ജിദ്ദ: ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് റസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ സിഫ് ഫുട്‌ബോളിലെ കരുത്തരായ എന്‍കംഫര്‍ട് എ സി സി എ ടീം അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയുമായി ഏറ്റുമുട്ടും. ബി ഡിവിഷന്‍ ഫൈനലില്‍ റീം യാസ് എഫ് സി ഡക്‌സോപാക്ക് ന്യൂ കാസില്‍ എഫ്സിയുമായും , വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ അബീര്‍ ഫ്രൈഡേ എഫ് സി അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സുമായും ഏറ്റുമുട്ടും.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സൂപ്പര്‍ ലീഗിലെ നിര്‍ണ്ണായകമായ അവസാന ലീഗ് മത്സരങ്ങളില്‍ എന്‍കംഫര്‍ട് എ സി സി എ ടീം ഏകപക്ഷീയമായ ഒരു ഗോളിന് ചാംസ് സബീന്‍ എഫ് സിയെയും, അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റീം റിയല്‍ കേരളയെയും തോല്‍പ്പിച്ചു. ടൂര്‍ണമെന്റിന്റെ ഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന നിലവിലെ ചാമ്പ്യന്മാരായ ചാംസ് സബീന്‍ എഫ് സി ഐ ലീഗ് താരങ്ങളായ മുഹമ്മദ് റമീഫ്, അബ്ദുല്‍ റഹീം എന്നിവരുടെ നേതൃത്വത്തില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ മികച്ച ആക്രമണ ഫുട്ബാള്‍ കെട്ടഴിച്ചു ഗോളിലേക്കുള്ള ശ്രമങ്ങള്‍ നടത്തി ക്കൊണ്ടിരുന്നെകിലും എ സി സിയുടെ മധ്യനിര നിയന്ത്രിച്ചിരുന്ന ഗോകുലം എഫ് സി നായകന്‍ റിഷാദ്, കേരള ലീഗ് താരം ആസിഫ് ചെറുകുന്നന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറിയ പാസ്സുകളിലൂടെ പതിയെ മത്സരത്തില്‍ ആധിപത്യം നേടുന്നതാണ് കണ്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മൈതാന മധ്യത്തു നിന്നും ലഭിച്ച പന്തുമായി ഒറ്റക്ക് മുന്നേറി പെനാല്‍റ്റി ബോക്‌സിനു പുറത്ത് നിന്നും തൊടുത്ത മനോഹരമായ ഷോട്ട് ഗോള്‍പോസ്റ്റിന്റെ മൂലയിലൂടെ വലയിലേക് കയറുന്നത് നോക്കി നില്‍ക്കാനേ സബീന്‍ എഫ് സി ഗോള്‍കീപ്പര്‍ നിഹാലിന് നിവൃത്തിയുണ്ടായിരുന്നുള്ളു. രണ്ടാം പകുതിയില്‍ വിവേകും സഹീറും നേതൃത്വം കൊടുത്ത സബീന്‍ എഫ് സി യുടെ മുന്നേറ്റ നിര ഗോള്‍മടക്കാന്‍ കഠിനാധ്വാനം തന്നെ നടത്തിയെങ്കിലും സനൂപും ആഷിഖും ഷിഹാബും അണിനിരന്ന ജിദ്ദയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നമായ പ്രതിരോധ നിര യാതൊരു പിഴവും അനുവദിക്കാതെ അര്‍ഹിച്ച വിജയവും ടൂര്‍ണമെന്റിലെ ഫൈനല്‍ പ്രവേശവും സ്വന്തമാക്കി. എ സി സിയുടെ മധ്യനിരയില്‍ കളി നിയന്തിക്കുന്നതിനൊപ്പം മനോഹരമായ ഗോളിലൂടെ വിജയമൊരുക്കുകയും ചെയ്ത റിഷാദ് ആണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ഒ ഐ സി സി റീജിയണല്‍ കമ്മറ്റി പ്രസിഡണ്ട് ഹക്കീം പാറക്കല്‍ മാന്‍ ഓഫ് ദി മാച്ചിനുള്ള വിജയ് മസാല അവാര്‍ഡും കെ എം സി സി പ്രസിഡണ്ട് ഇസ്മായില്‍ മുണ്ടക്കുളം ഷീര ലത്തീന്‍ പുരസ്‌കാരവും സമ്മാനിച്ചു.
