l o a d i n g

കായികം

തകര്‍ന്ന 'കാറ്റനാച്ചിയോ'യും ഒരു പ്രതാപകാലത്തിന്റെ അസ്തമയവും

മുനീര്‍ വാളക്കുട

Thumbnail

കാറ്റനാച്ചിയോ എന്ന ഇറ്റാലിയന്‍ പദം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ അടഞ്ഞുകിടക്കുന്ന വാതില്‍ക്കുറ്റി എന്നൊക്കെ പറയാം. പ്രതിരോധത്തിന് അമിത പ്രാധാന്യം നല്‍കിയിരുന്ന ഇറ്റാലിയന്‍ ഫുട്‌ബോള്‍ ശൈലിക്ക് നല്‍കിയിരുന്ന പേരും കാറ്റനാച്ചിയോ എന്ന് തന്നെയായിരുന്നു. സംഘടിതമായ ആ പ്രതിരോധശൈലിക്ക് പല കാലഘട്ടങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നത് പ്രതിഭാധനരായ താരങ്ങളായിരുന്നു. എത്ര കരുത്തും മൂര്‍ച്ചയുമുള്ള ലോകോത്തര മുന്നേറ്റ നിരക്കാരായാലും കാറ്റനാച്ചിയോക്ക് മുന്നില്‍ പകച്ചു നിന്നിട്ടുണ്ട്.

1970 കളില്‍ യുവന്റസിന്റെ ഗെറ്റാനോ സ്‌കൈറിയ ആയിരുന്നു അതിന് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് ആ പാതയിലേക്ക് ഗ്യൂസപ്പെ ബര്‍ഗേമി, ഫ്രാങ്കോ ബരേസി, പൗലോ മാള്‍ഡീനി, അലസാന്ദ്രോ കോസ്റ്റാകൂര്‍ട്ട തുടങ്ങിയ പോരാളികളുമെത്തി. കാലം കടന്ന് പോകവേ ഫാബിയോ കനവാരോ, അലസാന്ദ്രോ നെസ്റ്റ, ജിയാന്‍ലൂക്കാ സംബ്രോട്ട, ലിയനാര്‍ഡോ ബൊനോച്ചി, ജോര്‍ജിയോ ചെല്ലിനി അങ്ങനെ വിവിധ പേരുകളിലേക്ക് ആ ശൈലി കൈമാറ്റം ചെയ്യപ്പെട്ടു. പക്ഷേ പുതിയകാലത്ത് കാറ്റനാച്ചിയോ തകര്‍ന്നുവെന്നാണ് ഫുട്‌ബോള്‍ ലോകം നിരീക്ഷിക്കുന്നത്. പേരും പെരുമയും ഏറെയുള്ള തങ്ങളുടെ മുന്‍ഗാമികളുടെ കരുത്തും പോരാട്ടവീര്യവും ഇന്നത്തെ താരങ്ങള്‍ക്ക് ഇല്ലെന്നാണ് ഇറ്റാലിയന്‍ ആരാധകര്‍ അടിവരയിട്ട് പറയുന്നത്. നാലുതവണ വിശ്വകിരീടം നേടിയ, സമ്പന്നമായ ഫുട്‌ബോള്‍ പാരമ്പര്യവും ചരിത്രവുമുള്ള അസൂറികള്‍ കഴിഞ്ഞ രണ്ട് ലോകകപ്പുകള്‍ക്ക് യോഗ്യത നേടിയിട്ടില്ല എന്നതും 2026 ലോകകപ്പില്‍ പന്ത് തട്ടണമെങ്കില്‍ പ്ലേഓഫ് കടമ്പ കടക്കാന്‍ കാത്തിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം ഇറ്റാലിയന്‍ ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇറ്റാലിയന്‍ പ്രതിരോധനിരയിലെ പ്രധാന താരങ്ങളായിരുന്ന അലസിയോ റൊമാഗ്‌നോളി, ഡാനിയല്‍ റുഗാനി, ക്രിസ്ത്യാനോ ബിരാഗി, ജിയാന്‍ലൂക്ക മാന്‍സിനി, ഫെഡറിക്കോ ഗാറ്റി, മാറ്റിയ കാള്‍ഡാര, എമേഴ്‌സണ്‍ പാല്‍മിയേരി തുടങ്ങിയ താരങ്ങളോടൊന്നും ഇറ്റാലിയന്‍ ആരാധകര്‍ക്ക് അത്ര മതിപ്പില്ല. ഒപ്പം ഇന്നത്തെ പ്രധാന പ്രതിരോധനിര താരങ്ങളായ അലസാന്ദ്രോ ബാസ്റ്റോണി, റിക്കാര്‍ഡോ കലഫിയോറി, ഫെഡറികോ മാര്‍ക്കോ എന്നിവരെയും മുന്‍ഗാമികളോട് താരതമ്യം ചെയ്യുന്നില്ല ഇറ്റാലിയന്‍ ആരാധകര്‍. 2020 യൂറോകിരീടം നേടിയെങ്കിലും ഇറ്റലിക്ക് കഴിഞ്ഞ രണ്ട് തവണ വിശ്വമേളയുടെ കുമ്മായവരക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാത്തത് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. റോബര്‍ട്ടോ മാന്‍സിനി, ലൂസിയാനോ സ്‌പെല്ലെറ്റി, ഗിയാന്‍ പിയേറൊ വെഞ്ചുറ തുടങ്ങിയ വലിയ പേരുകള്‍ പരിശീലകസ്ഥാനത്തേക്ക് വന്നിട്ടും ഇറ്റാലിക്ക് ഗുണം ചെയ്തില്ല. ഇപ്പോള്‍ പഴയ പ്രതിരോധ മതിലിന്റെ കാവലാള്‍ ഗന്നാരോ ഗട്ടൂസയാണ് ഇറ്റലിക്ക് തന്ത്രങ്ങള്‍ ഒരുക്കുന്നത്. എന്നാലും തന്റെ ടീമിനെ പഴയ താളത്തിലേക്കും പ്രതാപത്തിലേക്കും തിരികെ എത്തിക്കാന്‍ അദ്ദേഹത്തിനും കഴിഞ്ഞിട്ടില്ല.

