l o a d i n g

സാംസ്കാരികം

പൊതുജീവിതത്തില്‍ ഗ്രാമ്യവിശുദ്ധിയുമായി വഴിനടന്ന ഒരാള്‍

Thumbnail

കെ.കെ. മുഹമ്മദ് സാഹിബിനെ കണ്ടുതുടങ്ങിയത് നാല് പതിറ്റാണ്ട് മുമ്പാണ്. കോഴിക്കോട് വലിയങ്ങാടിയിലെ ലീഗ് ഹൗസില്‍ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ക്കൊപ്പവും, സയ്യിദുമ്മര്‍ ബാഫഖി തങ്ങള്‍ക്കൊപ്പവും സദാ കാണാറുണ്ടായിരുന്ന ഘട്ടത്തില്‍ അകലെനിന്ന് നിരീക്ഷിച്ചു. പിന്നീട് വിവിധ കാലത്തെ ഓര്‍മ്മകള്‍ക്കൊപ്പം അദ്ദേഹം കൂടെത്തന്നെയുണ്ട്. കേരള സമൂഹത്തിലെ അമ്പതും അറുപതും പിന്നിട്ടവരുടെ ഓര്‍മ്മകളിലെവിടെയെങ്കിലും കെ.കെ. മുഹമ്മദ് ഉണ്ടാകും. മതന്യൂനപക്ഷ രാഷ്ട്രീയ പരിസരം ശ്രദ്ധിച്ചവരാണെങ്കില്‍ കെ.കെ. അവരുടെയെല്ലാം ജീവിതത്തിലെ നിറസാന്നിധ്യമായിരിക്കും. അതൊരുപക്ഷേ, കേരളത്തിലെ ഏതെങ്കിലും ചെറിയ പ്രദേശത്തെ സായാഹ്ന പൊതുയോഗത്തിലെ പ്രസംഗകനായിട്ടാകാം, അല്ലെങ്കില്‍ വലിയ രാഷ്ട്രീയ യോഗങ്ങളുടെ മുഖ്യപങ്കാളിയായിട്ടാകാം, അതുമല്ലെങ്കില്‍ ആദരണീയരായ ലീഗ് നേതാക്കള്‍ക്കൊപ്പമാകാം. ഏതെങ്കിലും രാഷ്ട്രീയ ചലനങ്ങളുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളിലുമാകാം.

മുസ്ലിം സമൂഹത്തിന് ഇന്നത്തെ മട്ടില്‍ യുവജന സംഘടനകളൊന്നുമില്ലാത്ത കാലത്ത് അങ്ങനെയൊന്ന് സ്ഥാപിതമാവുകയും (മുസ്ലിം യൂത്ത് ലീഗ്, 1974 കാലം), കെ.കെ. അതിന്റെ പ്രസിഡന്റാവുകയും ചെയ്തുവെന്നത് വലിയൊരു ചരിത്രസന്ധിതന്നെയായി തിരിച്ചറിയേണ്ടതാണ്. യൂത്ത് ലീഗ് രൂപീകരണവും പ്രഥമ സമ്മേളനവുമെല്ലാം വിവാദമായതുപോലും ചരിത്രത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളായി മാത്രമേ ഇന്നനുഭവപ്പെടുകയുള്ളൂ. അതൊക്കെ അനിവാര്യമായ ചില കലങ്ങിത്തെളിയലുകള്‍ മാത്രം. 'സോദരര്‍ തമ്മിലെ പോരൊരു പോരല്ല, സൗഹൃദത്തിന്റെ കെട്ടിമറിയലാണെന്ന്' കാലം തെളിയിച്ച സംഭവഗതികള്‍. സജീവത നിലനിര്‍ത്തുന്ന ഏത് സമൂഹത്തിലും അനിവാര്യമായ കാര്യങ്ങള്‍ മാത്രമേ അന്ന് നടന്നുള്ളൂ. യുവജന സംഘടനാ തുടക്കത്തിന്റെ പ്രാധാന്യം അതൊന്നുമായിരുന്നില്ല. മതപരമായ പരിസരത്ത് ജീവിക്കുക എന്നത് ജീവല്‍പ്രധാനമായി വിശ്വസിക്കുന്ന ഒരു സമൂഹത്തെ അന്യപ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയത്തിന്റെയും മലിന കൈകളില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതില്‍ ആ സംഘടന ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ അടിയുറച്ചുനിന്ന് നിര്‍വ്വഹിച്ച ചരിത്രദൗത്യമാണ് പ്രധാനം. കെ.കെ.യും സഹപ്രവര്‍ത്തകരും സാത്വികതയോടെ കൊണ്ടുനടന്ന സംഘടന കഴിഞ്ഞ പതിറ്റാണ്ടില്‍ വഹിച്ച പങ്ക് എത്രയെന്ന് അളക്കാനുള്ള മാപിനിയൊന്നും ഇനിയും കണ്ടെത്തിയിട്ടില്ല. ഒരു കാര്യം കാലം സാക്ഷിയാണ്, എല്ലാവരും സമ്മതിക്കും; കേരളത്തിലെ മതന്യൂനപക്ഷ യുവജന മുന്നേറ്റത്തിന്റെ മുന്നില്‍ നടന്നയാളാണ് കെ.കെ.

