l o a d i n g

കായികം

അസൂറി നിലങ്ങളിലെ വേനൽ തുടരുന്നു

മുനീര്‍ വാളക്കുട

Thumbnail

ആറുതവണ ലോകകപ്പിന്റെ ഫൈനല്‍ കളിക്കുകയും അതില്‍ നാലുതവണ ചാമ്പ്യന്മാരാവുകയും ചെയ്ത, ഫുട്‌ബോളില്‍ സമ്പന്നമായൊരു ചരിത്രവും പാരമ്പര്യവുമുള്ള ഇറ്റലി തുടര്‍ച്ചയായ മൂന്ന് ലോകകപ്പുകളില്‍ യോഗ്യത നേടാനാവാതെ പുറത്തായത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. കാല്‍പന്തുകളിയില്‍ വലിയ പേരും പെരുമയുമുള്ള ഇറ്റലിക്ക് ഇതുപോലൊരു ദുര്‍ഗതി വരുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 1934, 1938, 1982, 2006 എന്നീ വര്‍ഷങ്ങളിലായിരുന്നു ഇറ്റലി വിശ്വകിരീടം നേടിയത്. 1970, 1994 ഫൈനലുകളില്‍ അസൂറികള്‍ ബ്രസീലിനോട് പരാജയപ്പെടുകയായിരുന്നു.

ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ഗോളടിച്ചു കൂട്ടുന്ന മുന്നേറ്റ നിരക്കാരോ മധ്യനിരയില്‍ കളി മെനയുന്ന മിഡ്ഫീല്‍ഡര്‍മാരുടെ ഭാവനാസമ്പന്നതയോ മാത്രമായിരുന്നില്ല അസൂറികള്‍ക്ക് കരുത്തേകിയത്. അതിലേറെ പേരുകേട്ട ഇറ്റലിയുടെ പ്രതിരോധ തന്ത്രങ്ങള്‍ തന്നെയായിരുന്നു. ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ആത്മാവ് എന്നത് പ്രതിരോധം തന്നെയാണ്. 'കാറ്റനാച്ചിയോ' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആ പ്രതിരോധതന്ത്രങ്ങളുടെ പത്മവ്യൂഹത്തില്‍ അകപ്പെട്ട് പതറിയ ഇതിഹാസങ്ങളെ നമുക്ക് ചരിത്രത്തില്‍ കാണാം. സാക്ഷാല്‍ പെലെയും മറഡോണയും യോഹാന്‍ ക്രൈഫും മാര്‍ക്കോ വാന്‍ബാസ്റ്റനുമൊക്കെ അവരില്‍ ചിലര്‍ മാത്രമാണ്.

ഇറ്റലിക്ക് പ്രതിരോധം എന്നത് കേവലം ഗോള്‍ വഴങ്ങാതിരിക്കല്‍ മാത്രമല്ല, മറിച്ച് അതൊരു കലയാണ്. ആ കലാരൂപത്തിന് ഫുട്‌ബോള്‍ ലോകം നല്‍കിയ പേരായിരുന്നു കാറ്റനാച്ചിയോ. പല കാലങ്ങളിലായി ഗെറ്റാനോ സ്‌കൈറിയയും ഫ്രാങ്കോ ബരേസിയും ഗ്യൂസപ്പെ ബെര്‍ഗോമിയും പൗളോ മാള്‍ഡീനിയുമൊക്കെ അതിന്റെ വക്താക്കളായിരുന്നു. 2006-ല്‍ ലോകകിരീടം നേടിയെങ്കിലും അതിനുശേഷമാണ് ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ പതനം ആരംഭിക്കുന്നത്. 2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ താരതമ്യേന ദുര്‍ബലരായ പരാഗ്വേ, ന്യൂസിലാന്‍ഡ്, സ്ലോവാക്യ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലായിരുന്നു ഇറ്റലി. പരാഗ്വേയോടും ന്യൂസിലാന്‍ഡിനോടും സമനില വഴങ്ങുകയും സ്ലോവാക്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയും ചെയ്തതോടെ നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2014 ബ്രസീല്‍ ലോകകപ്പിലും സമാനസ്ഥിതി തന്നെയായിരുന്നു. ഇംഗ്ലണ്ടും ഉറുഗ്വേയും കോസ്റ്റാറിക്കയും ഉള്‍പ്പെട്ട ഡി ഗ്രൂപ്പിലായിരുന്നു ഇറ്റലി. കരുത്തരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയെങ്കിലും ഉറുഗ്വേയോടും കോസ്റ്റാറിക്കയോടും അസൂറികള്‍ പരാജയപ്പെട്ട് പുറത്തായത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു.