2026 ലോകകപ്പ് യോഗ്യത റൗണ്ടില്‍ താരതമ്യേന ദുര്‍ബലരായ നോര്‍വേ, എസ്റ്റോണിയ, മോള്‍ഡോവ, ഇസ്രായേല്‍ എന്നീ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ഐ യിലായിരുന്നു ഇറ്റലിയും. അനായാസം വിജയിച്ചു കയറാം എന്നായിരുന്നു ഇറ്റാലിയന്‍ ക്യാമ്പ് കരുതിയിരുന്നത്. എന്നാല്‍ എര്‍ലിങ് ഹാലന്റിന്റെ തോളിലേറി നോര്‍വേ അപ്രതീക്ഷിത കുതിപ്പ് നടത്തിയപ്പോള്‍ ഇറ്റാലിയന്‍ സംഘത്തിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എട്ടില്‍ എട്ടുമത്സരങ്ങളും വിജയിച്ച് 24 പോയന്റ് സ്വന്തമാക്കിയായിരുന്നു നോര്‍വേ ലോകകപ്പിലേക്ക് തങ്ങളുടെ ബര്‍ത്ത് ഉറപ്പിച്ചത്. ഹോം -എവേ മത്സരങ്ങളില്‍ നോര്‍വയോട് വഴങ്ങിയ രണ്ട് തോല്‍വികളും അസൂറികള്‍ക്ക് വിനയായി. അതോടെ 18 പോയന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തായി. ഇനി പ്ലേഓഫ് മാത്രമാണ് ലോകകപ്പിലേക്കുള്ള ഇറ്റലിയുടെ അവസാന സാധ്യത. പക്ഷേ അവിടെയും കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

ഗ്രൂപ്പ് റൗണ്ടില്‍ നിന്നും രണ്ടാം സ്ഥാനക്കാരായ 12 ടീമുകളാണ് നേരിട്ട് പ്ലേഓഫ് റൗണ്ടില്‍ എത്തുന്നത്. ഒപ്പം യുവേഫ നാഷന്‍സ് ലീഗില്‍ നിന്നും റാങ്കിംഗ് അടിസ്ഥാനത്തില്‍ നാല് ടീമുകള്‍ കൂടി പ്ലേഓഫില്‍ ഇടം നേടിയിട്ടുണ്ട്. ഈ 16 ടീമുകളെ നാല് ഗ്രൂപ്പുകളാക്കി തിരിക്കും. അടുത്തവര്‍ഷം മാര്‍ച്ചിലാണ് പ്ലേഓഫ് മത്സരങ്ങള്‍ നടത്തുന്നത്. 2026 ലോകകപ്പിലേക്ക് യോഗ്യത നേടാന്‍ പ്ലേഓഫില്‍ ഒരു സെമിഫൈനലും ഫൈനലുമാണ് ഇറ്റലിക്ക് കളിക്കേണ്ടത്. സെമി ഫൈനലില്‍ വടക്കന്‍ അയര്‍ലന്‍ഡ് ആയിരിക്കും ഇറ്റലിയുടെ എതിരാളികള്‍. റാങ്കിംഗ് അനുസരിച്ച് ഇറ്റലിയുടെ ഹോം ഗ്രൗണ്ടിലായിരിക്കും മത്സരം നടക്കുക. അത് അസൂറികള്‍ക്ക് അനുകൂലമായ ഒരു ഘടകമാണ്. ആ മത്സരം വിജയിച്ചാല്‍, പിന്നീട് നടക്കുന്ന വെയില്‍സ് -ബോസ്‌നിയ മത്സര വിജയികളെ ഇറ്റലി ഫൈനലില്‍ നേരിടണം. ആ മത്സരം കൂടി വിജയിച്ചാല്‍ മാത്രമാണ് ഇറ്റലിക്ക് അടുത്ത ലോകകപ്പില്‍ കളിക്കാനാവുക.

