സിയോള്‍: ദക്ഷിണ കൊറിയയില്‍ പരിശീലനപ്പറക്കലിനിടെ നാവികസേനയുടെ പട്രോളിങ് വിമാനം തകര്‍ന്നുവീണു. തെക്കുകിഴക്കന്‍ നഗരമായ പൊഹാങ്ങിലെ ബേസില്‍ നിന്ന് പ്രാദോശികസമയം 1:43 ന് പട്രോളിങ് വിമാനം പുറപ്പെട്ടെങ്കിലും അജ്ഞാതമായ കാരണങ്ങളാല്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് നാവികസേന പ്രസ്താവനയില്‍ പറഞ്ഞു. നാലുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകരെയും അഗ്‌നിശമന സേനാ ട്രക്കുകളെയും സ്ഥലത്തേക്ക് അയച്ചതായി പോഹാങ്ങിലെ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് സ്‌ഫോടനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.
നാവികസേനയുടെ പട്രോളിങ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊഹാങ്ങിലെ നമ്പു പൊലീസ് സ്റ്റേഷന്‍ അറിയിച്ചു. എന്നാല്‍ മരണങ്ങളോ പരിക്കുകളോ ഉണ്ടായിട്ടുണ്ടോ എന്ന് ഉടന്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡിസംബറില്‍ ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ജെജു എയര്‍ യാത്രാ വിമാനം തകര്‍ന്നുവീണ് 179 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Related News