റിയാദ്: പോര്‍ചുഗല്‍ ദേശീയ ടീമില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിന്റെ നിരാശ വകവെക്കാതെ അന്നസര്‍ ജഴ്‌സിയില്‍ തിളങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എലൈറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസ്‌റിന് വിജയം. ഉസ്‌ബെക്കിസ്ഥാനിലെ നെഫ്ചി ഫെര്‍ഗാനയെ 3-1നാണ് സൗദി ക്ലബ് തോല്‍പ്പിച്ചത്. റൊണാള്‍ഡോയുടെ കരിയറിലെ 981ാം ഗോളായിരുന്നു മത്സരത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്ന്. ആയിരം കരിയര്‍ ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് ഇനി 19 ഗോളുകള്‍ മാത്രം അകലം.
റിയാദിലെ അല്‍ അവ്വല്‍ പാര്‍ക്കില്‍ നടക്കേണ്ടിയിരുന്ന മത്സരം സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒരു മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. അപകടസാധ്യത ഒഴിഞ്ഞതായി അധികൃതര്‍ അറിയിച്ചതോടെയാണ് മത്സരം നടത്തിയത്.
33ാം മിനിറ്റില്‍ ആഞ്ചലോ ഗബ്രിയേലാണ് അല്‍ നസ്‌റിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, 42ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോള്‍ ലീഡ് രണ്ടാക്കി. അയ്മന്‍ യഹ്യയുടെ നീക്കത്തിനൊടുവിലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം പന്ത് വലയിലെത്തിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അലിഷര്‍ ഒഡിലോവ് നെഫ്ചിക്കായി ഒരു ഗോള്‍ മടക്കി. ഇതോടെ മത്സരം ആവേശകരമായി. എന്നാല്‍ 78ാം മിനിറ്റില്‍ നെഫ്ചി താരം അന്‍വര്‍ജോന്‍ ഗോഫുറോവിന്റെ സെല്‍ഫ് ഗോള്‍ അല്‍ നസ്‌റിന്റെ ലീഡ് വീണ്ടും രണ്ടാക്കി. പിന്നീട് തിരിച്ചുവരവിന് അവസരം നല്‍കാതെ സൗദി ടീം വിജയം ഉറപ്പിച്ചു.
41ാം വയസ്സിലും ഗോളടിച്ചുകൊണ്ടിരിക്കുന്ന റൊണാള്‍ഡോയുടെ കരിയറിലെ 981ാം ഗോളാണിത്. 2023 ജനുവരിയില്‍ അല്‍ നസ്‌റിലെത്തിയശേഷം ക്ലബിനായി നേടിയ ഗോളുകളുടെ എണ്ണം 134 ആയി ഉയര്‍ന്നു.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ അല്‍ ഐനോട് 0-4ന് തോറ്റ അല്‍ നസ്‌റിന് ഈ വിജയം തിരിച്ചുവരവിനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനും നിര്‍ണായകമാണ്. റൊണാള്‍ഡോ ഗോളെണ്ണത്തില്‍ നാലക്കം തികക്കാനൊരുങ്ങുമ്പോള്‍ ഓരോ മത്സരവും ആരാധകര്‍ക്ക് ആവേശമായി മാറുകയാണ്.
Related News