ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് പ്രഖ്യാപിക്കും. ഇത്തവണ തിരഞ്ഞെടുപ്പ് ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ പരിഗണിച്ചാണ് ഘട്ടങ്ങള്‍ കുറയ്ക്കാന്‍ കമ്മീഷന്‍ തീരുമാനമെടുത്തത്. ഭരണകക്ഷിയായ എന്‍.ഡി.എ ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, പ്രതിപക്ഷം രണ്ട് ഘട്ടങ്ങളായി നടത്തണമെന്ന് ആവശ്യപ്പെട്ടു. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. 243 അംഗ ബിഹാര്‍ നിയമസഭയുടെ കാലാവധി നവംബര്‍ 22-ന് അവസാനിക്കും.
തിരക്ക് കുറയ്ക്കുന്നതിനായി ഓരോ പോളിംഗ് ബൂത്തിലും വോട്ട് ചെയ്യാവുന്ന സമ്മതിദായകരുടെ എണ്ണം 1,500-ല്‍ നിന്ന് 1,200 ആയി കുറച്ചു. ഇതോടെ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ദ്ധിക്കും.
ഇലക്ടറല്‍ റോള്‍ പുതുക്കിയതിനെത്തുടര്‍ന്ന് ബിഹാറിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.42 കോടിയായി. 68.5 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കുകയും 21.53 ലക്ഷം പുതിയ പേരുകള്‍ ചേര്‍ക്കുകയും ചെയ്തു.
നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാരും ആര്‍.ജെ.ഡി, കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യവും തമ്മിലാണ് ഇത്തവണത്തെ പ്രധാന മത്സരം. പ്രശാന്ത് കിഷോറിന്റെ 'ജന്‍ സൂരജ്' പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്തുണ്ടാകും.
Related News