പിന്നീട് നടന്ന 2018, 2022 ലോകകപ്പുകളില്‍ യോഗ്യത നേടാനാവാതെ പുറത്തായ ഇറ്റലിയെയും ഫുട്‌ബോള്‍ ലോകം കണ്ടു. ഇതിനിടയില്‍ സിസേര്‍ പ്രാന്‍ഡെല്ലി, ആന്റോണിയോ കോണ്ടെ, ഗിയാന്‍ പിയറോ വെഞ്ചുറ, ലുയിജി ഡി ബയാജിയോ, റോബര്‍ട്ടോ മാന്‍സീനി, ലൂസിയാനോ സ്‌പെലാറ്റി തുടങ്ങിയ പേരും പെരുമയുമുള്ള പരിശീലകര്‍ വന്നിട്ടും ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ദുര്‍ഗതി മാറിയില്ല.

ഇപ്പോഴത്തെ പരിശീലകനായ മുന്‍താരം ജന്നാരോ ഗട്ടൂസോയുടെ സ്ഥിതിയും മറിച്ചല്ല. 2026 ലോകകപ്പിലേക്കുള്ള യോഗ്യത നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല. കാറ്റനാച്ചിയോയുടെ പഴയ പ്രതാപമൊന്നുമില്ലെങ്കിലും ഒരുപിടി മികച്ച താരങ്ങള്‍ ഇപ്പോഴും ഇറ്റാലിയന്‍ സംഘത്തിലുണ്ട്. ജിയാന്‍ലുയിഗി ഡൊണറുമ്മ, റിക്കാര്‍ഡോ കലാഫിയോറി, സാന്ദ്രോ ടൊണാലി, മോയിസ് കീന്‍, ജിയാന്‍ലൂക്കാ സ്‌കമാക തുടങ്ങിയവരൊക്കെ അവരില്‍ പെട്ടവരാണ്. പക്ഷേ, വലിയ മത്സരങ്ങളെയും നിര്‍ണായക ഘട്ടങ്ങളെയും മറികടക്കാനുള്ള കരുത്തും തന്ത്രവും ആ താരങ്ങള്‍ക്കും പരിശീലകനും ഇല്ലാതെ പോയി. അമേരിക്കയും കാനഡയും മെക്‌സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിലേക്കുള്ള യോഗ്യതാ റൗണ്ടില്‍ നോര്‍വെ, മൊള്‍ഡോവ, എസ്റ്റോണിയ, ഇസ്രായേല്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇറ്റലി. ഇസ്രായേല്‍, മൊള്‍ഡോവ, എസ്റ്റോണിയ എന്നിവരെ കീഴടക്കാന്‍ അസൂറികള്‍ക്ക് കഴിഞ്ഞെങ്കിലും എര്‍ലിങ് ഹാലന്‍ഡ് എന്ന ഒറ്റയാന്റെ നോര്‍വെയെ പിടിച്ചുകെട്ടാന്‍ ഇറ്റലിക്ക് കഴിഞ്ഞില്ല. നോര്‍വെയോടുള്ള രണ്ട് മത്സരങ്ങളും പരാജയപ്പെട്ട അവര്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്ലേഓഫ് കളിക്കേണ്ട ഗതികേടിലെത്തി. പ്ലേഓഫിലെ ആദ്യ മത്സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ അസൂറികള്‍ക്ക് പ്ലേഓഫ് ഫൈനലില്‍ നേരിടേണ്ടിവന്നത് ബോസ്‌നിയയെയാണ്.

കാല്‍പന്തുകളിയില്‍ അത്ര വലിയ മേല്‍വിലാസമില്ലാത്ത ബോസ്‌നിയയെ നിഷ്പ്രയാസം കീഴടക്കാമെന്നായിരുന്നു ഇറ്റാലിയന്‍ ക്യാമ്പ് കരുതിയത്. എന്നാല്‍ ബോസ്‌നിയന്‍ നഗരമായ സെനിക്കയിലെ ബിലിനോ പോള്‍ജെ മൈതാനത്ത് നടന്ന കാര്യങ്ങള്‍ മറിച്ചായിരുന്നു. വിശ്വപോരാട്ടത്തിന്റെ മൈതാനങ്ങളെ അടക്കിഭരിച്ച ശീലമുള്ള അസൂറികള്‍ കരുതലോടെയാണ് തുടങ്ങിയത്. മത്സരത്തിന്റെ പതിനഞ്ചാം മിനിറ്റില്‍ തന്നെ മോയിസ് കീനിലൂടെ ഇറ്റലി ലീഡെടുത്തത് ആരാധകരെയും ഇറ്റാലിയന്‍ ക്യാമ്പിനെയും ആവേശഭരിതരാക്കി. എന്നാല്‍ 41-ാം മിനിറ്റില്‍ ഇറ്റാലിയന്‍ സെന്റര്‍ബാക്ക് അലസാന്ദ്രോ ബാസ്റ്റോണി ചുവപ്പുകാര്‍ഡ് വാങ്ങിയത് ജന്നാരോ ഗട്ടൂസോയുടെയും ഇറ്റാലിയന്‍ ആരാധകരുടെയും ഉള്ളിലേക്ക് തീ കോരിയിട്ടത് പോലെയായി. ബോസ്‌നിയന്‍ വിങ്ങര്‍ അമര്‍ മെമിക്കിന്റെ ഗോളെന്നുറച്ച മുന്നേറ്റത്തെ പിന്നില്‍ നിന്ന് വലിച്ചിട്ടതിനായിരുന്നു അനിവാര്യമായ ആ ചുവപ്പുകാര്‍ഡ്. അതോടെ പത്തുപേരായി ചുരുങ്ങിയ അസൂറികള്‍ ബോസ്‌നിയക്കെതിരെ നന്നായി വിയര്‍ത്തു.

