍ ആക്രമണങ്ങള്‍ തുടര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ പ്രഖ്യാപനം യഥാര്‍ഥ സമാധാനനീക്കമാണോ അതോ രാഷ്ട്രീയ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണോ എന്ന സംശയം ശക്തമാണ്. യുക്രെയ്ന്‍ റഷ്യന്‍ എണ്ണശാലകള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ട്രംപ്, ആയുധസഹായവും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കിടുന്നതും നിര്‍ത്തുമെന്ന ഭീഷണിയിലൂടെ ഉക്രൈനെയും സമ്മര്‍ദത്തിലാക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘര്‍ഷവും ട്രംപിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. സൗദി അറേബ്യയ്ക്കുനേരെയുള്ള ഹൂതി ആക്രമണങ്ങളും ഹുര്‍മുസ് കടലിടുക്കിലെ കപ്പല്‍ഗതാഗതത്തെക്കുറിച്ചുള്ള ആശങ്കകളും ആഗോള എണ്ണവിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 106.65 ഡോളറിലെത്തി
വിലക്കയറ്റവും ഇന്ധനച്ചെലവും നേരിടുന്ന വോട്ടര്‍മാര്‍ക്ക് ആശ്വാസം നല്‍കാനായില്ലെങ്കില്‍, കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് ഭയക്കുന്നത്.
Related News