തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പല്‍ ഗതാഗതത്തിനായി ഏഴ് ദിവസത്തിനകം തുറക്കാമെന്ന ഇറാന്റെ നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തള്ളി. എന്നാല്‍ ്ട്രംപിന്റെ നിലപാട് സ്വീകരിക്കാതെ ഇറാന്‍. അമേരിക്കയുടെ ഔദ്യോഗിക നിലപാടിനായി കാത്തിരിക്കുകയാണെന്ന് ഇറാന്‍ പ്രസ്താവിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യസ്ഥര്‍ വഴി അമേരിക്കയുടെ അന്തിമ നിലപാട് അറിയിച്ചശേഷം മാത്രമേ ഇറാന്‍ തുടര്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് നേരത്തെയും പരസ്പരവിരുദ്ധമായ പല പ്രസ്താവനകളും നടത്തിയിട്ടുണ്ടെന്ന് ടെലിഗ്രാമില്‍ പങ്കുവെച്ച പ്രതികരണത്തില്‍ അരാഘ്ചി ചൂണ്ടിക്കാട്ടി. അതിനാല്‍ മാധ്യമ റിപ്പോര്‍ട്ടുകളെയോ ട്രംപിന്റെ വാക്കുകളെയോ മാത്രം അടിസ്ഥാനമാക്കി തീരുമാനം എടുക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ആവശ്യമായ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിനിടെ അരാഘ്ചി അവതരിപ്പിച്ച നിര്‍ദേശം. ഖത്തര്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ വഴിയാണ് നിര്‍ദേശം അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ തുറമുഖങ്ങളിലെ നാവിക ഉപരോധം പിന്‍വലിക്കുക, ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുക, മേഖലയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുക തുടങ്ങിയ വ്യവസ്ഥകള്‍ ഇറാന്റെ നിര്‍ദേശത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആണവ വിഷയത്തിലുള്‍പ്പെടെ അമേരിക്കയുമായി വീണ്ടും ചര്‍ച്ചകള്‍ ആരംഭിക്കാനും ഇറാന്‍ തയ്യാറാണെന്ന് അരാഘ്ചി പറഞ്ഞിരുന്നു.
എന്നാല്‍ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന് ട്രംപ് ശനിയാഴ്ച വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുന്നതിനുള്ള കരാറാണ് ഇറാന്‍ ആവശ്യപ്പെടുന്നതെന്നും, അമേരിക്കയ്ക്ക് കടലിടുക്കില്‍ നിയന്ത്രണമുണ്ടെന്നും ട്രംപ് പ്രതികരിച്ചു. അമേരിക്കന്‍ നാറ്റോ അംബാസഡര്‍ മാത്യു വിറ്റേക്കറും ഇറാന്റെ നിര്‍ദേശത്തെ വിമര്‍ശിച്ചു.
പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്താന്‍ എല്ലാ കക്ഷികളും സംഭാഷണം തുടരണമെന്ന് മധ്യസ്ഥ രാജ്യമായ ഒമാന്‍ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ആഗോള ഊര്‍ജവിപണിക്കും നിര്‍ണായകമാണ്. ലോകത്തിലെ എണ്ണവാതക വിതരണത്തിന്റെ വലിയൊരു പങ്ക് സാധാരണയായി ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.
Related News