ഒരുകാലത്ത് റോമയിലെ കൊളോസിയം പോലെ തലയുയര്‍ത്തി നിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു ഇറ്റാലിയന്‍ ഫുട്‌ബോള്‍. ഫ്രാങ്കോ ബരേസി, ഗെറ്റാനോ സ്‌കൈറിയ, ഗ്യൂസപ്പെ ബര്‍ഗേമി, പൗളോ മാള്‍ഡീനി തുടങ്ങിയ പോരാളികള്‍ പടുത്തുയര്‍ത്തിയ കാറ്റനാച്ചിയോ എന്ന പ്രതിരോധത്തിന്റെ ഉരുക്ക് കോട്ട, മാന്ത്രിക കൈകളുമായി ഗോള്‍വലക്ക് കുറുകെ നിന്ന ദിനോസോഫ്, ജിയാന്‍ലൂയിജി ബഫണ്‍ തുടങ്ങിയ രക്ഷകര്‍, മധ്യനിരയില്‍ പന്ത് കൊണ്ട് സൗന്ദര്യവും ഭാവന സമ്പന്നവുമായ കവിതകള്‍ രചിച്ച സാന്ദ്രോ മസോള, മാര്‍ക്കോ ടാര്‍ഡെല്ലി, ആന്ദ്രേ പിര്‍ലോ പോലുള്ളവരുടെ കണ്ണുംനവും നിറയ്ക്കുന്ന നീക്കങ്ങള്‍, പൗളോ റോസി, റോബര്‍ട്ടോ ബാജിയോ, ഫ്രാന്‍സെസ്‌കോ ടോട്ടി, ഡെല്‍പിയറോ എന്നിവരടങ്ങിയ കരുത്തുറ്റ മുന്നേറ്റനിര. അത്തരം വലിയ ചരിത്രവും സമ്പന്നമായ പാരമ്പര്യവുമുള്ള ഒരു ടീമാണ് ഇന്ന് ഈ ഗതിയില്‍ എത്തിനില്‍ക്കുന്നത്. നാലുതവണ വിശ്വകിരീടം ചൂടി അസൂറികള്‍ ലോകത്തിന്റെ നിറുകയില്‍ തങ്ങളുടെ പതാക പാറിച്ചു. 1934, 1938, 1982, 2006 എന്നീ വര്‍ഷങ്ങളിലായിരുന്നു ഈ ചരിത്രനേട്ടങ്ങള്‍. എന്നാല്‍ ഇന്ന് ആ സാമ്രാജ്യം തകര്‍ച്ചയുടെ വക്കിലാണ്. 2006 വിശ്വകിരീടത്തില്‍ മുത്തമിട്ട അതേ ടീം ഇന്ന് യോഗ്യത നേടാനായി പ്ലേഓഫ് മത്സരങ്ങളെ ആശ്രയിച്ച് കാത്തിരിക്കുന്നു എന്നത് ഒരുപക്ഷേ കാലത്തിന്റെ ക്രൂരമായ തമാശയാവാം.

-മുനീര്‍ വാളക്കുട

Photo

Latest News

 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് ഭരണാധികാരികളുടെ നിലപാട് സ്വാഗതാര്‍ഹം - ഫിറോസ് കൊയിലാണ്ടി
April 21, 2026
 ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
ഇറാനില്‍നിന്നുള്ള ആണവശേഖരം ദുഷ്‌കരം; കരാര്‍ പഴയതിനേക്കാളും മികച്ചതാവും -ഡൊണാള്‍ഡ് ട്രംപ്
April 21, 2026
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
ലെബനനില്‍ ക്രിസ്തുപ്രതിമ തകര്‍ത്ത് ഇസ്രായേല്‍ സൈനികന്‍; യു.എസില്‍ കടുത്ത പ്രതിഷേധം
April 21, 2026
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
ജര്‍മ്മനിയിലെ ഗുരുദ്വാരയില്‍ വന്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരിക്ക്, തോക്കും കത്തിയും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്
April 21, 2026
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
ആപ്പിള്‍ സിഇഒ സ്ഥാനത്തുനിന്ന് ടിം കുക്ക് മാറുന്നു; ജോണ്‍ ടെര്‍നസ് പുതിയ മേധാവി
April 21, 2026
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
കാലിഫോര്‍ണിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 70 കാരനായ പൈലറ്റിന് ഗുരുതര പരിക്ക്
April 21, 2026
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
ഗള്‍ഫ് സിനിമാലോകത്തിന്റെ പ്രിയതാരം ഹയാത്ത് അല്‍-ഫഹദ് അന്തരിച്ചു
April 21, 2026
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
ഇന്ത്യയുമായി സാംസ്‌കാരിക സഹകരണത്തിന് സൗദി ശൂറ കൗണ്‍സില്‍ അംഗീകാരം
April 21, 2026
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
യുഡിഎഫ് മിന്നും വിജയം നേടും; മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം: റിയാദ് ഒ.ഐ.സി.സി.
April 20, 2026
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
ബഹ്റൈന്‍ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്‌റഹ്‌മാന്റെ ഭാര്യ യസീന നിര്യാതയായി
April 20, 2026