കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ശിക്ഷിച്ച രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവരാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കാന്‍ സാധ്യതയുണ്ട്.
വിചാരണ കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകള്‍ ഇല്ലാതെയാണെന്നാണ് പ്രതികളുടെ വാദം. ഒന്നാം പ്രതി നടത്തിയ ബലാത്സംഗശ്രമത്തിന് സഹായം നല്‍കിയിട്ടില്ലെന്നും കേസിന്റെ ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളികളല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, കേസിലെ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിന് തന്റെ പാസ്പോര്‍ട്ട് തിരികെ ലഭിക്കും. വിചാരണ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ജാമ്യബോണ്ടുകള്‍ അവസാനിച്ചതായി കോടതി നിരീക്ഷിച്ചു.
പുതിയ സിനിമയുടെ പ്രമോഷന്‍ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് അദ്ദേഹം പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഈ സുപ്രധാന തീരുമാനം.
Related News