കൊച്ചി: ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന വിന്‍ സിയുടെ ആരോപണങ്ങളില്‍ കേസെടുക്കുന്ന കാര്യത്തില്‍ പോലീസില്‍ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തില്‍ താരസംഘടനയായ അമ്മ കടുത്ത നിലപാടിലേക്ക്. വിന്‍ സിയുടെ പരാതിയില്‍ തിങ്കളാഴ്ചക്കുള്ളില്‍ ഷൈന്‍ വിശദീകരണം നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. തിങ്കളാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അച്ചടക്ക സമിതി ജനറല്‍ ബോഡിയോട് ശുപാര്‍ശ ചെയ്യും. അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം.
ഷൈനിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ഷൈനിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ചയാണ് ഫിലിം ചേംബറും യോഗം ചേരുന്നത്. അന്നേ ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് ഷൈനിനോട് അമ്മയും ആവശ്യപ്പെട്ടിരിക്കുന്നത്.
ഡാന്‍സാഫ് പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോകേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്. ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നിലവില്‍ കേസില്ലെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലിലെ പരിശോധനയില്‍ നടനെതിരെ തെളിവ് ലഭിച്ചിട്ടില്ല. പോലീസ് ഉദ്യോഗസ്ഥര്‍ വിന്‍ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പോലീസ് നടപടിയോട് വിന്‍ സിക്കു താല്‍പര്യമില്ലെന്നാണ് പറയുന്നത്. താര സംഘടനയില്‍ തന്നെ പ്രശ്‌നം തീര്‍ക്കുന്നതിനോടാണ് വിന്‍ സിക്കു താല്‍പര്യം.
Related News