l o a d i n g

കായികം

സയറില്‍ നിന്ന് ഡി.ആര്‍. കോംഗോയിലേക്ക്: അരനൂറ്റാണ്ടിന് ശേഷം ഒരു ലോകകപ്പ് കാത്തിരിപ്പ്

മുനീര്‍ വാളക്കുട

Thumbnail

2026 ലോകകപ്പിലേക്ക് പന്ത് തട്ടാനെത്തുന്ന ആഫ്രിക്കന്‍ കരുത്തരാണ് ഡി.ആര്‍. കോംഗോ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ). എന്നാല്‍, ഇത് കോംഗോയുടെ ആദ്യ ലോകകപ്പ് പങ്കാളിത്തമല്ല. 1974-ല്‍ പശ്ചിമ ജര്‍മ്മനി ആതിഥേയത്വം വഹിച്ച ലോകകപ്പിലും അവര്‍ പന്ത് തട്ടിയിട്ടുണ്ട്. അന്ന് ആ രാജ്യത്തിന്റെ പേര് 'സയര്‍' എന്നായിരുന്നു. ഏതൊരു ആഫ്രിക്കന്‍ രാജ്യത്തെയും പോലെ ഗോത്ര തര്‍ക്കങ്ങളും ആഭ്യന്തര സംഘട്ടനങ്ങളും നേരിടുന്ന നാടാണ് കോംഗോ. ഒപ്പം സ്വര്‍ണം, കോബാള്‍ട്ട് തുടങ്ങിയ പ്രകൃതിദത്ത ഖനിസമ്പത്തുകള്‍ കൈക്കലാക്കാനുള്ള പോരാട്ടങ്ങളും അവിടെ യഥേഷ്ടം നടക്കുന്നു. എന്നിരുന്നാലും, ഫുട്‌ബോള്‍ കോംഗോ ജനതയ്ക്ക് ജീവിതവും വികാരവുമാണ്.

1960-ല്‍ സ്വാതന്ത്ര്യം നേടുന്നത് വരെ ബെല്‍ജിയത്തിന്റെ കോളനിയായിരുന്നു കോംഗോ. അതിനുശേഷം 1965-ല്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് മൊബുട്ടു സെസെ സെക്കോയാണ് രാജ്യത്തിന്റെ നാമം 'സയര്‍' എന്ന് മാറ്റിയത്. രാജ്യത്തെ യൂറോപ്യന്‍ കൊളോണിയല്‍ സ്വാധീനങ്ങളില്‍ നിന്ന് അകറ്റി, ആഫ്രിക്കയുടെ തനതായ സംസ്‌കാരത്തിലേക്ക് തിരികെ എത്തിക്കുക എന്നതായിരുന്നു ഈ പേരുമാറ്റത്തിന് പിന്നിലെ ലക്ഷ്യം. 1974 ലോകകപ്പില്‍ 'സയര്‍' എന്ന പേരില്‍ തന്നെയാണ് അവര്‍ പങ്കെടുത്തതും.

കോംഗോയുടെ ഫുട്‌ബോള്‍ ശൈലി യൂറോപ്പിനെപ്പോലെ സംഘടിതമോ തന്ത്രപരമോ ആയ രീതിയല്ല പിന്തുടരുന്നത്. മറിച്ച് കോംഗോയുടെ തെരുവുകളില്‍ മുഴങ്ങുന്ന 'റുംബ' സംഗീതം പോലെ സ്വതന്ത്രവും ആവേശഭരിതവുമാണ് അവരുടെ കളിശൈലി. എന്നാല്‍, അവരുടെ ആദ്യ ലോകകപ്പ് പ്രകടനം ദയനീയമായിരുന്നു. 1974-ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ ജേതാക്കളായാണ് അവര്‍ ലോകകപ്പിന് എത്തിയത്. വന്‍കരയുടെ ചാമ്പ്യന്മാരാകാന്‍ നിര്‍ണായക പങ്കു
ഹിച്ച ഗോള്‍കീപ്പര്‍ കസാഡി മോംബ, സെന്റര്‍ ബാക്ക് മേപു ഇലുങ്ക, മധ്യനിര താരം കെംബൊ ഉബ കെംബൊ, ടൂര്‍ണമെന്റിലെ മികച്ച ഗോള്‍വേട്ടക്കാരനായ നഡായെ മുലാംബ തുടങ്ങിയ പ്രമുഖ താരങ്ങള്‍ അണിനിരന്നിട്ടും ലോകകപ്പില്‍ ഒരു വിജയം പോലും നേടാന്‍ അന്നത്തെ സയറിന് കഴിഞ്ഞില്ല.

