ജിദ്ദ കെ.എം.സി.സി കായിക വിഭാഗം സംഘടിപ്പിച്ച ഇ.അഹമ്മദ് സാഹിബ് മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ പാലക്കാട് കെഎംസിസി ജില്ലാതല മത്സരങ്ങളില്‍ ജേതാക്കളായി. ക്ലബ്ബ് വിഭാഗത്തില്‍ കംഫെര്‍ട്ട് ട്രാവെല്‍സ് റീം എഫ് സിയും, ജൂനിയര്‍ വിഭാഗത്തില്‍ ജെ.എസ്.സി അക്കാദമിയും വിജയിച്ചു.
ആവേശകരമായ ജില്ലാതല ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ദേശീയ അന്തര്‍ദേശീയ താരങ്ങളെ അണിനിരത്തിയാണ് മത്സരത്തിനിറങ്ങിയത്. മുന്‍ ഇന്ത്യന്‍ താരം വി.പി. സുഹൈറിന്റെ നേതൃത്വത്തിലുള്ള പാലക്കാട് കെ.എം.സി.സി, ശക്തമായ പ്രകടനത്തിലൂടെ കണ്ണൂര്‍ കെ.എം.സി.സിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ആക്രമിച്ചു കളിച്ച പാലക്കാട് കെ.എം.സി.സി എതിര്‍ ഗോള്‍മുഖത്ത് നിരവധി അവസരങ്ങള്‍ക്ക് വഴിതുറന്നു. കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ വി.പി. സുഹൈര്‍ ആദ്യ ഗോള്‍ നേടി പാലക്കാടിനായി അക്കൗണ്ട് തുറന്നു. തുടര്‍ന്ന് ഉണര്‍ന്നുകളിച്ച കണ്ണൂര്‍ കെ.എം.സി.സി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ആദ്യപകുതില്‍ ലഭിച്ച മറ്റൊരു സുവര്‍ണ്ണാവസരം അനായേസേനെ വലയിലെത്തിച്ച് സുഹൈര്‍ തന്റെ രണ്ടാം ഗോള്‍ നേടി. രണ്ടാം പകുതിയില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത കണ്ണൂര്‍ നിലയുറപ്പിച്ചെങ്കിലും പാലക്കാടിന്റെ തേരോട്ടമാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. മനോരമായ ഒരു ഹെഡിലൂടെ വി.പി സുഹൈര്‍ ഹാട്രിക്ക് നേടിയതോടെ മത്സരചിത്രം ഏറെക്കുറെ പൂര്‍ണ്ണമായി. നിമിഷങ്ങള്‍ക്കകം ഫൈനല്‍ വിസില്‍ വന്നതോടെ, പ്രഥമ ഇ-അഹമ്മദ് സാഹിബ് മെമ്മോറിയല്‍ ട്രോഫിയില്‍ മുത്തമിട്ടു ചരിത്രം പാലക്കാട് ടീം കുറിച്ചു. കഴിഞ്ഞ മാസം റിയാദ് കെ.എം.സി.സി ടൂര്‍ണമെന്റിലും വിജയിയായിരുന്നു പാലക്കാട് ജില്ലാ ടീം. ഈ ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല ആരാധകരുള്ള ടീമായ പാലക്കാട് കെഎംസിസി, അവരുടെ വിജയം ഗ്രൗണ്ടില്‍ നിറഞ്ഞാഘോഷിച്ചു. പാലക്കാടിന്റെ വി.പി സുഹൈറിനെ ഫൈനല്‍ മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജില്ലാതല മത്സരത്തിലെ മികച്ച ഗോള്‍കീപ്പറായി ടീം പാലക്കാടിന്റെ ആഷിഖിനെ തിരഞ്ഞെടുത്തു. ഏറ്റവും നല്ല ഡിഫെന്‍ഡറായി പാലക്കാട് കെഎംസിസിയുടെ സാനിഷിനെയും ടൂര്ണമെന്റിലെ ബെസ്റ്റ് ഫോര്‍വേഡായി പാലക്കാട് കെഎംസിസിയുടെ വിപി സുഹൈറിനെയും തിരഞ്ഞെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലിലും, സെമിയിലും ഇരട്ട ഗോളുകള്‍ നേടിയ കണ്ണൂരിന്റെ ഹാസിമാണ് ജില്ലാതല മത്സരങ്ങളിലെ ടോപ്‌സ്‌കോറര്‍. ജില്ലാതല മത്സരങ്ങളിലെ ഫെയര്‍പ്ലേ അവാര്‍ഡിന് ടീം സൗത്ത് സോണാണ് അര്‍ഹരായത്.
