ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സില്‍ വര്‍ധിച്ചുവരുന്ന കുടിയേറ്റ റെയ്ഡുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചത് വലിയ രാഷ്ട്രീയ എതിര്‍പ്പിന് ഇടയാക്കി.
'സമാധാനം സ്ഥാപിക്കാനോ മുറിവുണക്കാനോ അല്ല ട്രംപ് ശ്രമിക്കുന്നത്. ആളുകളെ പ്രകോപിപ്പിക്കാനും ഭിന്നിപ്പിക്കാനുമാണ് അദ്ദേഹം നോക്കുന്നത്,' ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് മര്‍ഫി പറഞ്ഞു.
'അദ്ദേഹത്തിന്റെ പ്രസ്ഥാനം ജനാധിപത്യത്തിലോ പ്രതിഷേധത്തിലോ വിശ്വസിക്കുന്നില്ല - നിയമവാഴ്ച അവസാനിപ്പിക്കാന്‍ അവസരം ലഭിച്ചാല്‍ അവര്‍ അതും ഉപയോഗിക്കും.'
കാലിഫോര്‍ണിയ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സൈന്യത്തെ വിന്യസിച്ചതിന് ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍ ട്രംപിനെ വിമര്‍ശിച്ചു. ഇത് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്‍ബിസിയുടെ 'മീറ്റ് ദി പ്രസ്' എന്ന പരിപാടിയില്‍ ട്രംപിനെ കപടനാട്യക്കാരനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2021 ജനുവരി ആറിന് ആയിരക്കണക്കിന് അനുയായികള്‍ യുഎസ് ക്യാപിറ്റോള്‍ ആക്രമിച്ചപ്പോള്‍ ട്രംപ് നിഷ്‌ക്രിയനായിരുന്നതും, പിന്നീട് അറസ്റ്റിലായവര്‍ക്ക് അദ്ദേഹം മാപ്പ് നല്‍കിയതും ബുക്കര്‍ ചൂണ്ടിക്കാട്ടി.
ലോസ് ഏഞ്ചല്‍സിലെ ഫെഡറല്‍ കെട്ടിടത്തില്‍ ഞായറാഴ്ച ആറ് സൈനിക വാഹനങ്ങളും കലാപകാരികളെ നേരിടാനുള്ള സന്നാഹങ്ങളും കാണപ്പെട്ടു. റെയ്ഡുകളില്‍ പ്രതിഷേധിച്ചവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും ട്രംപും പ്രതിഷേധങ്ങളെച്ചൊല്ലി ഏറ്റുമുട്ടി. ഫെഡറല്‍ പ്രതികരണത്തെ ന്യൂസോം അതിക്രമമായി അപലപിച്ചു. ട്രംപിന് 'ഒരു പ്രഹസനം' ആണ് വേണ്ടതെന്നും ന്യൂസോം പറഞ്ഞു. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ന്യൂസോം പരാജയപ്പെട്ടുവെന്ന് ട്രംപ് ആരോപിച്ചു.
റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ചു. നാഷണല്‍ ഗാര്‍ഡിന്റെ വിന്യാസത്തില്‍ തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ശക്തിയിലൂടെ സമാധാനം നിലനിര്‍ത്തുക എന്നതാണ് ഞങ്ങളുടെ പ്രധാന തത്വങ്ങളിലൊന്ന്. അത് വിദേശകാര്യങ്ങളിലും ആഭ്യന്തരകാര്യങ്ങളിലും ചെയ്യുന്നു. ഇത് കടുത്ത നടപടിയാണെന്ന് ഞാന്‍ കരുതുന്നില്ല.-അദ്ദേഹം പറഞ്ഞു.
Related News