സ്‌കോട്ട്‌ലാന്‍ഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട സയര്‍, യുഗോസ്ലാവിയക്കെതിരെ മടക്കമില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് തകര്‍ന്നടിഞ്ഞത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നായിരുന്നു ആ മത്സരം. മൂന്നാം മത്സരത്തില്‍ സാക്ഷാല്‍ ബ്രസീലിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും അവര്‍ പരാജയം രുചിച്ചു.

നീണ്ട 52 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രാജ്യം വീണ്ടും കാല്‍പന്താട്ടത്തിന്റെ വിശ്വമാമാങ്കത്തിലേക്ക് യോഗ്യത നേടുന്നത്. ഇതിനിടയില്‍ 1997-ല്‍ മൊബുട്ടു സെസെ സെക്കോ അധികാരത്തില്‍ നിന്ന് പുറത്താവുകയും ലോറന്റ്-ഡെസിറെ കബില ഭരണം ഏല്‍ക്കുകയും ചെയ്തതോടെ സയര്‍ എന്ന രാജ്യം 'ഡി.ആര്‍. കോംഗോ' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സെനഗലിന് പിന്നില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് കോംഗോ പ്ലേഓഫ് മത്സരത്തിന് അര്‍ഹത നേടിയത്. പ്ലേഓഫില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയായിരുന്നു എതിരാളികള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നൈജീരിയയെ അട്ടിമറിച്ചതോടെ കോംഗോ ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫിന് യോഗ്യത നേടി. അവിടെ ജമൈക്കയായിരുന്നു എതിരാളികള്‍. എക്‌സ്ട്രാ ടൈമില്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ആക്‌സല്‍ തുവന്‍സെബെ നിര്‍ണായക ഗോള്‍ നേടിയതോടെ, അരനൂറ്റാണ്ടിന് ശേഷം കോംഗോയ്ക്ക് ലോകകപ്പ് വേദിയിലേക്ക് വീണ്ടും ടിക്കറ്റ് ലഭിച്ചു.

2026 ലോകകപ്പില്‍ ഗ്രൂപ്പ് 'കെ'യിലാണ് കോംഗോ മത്സരിക്കുന്നത്. പോര്‍ച്ചുഗല്‍, കൊളംബിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. വന്‍ അട്ടിമറികള്‍ നടത്തി കോംഗോ ഇത്തവണ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫ്രഞ്ചുകാരനായ സെബാസ്റ്റ്യന്‍ ദെസാബ്ര പരിശീലകനായി എത്തിയതോടെയാണ് കോംഗോ ഫുട്‌ബോളിന്റെ ശൈലി മാറിയത്. പ്രായമേറിയ വെറ്ററന്‍ താരങ്ങളെ മാത്രം ആശ്രയിക്കുന്ന പഴയ രീതി അദ്ദേഹം ഉപേക്ഷിച്ചു. പകരം യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന മികച്ച യുവതാരങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ അവസരങ്ങള്‍ നല്‍കി.

പ്രതിരോധനിരയില്‍ ഫ്രഞ്ച് ക്ലബ്ബായ ലില്ലെക്ക് (Lille) കളിക്കുന്ന ആര്‍തര്‍ മസുവാക്കു, മാഴ്‌സെയുടെ ചാന്‍സല്‍ എംബെബെ എന്നിവര്‍ മികച്ച പോരാട്ടവീര്യം കാഴ്ചവെക്കുന്നവരാണ്. ഒപ്പം മധ്യനിരയില്‍ ബ്രെന്റ്‌ഫോര്‍ഡിന്റെ വിശ്വസ്ത താരം യോനെ വിസയുടെ നീക്കങ്ങള്‍ എതിര്‍ ടീമുകള്‍ക്ക് തലവേദന സൃഷ്ടിക്കും. മുന്നേറ്റനിരയില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ ബെറ്റിസിന്റെ സെഡ്രിക് ബക്കാമ്പുവും, ടര്‍ക്കിഷ് ക്ലബ്ബായ അലന്യാസ്‌പോറിന്റെ മെഷ്ചാക്ക് ഏലിയയും എതിരാളികളുടെ പ്രതിരോധമതിലുകള്‍ക്ക് വലിയ ഭീഷണിയാണ്.

