ആലുവ: മഹല്ലുകളുടെ വിഭവശേഷി സമൂഹ നന്മക്ക് ഉപകരിക്കും വിധം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് മഹല്ലുകള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ തയാറാകണമെന്ന് പ്രമുഖ പണ്ഡിതന്‍ അലിയാര്‍ ഖാസിമി അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ വിഭവശേഷി പല മഹല്ലുകള്‍ക്കും ഉണ്ട്. അവ സമൂഹത്തിന് ഉപകരിക്കും വിധം പ്രയോജനപ്പെടുത്തുന്നതില്‍ ഇന്നും നാം പിന്നിലാണ്. ഈ അവസ്ഥക്കു മാറ്റം ഉണ്ടായാല്‍ മാത്രമെ സമുദായം നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാനും പൊതു സമൂഹത്തില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. തണല്‍ ദയ റിഹാബലിറ്റേഷന്‍ ട്രസ്റ്റ് നെടുമ്പാശ്ശേരി ഗ്രാന്റ്മ ഹോം ശ്രീമൂലനഗരത്ത് സംഘടിപ്പിച്ച മഹല്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറു കണക്കിന് നിരാശ്രയര്‍ക്ക് ആശ്രയം നല്‍കുന്ന തണല്‍പോലുള്ള സ്ഥാപനങ്ങളെ വിഭാഗീയതകള്‍ക്കതീതമായി പിന്തുണക്കാന്‍ എല്ലാവരും തയാറാകണം. ജാതിമത ഭേദമന്യേഎല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്പെടുംവിധം ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാവേണ്ടത് സമൂഹ നന്മക്ക് ആവശ്യമാണെന്നും അലിയാര്‍ ഖാസിമി കൂട്ടിച്ചേര്‍ത്തു.
തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഐ സമദ് സ്വാഗതം പറഞ്ഞു. ടി.കെ അബ്ദുല്‍ സലാം തണലിനെ പരിചയപ്പെടുത്തി വിഷയാവതരണം നടത്തി. നിരാശ്രയരും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും വിവിധ രോഗങ്ങളാല്‍ ശാരീരിക പ്രയാസം നേരിടുന്നവരുമായ 45ഓളം സ്ത്രീകള്‍ക്ക് തണല്‍ നിലവില്‍ ആശ്രയം നല്‍കുന്നുണ്ടെന്നും ഓരോ മഹല്ലുകളുടെയും പരിധിയില്‍വരുന്ന ഇത്തരത്തില്‍പ്പെട്ട അര്‍ഹരായവര്‍ക്ക് പ്രവേശനം നല്‍കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം മഹല്ലു ഭാരവാഹികളെ അറിയിച്ചു. ആരോരുമില്ലാതെ അവശതയനുഭവിക്കുന്നവര്‍ ഏതു വിഭാഗത്തില്‍പെട്ടവരായിരുന്നോട്ടെ അവര്‍ക്ക് തണലായി മാറേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തര്‍ക്കും ഉണ്ടെന്നും അബ്ദുല്‍ സലാം ഉണര്‍ത്തി. തണല്‍ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റും ചെറുമുഗള്‍ മഹല്ല് പ്രസിഡന്റുമായ എന്‍.വി.സി അഹമ്മദ്, മറ്റു മഹല്ലുകളുടെ ഭാഹവാഹികളും സാമൂഹ്യ പ്രവര്‍ത്തകരുമായ സി.വി മീരാന്‍, സി.കെ അമീര്‍, അന്‍വര്‍ ഫിറോസ്, കെ.ബി കാസിം, സി.എം അസ്‌കര്‍, ഹംസകോയ, അബ്ദുറസാഖ്, ടി.ബി ഹസൈനാര്‍, ഷെരീഫ് പുത്തന്‍പുര തുടങ്ങിയവര്‍ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. അര്‍ഷദ് ഖാദര്‍ ഖിറാഅത്തും മുഹ് യിദ്ദീന്‍ ബാഖവി സമാപന പ്രഭാഷണവും പ്രാര്‍ഥനയും നടത്തി.
ഫോട്ടോ: ശ്രീമൂലനഗരം തണല്‍ ഗ്രാന്റമ ഹോം സംഘടിപ്പിച്ച മഹല്ല് ഭാരവാഹികളുടെ സംഗമം അലിയാര്‍ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു.
Related News