കോണ്‍ഗ്രസ്സില്‍ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ തലമുറയും, സി.പി.എമ്മില്‍ പിണറായി വിജയന്‍, സി. ഭാസ്‌കരന്‍ (ഇന്നില്ല) എന്നിവരുടെയെല്ലാം തലമുറയും അവരുടെ മേഖലയില്‍ നിര്‍വ്വഹിച്ച ദൗത്യം മതന്യൂനപക്ഷപക്ഷത്തുനിന്ന് കെ.കെ.യെപ്പോലുള്ളവരും നിര്‍വ്വഹിച്ചു. സ്വതസിദ്ധമായ ഗ്രാമ്യവിശുദ്ധിയും കലര്‍പ്പറ്റ നിഷ്‌കളങ്കതയും കാരണം കടന്നുപോയ വഴികളില്‍ ബഹളങ്ങളുടെ അടയാളങ്ങള്‍ ബാക്കി വെച്ചയാളല്ല അദ്ദേഹം. ലീഗിലെ പിളര്‍പ്പിനുപോലും വര്‍ദ്ധിതവീര്യം പകര്‍ന്ന യൂത്ത് ലീഗ് പ്രഥമ സമ്മേളനകാലത്ത് അമരത്തിരുന്ന കെ.കെ., പി.കെ. പിലാക്കണ്ടി എന്നിവര്‍ ജനസമൂഹത്തിന്റെ മനസ്സില്‍ മുദ്രപോലെ പതിഞ്ഞുപോയ പേരുകളായിരുന്നു. ഇന്നു നമ്മോടൊപ്പമില്ലാത്ത പിലാക്കണ്ടി മുഹമ്മദലി തന്റെ പൈതൃക സമ്പത്തുകൊണ്ടും വ്യക്തിസൗന്ദര്യത്താലും തിളങ്ങിയെങ്കില്‍, പി.കെ. മുഹമ്മദ് എന്ന മാന്യസാഹിബിന്റെ തീവ്ര ആദര്‍ശ നിലപാടുകളും എഴുത്തിന്റെയും പ്രസംഗത്തിന്റെയും മൂര്‍ച്ചയുമായിരുന്നു അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്. ഇവര്‍ക്കൊപ്പമെല്ലാം തലയുയര്‍ത്തി നില്‍ക്കാന്‍ കെ.കെ.യുടെ കൈമുതല്‍ സവിശേഷമായ അദ്ദേഹത്തിന്റെ വ്യക്തിത്വം മാത്രമായിരുന്നു. ഒളവിലത്തിന്റെ ഗ്രാമീണ ഭംഗിയും പെരിങ്ങത്തൂര്‍ പുഴയുടെ ശാന്തഭാവവും ജീവിതത്തിലും കൊണ്ടുനടക്കുന്ന ഒരാള്‍. പ്രതിഭാധാരളിത്യമോ അതിന്റെ ഭാവഹാവാദികളോ അദ്ദേഹത്തിന് ഭാരമായില്ല. എന്നാലോ, ഇപ്പറഞ്ഞതൊക്കെയുള്ളവരേക്കാള്‍ കെ.കെ. നേതൃരംഗത്ത് കഴിവ് തെളിയിച്ചു; ഏറ്റെടുത്ത രംഗത്തൊക്കെ ജയിച്ചുനിന്നു.

