ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ (സി.ജെ.പി) രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി സി.പി.എം നേതാവ് പി. സരിന്‍. ആര്‍.എസ്.എസിന്റെ മറ്റൊരു പദ്ധതിയാണ് സി.ജെ.പിയെന്ന് രാജ്യം തിരിച്ചറിയുമെന്നും ജെന്‍ സീ പ്രസ്ഥാനം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ വിവാദമായതോടെയാണ് സരിന്റെ വിശദീകരണം. പ്രസ്താവന തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വാക്കുപിഴവാണെന്നും അത് പാര്‍ട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില്‍ പിണറായി വിജയനുള്‍പ്പെടെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം മുഴുവന്‍ പങ്കെടുത്തതോടെയാണ് സരിന്‍ വെട്ടിലായത്.
ഞാന്‍ മനസ്സില്‍ ഉദ്ദേശിച്ചതല്ല എനിക്ക് ആശയവിനിമയം നടത്താന്‍ കഴിഞ്ഞത് എന്നായിരുന്നു സരിന്റെ വിശദീകരണം. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയ പരിപാടികളോടും നീതിപുലര്‍ത്തുന്നതല്ല തന്റെ പ്രസ്താവനയെന്നും അദ്ദേഹം സമ്മതിച്ചു. നിരുത്തരവാദപരമായ രാഷ്ട്രീയ പരാമര്‍ശം നടത്തിയതിലെ അനൗചിത്യം തിരിച്ചറിയുന്നുവെന്നും നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സരിന്‍ കുറിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഡല്‍ഹിയില്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു സരിന്റെ വിവാദ പരാമര്‍ശങ്ങള്‍. സി.ജെ.പി ജനകീയ മുന്നേറ്റങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും അണ്ണാ ഹസാരെ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചതുപോലെ സി.ജെ.പിയും പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തില്‍ സി.ജെ.പി പങ്കെടുക്കാത്തതിനെയും സരിന്‍ ചോദ്യം ചെയ്തിരുന്നു. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സി.ജെ.പിയും പങ്കുചേരേണ്ടതായിരുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ അത് അവതരിപ്പിച്ച രീതി തെറ്റിപ്പോയെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചു.
സി.ജെ.പിയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണം ശരിയാണെന്ന് സ്ഥാപിക്കാന്‍ സഹായിക്കുന്ന സാഹചര്യം ആ പ്രസ്ഥാനം തന്നെ സൃഷ്ടിക്കരുത് എന്ന മുന്നറിയിപ്പായിരുന്നു താന്‍ നല്‍കാന്‍ ശ്രമിച്ചതെന്ന് സരിന്‍ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സി.ജെ.പിക്കും പങ്കുണ്ടാകണമെന്ന വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കാനായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.ജെ.പി ലോകശ്രദ്ധ നേടിയ യുവജന പ്രസ്ഥാനമാണെന്നും അതിനെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമായെന്നും സരിന്‍ കുറിച്ചു. തെറ്റ് ചൂണ്ടിക്കാട്ടിയ പാര്‍ട്ടി സഖാക്കള്‍ക്ക് നന്ദിയും അറിയിച്ചു.
Related News