ന്യൂഡല്‍ഹി- പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (JIPMER) എം.ബി.ബി.എസ്, ബി.എ.എം.എസ് കോഴ്സുകള്‍ സംയോജിപ്പിച്ച് പുതിയ പഠനപദ്ധതി അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) രംഗത്ത്.
ഈ നീക്കം നിര്‍ഭാഗ്യകരമാണെന്ന് ഐ.എം.എ പറഞ്ഞു. 'വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ അശാസ്ത്രീയമായ ഈ കൂട്ടിച്ചേര്‍ക്കല്‍ ഡോക്ടര്‍മാര്‍ക്കോ രോഗികള്‍ക്കോ പ്രയോജനകരമാകില്ല.
'ചികിത്സാ സമ്പ്രദായങ്ങളെ ശാസ്ത്രീയമല്ലാത്ത രീതിയില്‍ സംയോജിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണ്. എം.ബി.ബി.എസ്, ബി.എ.എം.എസ് എന്നിവ സംയോജിപ്പിച്ചുള്ള ആദ്യ കോഴ്‌സ് പ്രമുഖ സ്ഥാപനമായ പുതുച്ചേരിയിലെ ജിപ്മെറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് -ഐ.എം.എ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, ആധുനിക വൈദ്യശാസ്ത്രത്തെയും ആയുര്‍വേദത്തെയും ഒരു അക്കാദമിക് പാഠ്യപദ്ധതിക്ക് കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിരുന്നു.
'എല്ലാ ചികിത്സാ സമ്പ്രദായങ്ങള്‍ക്കും അവയുടെ തനിമ നിലനിര്‍ത്താന്‍ അനുവദിക്കുക. ഹൈബ്രിഡ് ഡോക്ടര്‍മാരെ, അതായത് യോഗ്യതയില്ലാത്ത വ്യാജവൈദ്യരെ സൃഷ്ടിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നിരവധി പാശ്ചാത്യ രാജ്യങ്ങളിലെ മെഡിക്കല്‍ സേവനങ്ങളുടെ നട്ടെല്ലാണ്. ഈ തെറ്റിദ്ധരിക്കപ്പെട്ട സര്‍ക്കാര്‍ നീക്കത്തില്‍ നിര്‍ബന്ധിതമായ ഒരു കാരണവും യുക്തിയും ഐ.എം.എക്ക് കാണാന്‍ കഴിയുന്നില്ല-ഐ.എം.എ പറഞ്ഞു.
'സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍, ജനങ്ങളെ വിശ്വാസത്തിലെടുക്കുകയല്ലാതെ ഐ.എം.എക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഭാവി തലമുറകളുടെ ആരോഗ്യത്തിനായി ഈ അവിവേകത്തെ ചെറുക്കാന്‍ ഐ.എം.എ രാജ്യത്തോട് അഭ്യര്‍ത്ഥിക്കുന്നു- ഐ.എം.എ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ചൈനയിലെ ഉദാഹരണവും ഐ.എം.എ ചൂണ്ടിക്കാട്ടി. അവിടെ ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രവും സംയോജിപ്പിക്കാനുള്ള നീക്കം പരാജയപ്പെട്ടിരുന്നു എന്നും അവര്‍ പറഞ്ഞു.
Related News