പഠനാനന്തരം പാലക്കാട്ടേക്ക് ബിസിനസ് ആവശ്യത്തിന് പറഞ്ഞയച്ച കെ.കെ.യെ സംഘടനാ പ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് മറ്റാരുമായിരുന്നില്ല; കേരളത്തിന്റെ മതന്യൂനപക്ഷ രാഷ്ട്രീയത്തിന് ഇസ്ലാമിക വിശ്വാസത്തിന്റെ സുഗന്ധം പകര്‍ന്ന, രാഷ്ട്രീയവിശുദ്ധി തപസ്യയാക്കിയ സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളായിരുന്നു. തങ്ങളെ അടിമുടി പിന്തുടര്‍ന്ന കെ.കെ.യെ പാലക്കാട്ടെ 'ചന്ദ്രിക' കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പ്പിച്ചത് സി.എച്ച്. മുഹമ്മദ് കോയയായിരുന്നു. ബാഫഖി തങ്ങള്‍ എന്തുപറയുന്നുവോ അതായിരുന്നു അദ്ദേഹത്തിന്റെ വഴിയും വെളിച്ചവും. പാലക്കാട്ടെ 'ചന്ദ്രിക' / ലീഗ് ജീവിതത്തിലും കെ.കെ.യുടെ വ്യക്തിത്വം പ്രൗഢമായി അടയാളപ്പെട്ടു കിടക്കുന്നുണ്ട്. പാലക്കാട്ടെ ലീഗിന് കണ്ണൂര്‍-മാഹി പ്രദേശങ്ങളില്‍ നിന്ന് വ്യാപാര ആവശ്യത്തിനെത്തിയ വ്യക്തികളുടെ പങ്ക് പണ്ടേ ശ്രദ്ധേയമാണ്. 'ചന്ദ്രിക'യ്ക്കും ലീഗിനും പാലക്കാട്ട് കെ.കെ. നല്‍കിയ സംഭാവനകള്‍ എത്രയോ തലമുറകള്‍ക്ക് ശേഷവും തിളങ്ങിനില്‍ക്കുന്ന കാര്യമാണെന്ന് അവിടെയുള്ളവര്‍ ഇപ്പോഴും സമ്മതിക്കും. പാലക്കാട്ടുകാരനായ ബി.ജെ.പി നേതാവ് ഒ. രാജഗോപാലിനോടൊന്ന് സംസാരിച്ചാലറിയാം, കെ.കെ. പാലക്കാട്ട് ഉണ്ടാക്കിയെടുത്ത വ്യക്തിമഹത്വം മനസ്സിലാക്കാന്‍.

മാഹിയില്‍ 'ചന്ദ്രിക' ലേഖകന്‍ എന്ന നിലയ്ക്ക് കൈവരിച്ച വിജയമായിരിക്കാം, ബിസിനസ് ആവശ്യത്തിന് പോയ കെ.കെ.യെ പാലക്കാട് ലേഖകനാക്കാന്‍ സി.എച്ചിനെ പ്രേരിപ്പിച്ചത്. സംഘടനാ പ്രവര്‍ത്തനവും പാര്‍ട്ടി പ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോയ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാന്‍, പി.എം. അബൂബക്കര്‍ എന്നിവര്‍ എടുത്തുപറയേണ്ട പേരുകളാണ്. 'ചന്ദ്രിക'യിലെ ജോലിക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവും കെ.കെ. കൊണ്ടുനടന്നത് ഇവരുടെയെല്ലാം വഴി പിന്തുടര്‍ന്നായിരുന്നു. 'ചന്ദ്രിക' കോഴിക്കോട് ബ്യൂറോയുടെ ചുമതലയും സംസ്ഥാന ലീഗ് കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയുടെ ജോലിയും ഒരേസമയം നോക്കി നടത്താന്‍ കെ.കെ.യ്ക്ക് സാധിച്ചു. മുഖ്യ രാഷ്ട്രീയ കക്ഷികളിലൊന്നായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ഓഫീസ് കാര്യങ്ങള്‍ നോക്കുന്നത് ഏറെ സങ്കീര്‍ണ്ണത നിറഞ്ഞ ജോലിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കെ.കെ.യിലെ സാത്വികന്‍ ആ ജോലിയും പരാതിരഹിതമായി നിര്‍വ്വഹിച്ചു.

