'കടന്നാല്‍ കുടുങ്ങി കടമക്കുടി എന്നൊക്കെ ഞങ്ങളുടെ നാടിനെ വിളിച്ചിരുന്ന ഒരു സമയമൊക്കെ ഉണ്ടായിട്ടുണ്ട്... എന്നാല്‍ അതൊക്കെ പഴങ്കഥയായി. ഇപ്പോള്‍ ദേ വാട്ടര്‍ മെട്രോ കൂടി വരാന്‍ പോകുന്നു' നാട്ടുകാരനായ ആന്റണി ഇത് പറയുന്നത് സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ്.
റോഡും, പാലവും, തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ വന്നതോടെ കടമക്കുടിയിലേക്ക് എത്താന്‍ ഇപ്പോള്‍ പഴയ പോലുള്ള ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെയില്ല. വാട്ടര്‍ മെട്രോ കൂടി എത്തുന്നതോടെ നിലവിലുള്ള യാത്രാക്ലേശങ്ങള്‍ക്കു കൂടി പരിഹാരമാകും. ഇന്ന് ആനന്ദ് മഹീന്ദ്ര അടക്കമുള്ള വ്യവസായ പ്രമുഖര്‍ പോലും കാണാന്‍ ആഗ്രഹിക്കുന്ന സ്ഥലമായി കടമക്കുടി മാറിക്കഴിഞ്ഞു.
കൊച്ചി നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് കടമക്കുടി. വലിയ കടമക്കുടി, മുരിക്കല്‍, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂര്‍, കോതാട്, കോരമ്പാടം, കണ്ടനാട്, കണ്ടനാട്, കടമക്കുടി തുടങ്ങി പതിനാല് ചെറു ദ്വീപുകളുടെ സമൂഹമാണ് കടമക്കുടിയില്‍. 14 ദ്വീപുകള്‍ ഒത്തുചേര്‍ന്നതാണ് വാണിജ്യ നഗരത്തിന് നടുക്ക് പ്രകൃതി അണിയിച്ചൊരുക്കിയ ഈ മനോഹര ദ്വീപ് സമൂഹം. നാലുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടതായതിനാല്‍ പുറം ലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് റോഡും പാലവുമടക്കമുള്ള പശ്ചാത്തല സൗകര്യങ്ങള്‍ വന്നതോടെ നാടിന്റെ സ്ഥിതി മാറി. വാട്ടര്‍ മെട്രോ സൗകര്യം കൂടി വരുന്നതോടെ കടമക്കുടിക്ക് മുമ്പില്‍ വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കും. വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കും.
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ടെര്‍മിനലുകളില്‍ കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെ നിര്‍മ്മാണം ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ബോട്ടുകള്‍ ലഭ്യമാക്കി, മറ്റ് അനുബന്ധ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷാവസാനത്തോടെ രണ്ട് ടെര്‍മിനലുകള്‍ പ്രവര്‍ത്തന സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് എന്നീ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളംകുന്നപ്പുഴ, മൂലമ്പിള്ളി എന്നീ ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയുമാണ്. 2023 ഏപ്രില്‍ 25 ന് പ്രവര്‍ത്തനമാരംഭിച്ച വാട്ടര്‍ മെട്രോ നിലവില്‍ ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈക്കോര്‍ട്ട്-ഫോര്‍ട്ട്‌കൊച്ചി റൂട്ടിലാണ്. വളരെ കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുന്നതോടൊപ്പം, ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനം ചെയ്യുന്ന അതുല്യമായ യാത്ര അനുഭവം നല്‍കാന്‍ ജലയാത്രയ്ക്ക്് സാധിക്കുമെന്നത് കൊണ്ട് തന്നെ നല്ല സ്വീകാര്യതയാണ് ഈ പൊതുഗതാഗത സംവിധാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
കടമക്കുടിയുടെ കായല്‍ ഭംഗി ആസ്വദിക്കുവാനും, ഞണ്ടും ചെമ്മീനും കായല്‍ മത്സ്യങ്ങളും ഉള്‍പ്പടെ രുചികരമായ കായല്‍ വിഭവങ്ങള്‍ രുചിച്ചറിയാനും പക്ഷി നിരീക്ഷണത്തിനുമൊക്കെയായി വിദേശികളും സ്വദേശികളും ആയിട്ടുള്ള നിരവധി ആളുകളാണ് ദിനംപ്രതി കടമക്കുടിയിലേക്ക് എത്തിച്ചേരുന്നത്. കടമക്കുടിയുടെ കായല്‍ പരപ്പിലൂടെയുള്ള യാത്ര നയനാനന്ദകരമാണ്. അപൂര്‍വയിനം ദേശാടന പക്ഷികള്‍ വരമ്പുകളില്‍ വന്നിറങ്ങുന്ന കാഴ്ചകള്‍, പൊക്കാളി പാടങ്ങള്‍, ചെറുതോണികളില്‍ എത്തി വലയെറിയുന്നവര്‍, പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമീണ കാഴ്ച്ചകള്‍, ഉദയാസ്തമയങ്ങള്‍ തുടങ്ങി കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍ കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് വാട്ടര്‍ മെട്രോയിലുള്ള യാത്ര പുതിയ അനുഭവമാകും. ദ്വീപിന്റെ മനോഹാരിത നിലനിര്‍ത്തി എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് കടമക്കുടിയില്‍ നടന്നിട്ടുള്ളത്. വാട്ടര്‍ മെട്രോ വികസന മുന്നേറ്റങ്ങള്‍ക്ക് പുതിയ നാഴികക്കല്ലാകും.
ഫോട്ടോ: നിര്‍മാണം പൂര്‍ത്തിയാകുന്ന കടമക്കുടി വാട്ടര്‍ മെട്രോ സ്റ്റേഷന്‍.
Related News