വാഷിംഗ്ടണ്‍: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കില്‍ അടിയന്തരമായി നാവിക ഉപരോധം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്ഥാനില്‍ വെച്ച് ഇറാനുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇറാനെ സാമ്പത്തികമായി തളയ്ക്കാനുള്ള നീക്കവുമായി ട്രംപ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണിത്. യുദ്ധത്തില്‍ ഇറാന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ ഈ ജലപാതയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലൂടെ അവരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
ഹോര്‍മുസ് കടലിടുക്കിലൂടെ അകത്തേക്കും പുറത്തേക്കും പോകുന്ന എല്ലാ കപ്പലുകളും യുഎസ് നാവികസേന തടയുമെന്നാണ് ട്രംപ് പറയുന്നത്. ഇറാന്‍ ഈടാക്കുന്ന ടോള്‍ നിയമവിരുദ്ധമാണെന്ന് ട്രംപ് ആരോപിച്ചു. ഇറാന്‍ അധികൃതര്‍ക്ക് ടോള്‍ നല്‍കുന്ന ഒരു കപ്പലിനും അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ സുരക്ഷിത യാത്ര അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇത്തരം കപ്പലുകളെ കണ്ടെത്തി തടയാന്‍ നാവികസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറാന്റെ ആണവ മോഹങ്ങളാണ് സമാധാന ചര്‍ച്ചകള്‍ തകരാന്‍ കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാനെ സൈനികമായി നേരിടാന്‍ അമേരിക്ക പൂര്‍ണ്ണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'അനുയോജ്യമായ നിമിഷത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണസജ്ജരായിരിക്കും. ഇറാന്റെ ബാക്കിയുള്ള ഭാഗം കൂടി അവസാനിപ്പിക്കാന്‍ നമ്മുടെ സൈന്യത്തിന് സാധിക്കും,' ട്രംപ് തന്റെ കുറിപ്പില്‍ വ്യക്തമാക്കി.
മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കെ ട്രംപിന്റെ ഈ നീക്കം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര സുരക്ഷയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
Related News