റിയാദ്: ഹജ്ജ് സീസണിന് മുന്നോടിയായി മതിയായ പെര്‍മിറ്റില്ലാത്ത പ്രവാസികള്‍ക്ക് മക്കയിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്നു മുതല്‍ (ഏപ്രില്‍ 13) പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹജ്ജ് കര്‍മ്മങ്ങള്‍ സുഗമമാക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച 'പെര്‍മിറ്റില്ലാതെ ഹജ്ജില്ല' എന്ന കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
മക്കയില്‍ നിന്ന് അനുവദിച്ച ഇഖാമ, ഹജ്ജ് പെര്‍മിറ്റ്, വിശുദ്ധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് രേഖകളുള്ള പ്രവാസികള്‍ക്കു മാത്രമായിരിക്കും ഇന്നു മുതല്‍ ഹജ്ജ് കഴിയുന്നതു വരെ മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ. ഈ രേഖകളില്ലാത്തവരെ മക്കയുടെ പ്രവേശന കവാടങ്ങളിലെ സുരക്ഷാ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും.
ഉംറ വിസയില്‍ എത്തിയ തീര്‍ത്ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി ദുല്‍ഖഅദ് 1 (ഏപ്രില്‍ 18) ആണ്. ഏപ്രില്‍ 18 മുതല്‍ മെയ് 31 (ദുല്‍ഹിജ്ജ 14) വരെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും 'നുസുക്' പ്ലാറ്റ്ഫോം വഴി ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കും. ഏപ്രില്‍ 18 മുതല്‍ ഹജ്ജ് വിസയുള്ളവര്‍ക്കല്ലാതെ മറ്റൊരാള്‍ക്കും (ഏത് തരം വിസയായാലും) മക്കയില്‍ തുടരാനോ നഗരത്തിലേക്ക് പ്രവേശിക്കാനോ അനുമതിയുണ്ടായിരിക്കില്ല.
ഹജ്ജ് പെര്‍മിറ്റുകള്‍ 'അബ്ഷിര്‍' പ്ലാറ്റ്ഫോം വഴിയോ 'മുഖീം' പോര്‍ട്ടല്‍ വഴിയോ ഡിജിറ്റലായി ലഭ്യമാക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി. നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിത്.
ഹജ്ജ് നിയമങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Related News