വിജയങ്ങള്‍ക്കും തോല്‍വികള്‍ക്കുമപ്പുറം ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ എന്നാല്‍ ആത്മാവും ജീവിതവുമാണ്; കോംഗോയും അതില്‍ നിന്ന് വ്യത്യസ്തമല്ല. ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ വലിയ പാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും കോംഗോയ്ക്ക് ഫുട്‌ബോള്‍ ഏറെ പ്രിയപ്പെട്ടതാണ്. ആ ജനതയ്ക്ക് കോംഗോ നദി പോലെയോ, കിന്‍ഷാസ, ലുബുംബാഷി, കിസംഗാനി, ഗോമ തുടങ്ങിയ നഗരങ്ങളിലെ പൊടിപടലങ്ങള്‍ നിറഞ്ഞ തെരുവുകള്‍ പോലെയോ പ്രിയപ്പെട്ടതാണ് കാല്‍പന്തുകളിയും. ഗോത്ര തര്‍ക്കങ്ങളും രാഷ്ട്രീയ പോരാട്ടങ്ങളും വിദേശ ഇടപെടലുകളും അവരുടെ സാധാരണ ജീവിതത്തെ അസ്വസ്ഥമാക്കാറുണ്ടെങ്കിലും, ആ സംഘര്‍ഷങ്ങള്‍ക്കിടയിലും അവര്‍ ഫുട്‌ബോളിനെ നെഞ്ചേറ്റുന്നു. 52 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ രാജ്യം വീണ്ടും ലോകകപ്പിന്റെ വലിയ വേദിയിലെത്തുമ്പോള്‍ അവിടെ അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ആ ജനത വിശ്വസിക്കുന്നത്.

Latest News

ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
ഖത്തറിന് ചരിത്ര നിമിഷം; സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ അവസാന നിമിഷ സമനിലയുമായി ആദ്യ ലോകകപ്പ് പോയിന്റ്
June 13, 2026
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ  അനുമോദനം
ഹജ്ജ് സേവനത്തിനെത്തിയ കേരള ഗവൺമെന്റ് ഫാർമസിസ്റ്റുകൾക്ക് എസ്.കെ.പി.എഫ് ൻ്റെ അനുമോദനം
June 13, 2026
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
സൗദിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് നിയമപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം, അപകടമുണ്ടായാല്‍ ഉടമ ഉത്തരവാദി
June 13, 2026
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
ലഹരി മാഫിയക്കെതിരെ സൗദിയുടെ ശക്തമായ ഇടപെടല്‍; ലബനനിലും അതിര്‍ത്തിയിലുമായി ദശലക്ഷക്കണക്കിന് ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടി
June 13, 2026
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
സലിം കുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം; ചിരിയുടെയും നിലപാടുകളുടെയും നിത്യവിസ്മയമെന്ന് അനുസ്മരണം
June 13, 2026
  തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരത്ത് 'പ്രവാസി സീനിയര്‍ കെയര്‍ ഹോം': സാമൂഹ്യനീതി ഡയറക്ടറുമായി ് പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
June 13, 2026
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
ഒരു യുഗത്തിന്റെ സന്ധ്യ, പുതിയ നക്ഷത്രങ്ങളുടെ ഉദയവും
June 13, 2026
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി നിലവില്‍ വന്നു
June 13, 2026
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
ഇറാന് മൂന്ന് ബില്യണ്‍ ഡോളര്‍ കൈമാറിയെന്ന ആരോപണം നിഷേധിച്ച് യുഎഇ
June 13, 2026
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക്  ധാരണ
അമേരിക്ക-ഇറാന്‍ യുദ്ധം അവസാനത്തിലേക്ക്; സമാധാന ഉടമ്പടിക്ക് ധാരണ
June 13, 2026

Related News