റിയാദ്: ഏഷ്യന്‍ ഫുട്‌ബോളിലെ 16 വമ്പന്‍ ടീമുകള്‍ അണിനിരക്കുന്ന എ.എഫ്.സി അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാം പതിപ്പിന് സൗദി അറേബ്യയില്‍ വേദിയൊരുങ്ങുന്നു. 2026 ജനുവരി 6 മുതല്‍ 24 വരെ റിയാദ്, ജിദ്ദ നഗരങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ഔദ്യോഗികമായി തുടക്കമായി. വരാനിരിക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പിന് മുന്നോടിയായാണ് സൗദി ഈ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
സാധാരണക്കാര്‍ക്കും ഗാലറിയിലെത്തി കളി കാണാന്‍ സാധിക്കുന്ന തരത്തില്‍ 15 റിയാല്‍ , 75 റിയാല്‍ (പ്രീമിയം) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഉദ്ഘാടന മത്സരവും ഫൈനലും ജിദ്ദ പ്രിന്‍സ് അബ്ദുല്ല അല്‍ ഫൈസല്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമി ഫൈനലുകള്‍ക്ക് ജിദ്ദ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി വേദിയാകും. റിയാദിലെ രണ്ട് സ്റ്റേഡിയങ്ങളിലായി 12 മത്സരങ്ങളും നടക്കും.
ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (AFC) വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ സ്വന്തമാക്കാം. ആരാധകര്‍ക്ക് സുഗമമായി സ്റ്റേഡിയങ്ങളില്‍ എത്തിച്ചേരാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കുള്ള ബുക്കിങ് ആണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
Related News