ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കേന്ദ്ര ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെച്ച് കേസില്‍ മാപ്പുസാക്ഷി ആകണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇലക്ഷന്‍ കമ്മീഷണര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെന്നും എന്നാല്‍ ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ വ്യക്തി അദ്ദേഹമല്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്യാനേഷ് കുമാറിന് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ പദവിയില്‍ തുടരില്ലെന്ന് താന്‍ നേരിട്ട് പറയുകയാണെന്നും ഈ പോരാട്ടം അദ്ദേഹത്തിന് എതിരെയല്ല, മറിച്ച് അദ്ദേഹത്തെ നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ക്കെതിരെയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ സുപ്രീം കോടതിയിലേക്ക് 'ചലോ ഡല്‍ഹി, മാര്‍ച്ച് ഫോര്‍ ഡെമോക്രസി' എന്ന പേരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 1.30-ഓടെ കനോട്ട് പ്ലേസ്-ബരാഖംബ റോഡ് ജംഗ്ഷനില്‍ ഒത്തുകൂടിയ നേതാക്കള്‍ ഉച്ചയ്ക്ക് 3 മണിയോടെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഭരണഘടനയെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ഭരണഘടന അപകടത്തിലാണെന്ന് വിശ്വസിക്കുന്ന ബി.ജെ.പി അനുഭാവികള്‍ക്ക് പോലും ഈ മാര്‍ച്ചില്‍ പങ്കുചേരാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 200-ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിപക്ഷവുമായി ബന്ധപ്പെടുന്നുണ്ടെന്നും വിവരങ്ങള്‍ കൈമാറുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളും സംരക്ഷിക്കപ്പെടുകയും ഇലക്ഷന്‍ കമ്മീഷണറെ പുറത്താക്കുകയും ഇലക്ടറല്‍ സിസ്റ്റം പരിഷ്‌കരിക്കുകയും ചെയ്യുന്നതുവരെ രാജ്യത്തെ യുവജനങ്ങളുടെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ജനങ്ങളെത്താതിരിക്കാന്‍ ഡല്‍ഹിയെ പൂട്ടിയിട്ടിരിക്കുകയാണെന്നും നഗരത്തെ കോട്ടപോലെയാക്കി മാറ്റുകയും മുപ്പതിനായിരത്തോളം പൊലീസുകാരെ വിന്യസിക്കുകയും ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ചെറുപ്പക്കാരായ പ്രക്ഷോഭകരെ എന്തിന് തടയണമെന്നും മര്‍ദ്ദിക്കണമെന്നും പോലീസുകാര്‍ പോലും ഇപ്പോള്‍ ചോദിക്കുന്നുണ്ടെന്നും ഇത് സര്‍ക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് രാഹുല്‍ ഗാന്ധിയോ നരേന്ദ്ര മോദിയോ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് രാജ്യത്തിന്റെയും ഭരണഘടനയുടെയും ഭാവി സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ തീരുമാനങ്ങളില്‍ മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതിപക്ഷം സമരം കടുപ്പിച്ചത്. എന്നാല്‍ കമ്മീഷനുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും നടപടികള്‍ നിയമവിധേയമാണെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.