അമൃതസര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ പഞ്ചാബ് കോണ്‍ഗ്രസില്‍ നേതൃമാറ്റം. മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും ജലന്ധര്‍ കാന്റോണ്‍മെന്റ് എം.എല്‍.എയുമായ പര്‍ഗത് സിങ്ങിനെ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി കോണ്‍ഗ്രസ് നിയമിച്ചു. അമരീന്ദര്‍ സിങ് രാജ വാറിങ്ങിന്റെ ഒഴിവാക്കിയാണ് നിയമനം. വാറിങ് വെള്ളിയാഴ്ച അധ്യക്ഷപദവി രാജിവെച്ചു.
പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ വിഭാഗീയത പരിഹരിക്കാനും അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്താനുമാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. വാറിങ്ങിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ വലിയൊരു വിഭാഗത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.
വാറിങിന് പാര്‍ട്ടിയെ ഒന്നിപ്പിക്കാനും തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിക്കാനും കഴിയില്ലെന്നാണ് ഭൂരിഭാഗം നേതാക്കളും പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റിനെ അറിയിച്ചത്. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും വാറിങ്ങും തമ്മിലുള്ള നേതൃത്വപ്പോരാട്ടവും തീരുമാനത്തെ സ്വാധീനിച്ചു. ചന്നിയെ അധ്യക്ഷനാക്കിയാല്‍ മുഖ്യമന്ത്രിസ്ഥാനത്തിനായുള്ള മത്സരവും വിഭാഗീയതയും കൂടുതല്‍ ശക്തമാകുമെന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ടായിരുന്നു.
അതിനാലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയില്ലാത്തതും സംസ്ഥാനത്തുടനീളം സ്വീകാര്യതയുള്ളതുമായ പര്‍ഗത് സിങ്ങിലേക്ക് നേതൃത്വം എത്തിയത്. സിഖ് നേതാവിനെ തന്നെ പി.സി.സി അധ്യക്ഷനാക്കണമെന്ന നിലപാടും തീരുമാനത്തില്‍ നിര്‍ണായകമായി.
62കാരനായ പര്‍ഗത് സിങ് ഇന്ത്യന്‍ ഹോക്കിയിലെ പ്രമുഖ താരമായിരുന്നു. 1988, 1992, 1996 ഒളിമ്പിക്‌സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം അവസാന രണ്ട് ഒളിമ്പിക്‌സുകളില്‍ ടീമിനെ നയിച്ചു. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പതാകവാഹകനുമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും വെള്ളിയും നേടിയിട്ടുണ്ട്. 1989ല്‍ അര്‍ജുന അവാര്‍ഡും 1998ല്‍ പത്മശ്രീയും ലഭിച്ചു.
പര്‍ഗത് 2012ല്‍ അകാലിദളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2017ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം ജലന്ധര്‍ കാന്റോണ്‍മെന്റ് മണ്ഡലത്തില്‍ തുടര്‍ച്ചയായി സ്വാധീനം നിലനിര്‍ത്തി.
Related News