കുവൈറ്റ് സിറ്റി: അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, കുവൈറ്റിന് നേരെ ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ ഡ്രോണ്‍ ആക്രമണമുണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ആരംഭിച്ച ആക്രമണത്തില്‍ 28 ഡ്രോണുകളാണ് കുവൈറ്റ് ലക്ഷ്യമാക്കി എത്തിയത്.
കുവൈറ്റ് വ്യോമസേന ഭൂരിഭാഗം ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ തകര്‍ത്തെങ്കിലും, ചിലത് രാജ്യത്തിന്റെ തെക്കന്‍ മേഖലയിലുള്ള തന്ത്രപ്രധാനമായ എണ്ണ നിലയങ്ങളിലും വൈദ്യുതി പ്ലാന്റുകളിലും പതിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ സൗദ് അബ്ദുല്‍ അസീസ് അല്‍-അത്വാന്‍ അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് എണ്ണ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്കും ജല ശുദ്ധീകരണ ശാലകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
എണ്ണ സമ്പന്നമായ തെക്കന്‍ മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണം ആസൂത്രിതമാണെന്ന് കുവൈറ്റ് വിലയിരുത്തുന്നു. ആക്രമണത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അധികൃതര്‍ പരിശോധിച്ചുവരികയാണ്.
രാജ്യത്തെ പ്രധാനപ്പെട്ടതും സുപ്രധാനവുമായ എല്ലാ കേന്ദ്രങ്ങള്‍ക്കും സുരക്ഷ ശക്തമാക്കിയതായി ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു. ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ഏത് തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാനും സേന സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Related News