ചെന്നൈ എഫ് സി താരം നൗഫല്‍, സന്തോഷ് ട്രോഫി താരം അമീന്‍ കോട്ടകുത് എന്നിവര്‍ ബൂട്ട് കെട്ടിയ റീം റിയല്‍ കേരളയും ഐ ലീഗ് താരങ്ങളായ മുഹമ്മദ് ജിയാദ്, ആഷിഫ് പാലയില്‍ തുടങ്ങി പ്രഗത്ഭ താരനിരയെ അണിനിരത്തിയ അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സിയും തമ്മില്‍ നടന്ന അവസാന ലീഗ് മത്സരവും കാണികള്‍ക്ക് അവസാന വിസില്‍ വരെ ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിച്ചു. വിജയം അനിവാര്യമായ ഇരു ടീമുകളും ഗോളിനായി കിക്കോഫ് മുതല്‍ പൊരുതി കയറിയപ്പോള്‍ മത്സരം തുടക്കം മുതല്‍ രാത്രി വൈകിയും സ്റ്റേഡിയത്തില്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് കാണികള്‍ക്ക് ആവേശമേകി. മികച്ച പന്തടക്കത്തോടെ മധ്യനിരയില്‍ കളി നിയന്ത്രിച്ച റീം റിയല്‍ കേരളക്ക് തന്നെയായിരുന്നു ആദ്യ പകുതിയില്‍ നേരിയ മുന്‍തൂക്കം. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മികച്ച മെയ്വഴക്കത്തോടെയും നൃത്ത ചുവടുകളോടെയും തനിക്കു ചുറ്റും നിന്ന നാല് ബ്ലാസ്റ്റേഴ്സ് താരങ്ങളെ വെട്ടിയൊഴിഞ്ഞു ഗോള്‍ കീപ്പര്‍ക്ക് ഒരവസരവും കൊടുക്കാതെ ഗോള്‍ പോസ്റ്റിനു തൊട്ടുരുമ്മി പോസ്റ്റിലേക്ക് അടിച്ചു കയറ്റി ടൂര്‍ണമെന്റ് കണ്ട മനോഹരമായ ഗോളിലൂടെ ജിബിന്‍ വര്‍ഗീസ് റിയല്‍ കേരളക്ക് ആദ്യ ലീഡ് സമ്മാനിച്ചു. ഇടവേളക്ക് ശേഷം മടങ്ങിയെത്തിയ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും അമീന്‍ കോട്ടകുത്തിന്റെ നേതൃത്വത്തിലുള്ള റിയല്‍ കേരള പ്രതിരോധം ഉറച്ചു നിന്നു. ബ്ലാസ്റ്റേഴ്സ് മധ്യനിര താരം ഫാസില്‍ പരിക്ക് പറ്റി പുറത്തു പോയതും അവര്‍ക്ക് തിരിച്ചടിയായി. റിയല്‍ കേരള പെനാല്‍റ്റി ബോക്സിന് തൊട്ടു മുമ്പില്‍ വെച്ച് വീണ് കിട്ടിയ ബാള്‍ മികച്ചൊരു ഫസ്റ്റ് ടൈം വോളിയിലൂടെ മുഹമ്മദ് ജിയാദ് ബ്ലാസ്റ്റേഴ്‌സിന് സമനില നേടിക്കൊടുത്തു. സമനില ഗോള്‍ വീണതോടെ ഉണര്‍ന്ന് പൊരുതിയ റിയല്‍ കേരള ആക്രമണം ശക്തമാക്കി. തുടര്‍ന്ന് ജിബിന്‍ വര്‍ഗീസിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച ജിതിന്‍ എടുത്ത പെനാല്‍റ്റി കിക്ക് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ മുഹമ്മദ് ജുനൈസ് മനോഹരമായി തട്ടിയകറ്റി. മറുഭാഗത് നബീലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിക്കൊണ്ട് മുഹമ്മദ് ജിന്‍ഷാദ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ പെനാല്‍റ്റി ക്രോസ്സ് ബാറിന് മുകളിലൂടെ പുറത്തേക്കടിച്ചു കളഞ്ഞു മത്സരം സമനിലയില്‍ ആക്കാനും അത് വഴി ഫൈനലില്‍ പ്രവേശിക്കാനുമുള്ള