ക്ലബ്ബ് വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ കംഫോര്‍ട്ട് ട്രാവല്‍സ് റീം എഫ് സി, ബിറ്റ്-ബോള്‍ട്ട് എഫ്.സിയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ബോര്‍ഡിലെ അക്കങ്ങള്‍ക്കപ്പുറം ഈ ടൂര്‍ണമെന്റിലെ മനോഹരമായ ഒരു മത്സരങ്ങളിലൊന്നായിരുന്നു റീം, ബിറ്റ് ബോള്‍ട്ട് മത്സരം. ആക്രമിച്ചു കളിച്ച റീം എഫ്സിക്കുവേണ്ടി ജിതിന്‍, ഗോകുല്‍, അമല്‍, ജൈസല്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടിയപ്പോള്‍, ജിബിനാണ് ബിറ്റ്‌ബോള്‍ട്ടിനുവേണ്ടി ഗോള്‍ നേടിയത്. മികച്ച പ്രകടനം കാഴ്ചവെച്ച റീം എഫ്.സിയുടെ ജിതിനെ ഫൈനല്‍ മത്സരത്തിലെ മികച്ചതാരമായി തിരഞ്ഞെടുത്തു. ബിറ്റ് ബോള്‍ട്ട് എഫ് സിയുടെ ഷിബിലിയെ ക്ലബ്ബ് വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്തു. റീം എഫ് സിയുടെ ഗോകുലാണ് ഏറ്റവും നല്ല ഡിഫെന്‍ഡര്‍. ടൂര്ണമെന്റിലെ ബെസ്റ്റ് ഫോര്‍വേഡായി റീം എഫ് സിയുടെ ജിബിന്‍ വര്‍ഗ്ഗീസിനെ തിരഞ്ഞെടുത്തു. ബിറ്റ് ബോള്‍ട്ട് എഫ് സിക്ക് തന്നെയാണ് ക്ലബ്ബ് വിഭാഗത്തിലെ ഫെയര്‍ പ്ലേ അവാര്‍ഡും ലഭിച്ചത്.
ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ജെ എസ് സി അക്കാദമി, സോക്കര്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സോക്കര്‍ എഫ് സിക്കുവേണ്ടി യാസീന്‍ ഒരുഗോള്‍ നേടിയപ്പോള്‍, ബോജര്‍, റിസ്വാന്‍ എന്നിവരാണ് ജെ എസ് സിക്കു വേണ്ടി ഗോളുകള്‍ നേടിയത്. ജെ എസ് സിയുടെ റിസ്വാനാനെ ഫൈനലിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പറായി ജെ എസ് സിയുടെ ഫുസൈലിനെ തിരഞ്ഞെടുത്തു. ജെ എസ് സിയുടെ മുആസാണ് ജൂനിയര്‍ വിഭാഗത്തിലെ ഏറ്റവും നല്ല ഡിഫെന്‍ഡര്‍. ഈ ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായി സോക്കര്‍ എഫ് സിയുടെ യാസീനെ തിരഞ്ഞെടുത്തു.
ഫൈനല്‍ മല്‍സര ഉല്‍ഘാടന ചടങ്ങ് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ചെയര്മാന്‍ കാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് റസാക്ക് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും ട്രസ്സ്റര്‍ വി.പി അബ്ദുറഹ്‌മാന്‍ നന്ദിയും പറഞ്ഞു.
ഷിവ ചെയര്മാന് വി. പി. മുഹമ്മദലി, സാലിഹ് എബിസി കാര്‍ഗോ, ശരീഫ് കെ എഫ് ബി, ജോയ് മൂലന്‍ വിജയ് മസാല, കെഎംസിസി ചെയര്മാന് ഇസ്മയില്‍ മുണ്ടക്കുളം, ഹര്‍ഷാദ് അല്‍ വഫ ഹൈപ്പര്‍ മാര്‍ക്കറ്റ്, സുനീര്‍ അര്‍ക്കാസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട റീല്‍സിന്റെ ഉടമ എന്ന നിലക്ക് ലോക റെക്കോര്‍ഡ് (ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രകാരം) ഉടമ റിസ്വാന്‍ ഫ്രീസ്‌റ്റൈല്‍ (Riswan Freestyle) കളിക്കളത്തില്‍ ഫുട്‌ബോള്‍ ഉപയോഗിച്ച് നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളും, കെഎംസിസി വനിത വിങ് സംഘടിപ്പിച്ച ഒപ്പനയും കാണികള്‍ക്ക് ഇരട്ടി മധുരമായി.
കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് ഞാറക്കൊടന്‍, സുബൈര്‍ വട്ടോളി, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സന്‍ ബത്തേരി, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട്, സിറാജ് കണ്ണവം, ഷകീര്‍ മണ്ണാര്‍ക്കാട്, അഷ്‌റഫ് താഴെക്കോട്, ലത്തീഫ് വെള്ളമുണ്ട തുടങ്ങിയവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി.
Related News