ദുബായ്: താമസസ്ഥലത്തെ സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് മരിച്ചത്. ദുബായ് അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന് പിന്നിലുള്ള താമസ കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തൊട്ടടുത്ത മുറിയിലുള്ളവര്‍ മദ്യപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജസീലിനൊപ്പം താമസിക്കുന്നവര്‍ അയല്‍മുറിയിലെ മദ്യപാനം ചോദ്യം ചെയ്തതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീല്‍, രംഗം ശാന്തമാക്കാനും സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുമായി ഇടപെടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പ്രകോപിതനായ പ്രതി കൈവശമുണ്ടായിരുന്ന കത്തികൊണ്ട് ജസീലിന്റെ കഴുത്തിന് കുത്തുകയായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പൊലീസ് ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിലെ പ്രതിയും മലയാളിയാണെന്നാണ് വിവരം. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ദുബായ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു വരികയാണ്. നിലവില്‍ ജസീലിന്റെ മൃതദേഹം ദുബായ് റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
Related News