സുവര്‍ണ്ണാവസരം റിയല്‍ കേരള താരങ്ങള്‍ കളഞ്ഞു കുളിച്ചു. ഒരു പെനാല്‍റ്റി ഉള്‍പ്പടെ മികച്ച സേവുകളിലൂടെ ടീമിന് വിജയമൊരുക്കിയ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് ജുനൈസ് ആണ് മത്സരത്തിലെ മികച്ച താരം. ബ്ലൂസ്റ്റാര്‍ ടീം ക്യാപ്റ്റന്‍ മുസ്തഫ ഒതുക്കുങ്ങല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സമ്മാനിച്ചു
ബി ഡിവിഷന്‍ ആദ്യ സെമിഫൈനലില്‍ സൈക്‌ളോണ്‍ മൊബൈല്‍ അക്സെസ്സറിസ് ഐ ടി സോക്കറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു റീം യാസ് എഫ് സി ഫൈനലില്‍ പ്രവേശിച്ചു. സെബാസ്റ്റ്യന്‍ പോള്‍ ആണ് യാസ് എഫ്സിക്ക് വേണ്ടി ഗോള്‍ നേടിയത്. യാസ് എഫ്സിയുടെ ജംസീര്‍ ആണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.
ബി ഡിവിഷന്‍ രണ്ടാം സെമിയില്‍ വെല്‍കണക്ട് ഫ്രണ്ട്സ് ജിദ്ദയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് ടെക്‌സോപാക് ന്യൂ കാസില്‍ എഫ് സി ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. മത്സരത്തിന്റെ മുഴുവന്‍ സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളൊന്നും അടിക്കാതെ സമനില പാലിച്ചതിനെ തുടര്‍ന്ന് ടൈബ്രേക്കറിലൂടെ വിജയികളെ നിശ്ചയിക്കുകയായിരുന്നു. ഫ്രണ്ട്സ് ജിദ്ദ ഗോള്‍കീപ്പര്‍ ഷിബിലിയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്.
സിഫ് സെക്രെട്ടറി ജംഷി കോട്ടപ്പുറം, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ സിറാജ് കോട്ടപ്പുറം, ഖാലിദ് ചെര്‍പ്പുളശ്ശേരി മീഡിയ വണ്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരങ്ങള്‍ സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച്ച നടക്കും. വൈകുന്നേരം ഏഴു മണിക്ക് വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ അബീര്‍ ഫ്രൈഡേ എഫ് സി, അനലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സുമായി ഏറ്റുമുട്ടും. തുടര്‍ന്ന് ബി ഡിവിഷന്‍ ഫൈനലില്‍ റീം യാസ് എഫ് സി ടെക്‌സോപാക് ന്യൂ കാസില്‍ എഫ്സിയുമായും സൂപ്പര്‍ ലീഗിലെ ഗ്രാന്‍ഡ് ഫിനാലെ പോരാട്ടത്തില്‍ സിഫ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായിട്ടുള്ള എന്‍കംഫര്‍ട് എ സി സി എ ടീം സിഫിലെ പ്രമുഖ ശക്തിയായ അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഏറ്റുമുട്ടും.
കാണികള്‍ക്കായി ലക്കി ഡ്രോയിലൂടെ സ്‌കൂട്ടി , ഇലക്ട്രിക്ക് ബൈക്ക്, 62' എല്‍ ഇ ഡി ടെലിവിഷന്‍ തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Related News