കോഴിക്കോട് റിപ്പോര്‍ട്ടറായി ചേര്‍ന്ന എഴുപതുകളില്‍ കെ.കെ.യായിരുന്നു 'ചന്ദ്രിക' ബ്യൂറോ ചീഫ്. നിരന്തരമായ ഇടപെടലും വെറുപ്പിക്കലുമില്ലാതെ എങ്ങനെ 'ചന്ദ്രിക' പോലൊരു പത്രത്തിന്റെ ബ്യൂറോ നോക്കി നടത്താമെന്ന് അന്നദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. ഒരു ഉദാഹരണം; കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റുകളുടെ വലിയ സമ്മേളനം നടക്കുന്നു. രീതിയനുസരിച്ച് ബ്യൂറോ ചീഫ് ഉടനീളം നേരിട്ട് പങ്കെടുക്കേണ്ട മുഖ്യപരിപാടി. ഒരുപാട് പാര്‍ട്ടി ചുമതലകളുള്ള കെ.കെ.യ്ക്ക് അത് സാധ്യമായിരുന്നില്ല. അദ്ദേഹം ജൂനിയറായ എന്നെ ചുമതലപ്പെടുത്തുമ്പോള്‍, 'മോനേ' എന്ന സ്‌നേഹതലോടലിന് ശേഷം ഇത്രയുമേ പറഞ്ഞുള്ളൂ, 'കവറേജ് നന്നാക്കണം കേട്ടോ. വലിയ വലിയ നേതാക്കള്‍ വരുന്ന പരിപാടിയാണ്.' അതെ, ശരിക്കും വലിയ നേതാക്കളെത്തിയ സോഷ്യലിസ്റ്റ് സമ്മേളനമായിരുന്നു അത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെയും എന്നത്തെയും പ്രധാന നേതാക്കളായ അരങ്ങില്‍ ശ്രീധരന്റെയും, കെ.കെ. അബു സാഹിബിന്റെയും (പിന്നീട് ലീഗ്), എം.പി. വീരേന്ദ്രകുമാറിന്റെയും ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തിലേക്കെത്തിയ നേതൃനിരയെ മുഴുവന്‍ ആവുംവിധമെല്ലാം കവര്‍ ചെയ്യാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസം പിന്നീടുള്ള തൊഴില്‍ ജീവിതത്തില്‍ തെല്ലൊന്നുമല്ല ഇതെഴുതുന്നയാളെ സഹായിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ അന്നുണ്ടായിരുന്ന മാധവനുമായി (മാധവന്‍ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നു) സഹകരിച്ച് അന്ന് നടത്തിയ സമ്മേളന കവറേജ് ഘട്ടത്തില്‍ രാജ്നാരായണനെയും, യശ്വന്ത് സിന്‍ഹയെയും, ജോര്‍ജ് ഫെര്‍ണാണ്ടസിനെയുമെല്ലാം നേരില്‍ കണ്ടതിന്റെ കൗതുകം ഇപ്പോഴുമുണ്ട് മനസ്സ് നിറയെ. സ്വാര്‍ത്ഥവികാരം നയിക്കുന്ന വ്യക്തിയായിരുന്നു കെ.കെ.യെങ്കില്‍ ഇങ്ങനെയൊരവസരം എനിക്കന്ന് ലഭിക്കുമായിരുന്നില്ല. അതായിരുന്നു കെ.കെ.യുടെ രീതി.