79-ാം മിനിറ്റില്‍ മുന്നേറ്റനിരക്കാരന്‍ ഹാരിസ് ടബാക്കോവിച്ചിലൂടെ ബോസ്‌നിയ സമനിലഗോള്‍ നേടിയതോടെ ബിലിനോ പോള്‍ജെ മൈതാനത്ത് ആവേശത്തിന്റെ കൊടുമുടികള്‍ ഉയര്‍ന്നു. പിന്നീട് അധികസമയത്തും ബോസ്‌നിയക്കെതിരെ ഇറ്റലിക്ക് ഗോളുകളൊന്നും നേടാന്‍ കഴിഞ്ഞില്ല. അതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ജിയാന്‍ലുയിഗി ഡൊണറുമ്മ എന്ന വിശ്വസ്ത ഗോള്‍കീപ്പറുടെ കരങ്ങളിലായിരുന്നു ഗട്ടൂസോയുടെ പ്രതീക്ഷ. എന്നാല്‍ കാര്യങ്ങള്‍ അവിടെയും തകിടം മറിഞ്ഞു. ബോസ്‌നിയക്ക് വേണ്ടി കിക്കെടുത്ത ബെന്‍ജമിന്‍ താഹിറോവിച്ച്, ഹാരിസ് ടബാക്കോവിച്ച്, കരിം അലൈബ്‌ഗോവിച്ച്, എസ്മിര്‍ ബൈറക്ടാരോവിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍, സാന്ദ്രോ ടൊണാലി മാത്രമാണ് ഇറ്റലിക്ക് വേണ്ടി വല കുലുക്കിയത്. പിയോ എസ്‌പോസിറ്റോയുടെയും ബ്രയന്‍ ക്രിസ്റ്റാന്റെയുടെയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ വന്നപ്പോള്‍ തങ്ങളൊരു ഇരുണ്ട കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് ജന്നാരോ ഗട്ടൂസോയും സംഘവും തിരിച്ചറിഞ്ഞു. ഒരുകാലത്ത് വിശ്വപോരാട്ടങ്ങളുടെ മൈതാനങ്ങളെ അടക്കി ഭരിച്ചിരുന്ന അസൂറികള്‍ സെനിക്കയിലെ ബിലിനോ പോള്‍ജെ മൈതാനത്ത്, ഫുട്‌ബോളില്‍ അത്ര വലിയ പാരമ്പര്യവും മേല്‍വിലാസവും ഇല്ലാത്ത ഒരു ടീമിനോട് പരാജയപ്പെട്ട് തളര്‍ന്നിരിക്കുന്നത് കാണുമ്പോള്‍ പിടഞ്ഞത് ഇറ്റാലിയന്‍ ആരാധകരുടെ മനസ്സ് മാത്രമായിരുന്നില്ല, അത് ലോക ഫുട്‌ബോളിന്റേത് കൂടിയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം സ്തംഭിച്ചു; നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തില്‍, ഭീഷണിയുമായി ട്രംപ്
April 19, 2026
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറം സ്വദേശി യാമ്പുവില്‍ ഹൃദയാഘാതംമൂലം മരിച്ചു
April 19, 2026
സൗദിയില്‍  ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 14,487 നിയമലംഘകര്‍ പിടിയില്‍; നാടുകടത്തല്‍ തുടരുന്നു
April 19, 2026
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
ലബനനില്‍ സമാധാന സേനയ്ക്ക് നേരെ ആക്രമണം: ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടു, മൂന്നു പേര്‍ക്ക് പരിക്ക്
April 19, 2026
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
ലണ്ടനിലെ തേംസ് നദിയില്‍ മുങ്ങി മരിച്ച കീര്‍ത്തിയുടെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കരിക്കും
April 19, 2026
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
ദുബായില്‍ തര്‍ക്കം പരിഹരിക്കാനെത്തിയ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയും മലയാളി
April 19, 2026
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു; കപ്പലുകള്‍ക്ക് നേരെ വെടിവെപ്പ്; ബ്ലാക്ക്‌മെയില്‍ ചെയ്യാമെന്ന് കരുതേണ്ടെന്ന് ട്രംപ്, ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി ആശങ്ക അറിയിച്ചു
April 19, 2026
  വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
വിശുദ്ധ കഅബയിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മികവാര്‍ന്ന മിനുക്കുപണികള്‍
April 18, 2026
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
കെ.എം. സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു
April 18, 2026
 ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഡോ. ബി.ആര്‍. അംബേദ്കര്‍ ജയന്തി ആഘോഷിച്ചു
April 18, 2026