ചീഫായും നേതാവായുമെല്ലാമിരുന്ന അദ്ദേഹം സഹപ്രവര്‍ത്തകരുടെ വിശ്വാസം നേടി. ഇതുകാരണം കാര്യങ്ങള്‍ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. കല്‍പിക്കുന്ന പത്രാധിപരോ ബ്യൂറോ ചീഫോ ആയിരുന്നില്ല കെ.കെ. എന്തുചെയ്യണമെന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് നടപ്പാക്കിയിരുന്ന റസിഡന്റ് എഡിറ്ററെയും പത്രാധിപരെയും ചന്ദ്രിക സഹജീവിതകാലത്ത് കണ്ടു. പുതിയ പല പരീക്ഷണങ്ങള്‍ക്കും 'ചന്ദ്രിക'യുടെ കൊച്ചി എഡിഷനില്‍ തുടക്കം കുറിക്കാന്‍ സാധിച്ചത് അദ്ദേഹം കൊച്ചി എഡിഷന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു. കൊല്ലം ടി.കെ.എമ്മില്‍ എന്‍ജിനീയറിങ് പഠിക്കാന്‍ ചേരണമെന്നാഗ്രഹിച്ചയാളായിരുന്നു താനെന്ന് കെ.കെ. എഴുതിയിട്ടുണ്ട്. എന്‍ജിനീയറിങ് പാസ്സായി ലോകത്തെവിടെയെങ്കിലും വലിയ പദവികളിലിരിക്കേണ്ടിയിരുന്ന അദ്ദേഹം ചെന്നെത്തിയത് പത്രപ്രവര്‍ത്തനവുമായി ചേര്‍ത്തുവെച്ച പൊതുപ്രവര്‍ത്തന രംഗത്തായിരുന്നു. സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ച വിജയി.

ചില മനുഷ്യര്‍ അങ്ങനെയൊക്കയാണ്. അവര്‍ പദവി വഹിക്കുന്ന സ്ഥാപനങ്ങളിലേക്കും സംഘടനയിലേക്കും എല്ലാം അനുഗ്രഹം ആരുമറിയാത്ത വഴികളില്‍ കയറിക്കയറി വരും. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ക്കൊപ്പം എപ്പോഴും സഞ്ചരിച്ച കെ.കെ.യിലേക്ക് അദ്ദേഹത്തിന്റെ കുലീനമായ മതജീവിതവും സല്‍പെരുമാറ്റ രീതികളും നിഷ്ഠതെറ്റാതെ പകര്‍ന്നെത്തിയിരുന്നു. കുടുംബാന്തരീക്ഷത്തില്‍ നിന്ന് ലഭിച്ച മത-ധാര്‍മ്മിക ശിക്ഷണവും ബാഫഖി തങ്ങളുടെ മാതൃകയും ജീവിതത്തിലുടനീളം കൂടെയുണ്ടായിരുന്നതിനാല്‍ കെ.കെ.യൊരു ജയിച്ച വ്യക്തിത്വമായി. ആ ജയത്തിന്റെ സദ്ഫലങ്ങള്‍ അദ്ദേഹം ഇടപെട്ടയിടങ്ങളുടെയും സൗഭാഗ്യമായത് സ്വാഭാവികം.
(ടി.പി. ചെറൂപ്പയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'സുകൃതം' എന്ന ജീവചരിത്ര കൃതിയില്‍ (2019) പ്രസിദ്ധീകരിച്ച കുറിപ്പ്)

Latest News

ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026
 2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും
2026 ലോകകപ്പ് വേദിയില്‍ ചരിത്രം കുറിച്ച് അറബ് താരങ്ങള്‍; ഉദ്ഘാടനച്ചടങ്ങില്‍ തിളങ്ങി നോറ ഫത്തേഹിയും എലിയാനയും
June 13, 2026

Related News