ജിദ്ദ: സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ നടന്നു വരുന്ന സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ നിര്‍ണായകമായ എ ഡിവിഷന്‍ മത്സരത്തില്‍ എച് എം ആര്‍ റിയല്‍ കേരള എഫ് സി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കേരള എഫ് സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് എന്‍കംഫര്‍ട് എ സി സി എ ടീമിനെ തോല്‍പ്പിച്ചു. കളി തുടങ്ങി മിനുട്ടുകള്‍ക്കകം ലഭിച്ച പെനാല്‍റ്റി ഗോളാക്കി കൊണ്ട് നസീബ് റഹ്‌മാനാണ് റിയല്‍ കേരളയുടെ ഗോള്‍വേട്ടക്ക് ആദ്യമായി തുടക്കമിട്ടത്. ഇടവേളക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഈസ്റ്റ് ബംഗാള്‍ താരം അമന്‍ ചാമക്കുഴിയില്‍ സോളോ റണ്ണിലൂടെ നാല് എ സി സി കളിക്കാരെയും ഡ്രിബിള്‍ ചെയ്ത് മുന്നേറി ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ സെക്കന്‍ഡ് പോസ്റ്റിന്റെ മൂലയിലേക്ക് തൂക്കി ഇറക്കിയ മനോഹരമായ കര്‍വിങ് ഷോട്ടിലൂടെ റിയല്‍ കേരളയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടവേള കഴിഞ്ഞു തിരിച്ചെത്തിയ എ സി സി ടീം ആസിഫ് ചെറുകുന്നന്റെയും, അബ്ദുല്‍ ഹന്നാന്റെയും, റിഫ്ഹാത് റംസാന്റെയും നേതൃത്വത്തില്‍ നെയ്‌തെടുത്ത പ്രത്യാക്രമണങ്ങളിലൂടെ ഗോള്‍ മടക്കി കളിയിലേക് തിരിച്ചു വരാന്‍ നടത്തിയ ശ്രമങ്ങളൊക്കെ അമീന്‍ കോട്ടകുത്, യാഷിം മാലിക് തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ശക്തമായ റിയല്‍ കേരള പ്രതിരോധ നിര സമര്‍ത്ഥമായി ചെറുത്തു. എ സി സി മുന്നേറ്റ നിരക്ക് മികച്ച പിന്തുണ നല്‍കിയിരുന്ന മധ്യനിരതാരം അവരുടെ നായകന്‍ കൂടിയായ അബ്ദുല്‍ സാദിഖ് ആദ്യപകുതിയില്‍ തന്നെ പരിക്ക് പറ്റി പുറത്തുപോയതും അവര്‍ക്ക് തിരിച്ചടിയായി. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ വലതു വിങ്ങില്‍ നിന്ന് ലഭിച്ച ക്രോസ്സ് ഫസ്റ്റ് ടൈം ടച്ചിലൂടെ പോസ്റ്റിലേക്ക് തിരിച്ചു വിട്ട് ജിബിന്‍ വര്‍ഗീസ് റിയല്‍ കേരളയുടെ മൂന്നാം ഗോളും നേടിക്കൊണ്ട് വിജയമുറപ്പിച്ചു. മികച്ച പന്തടക്കത്തോടെ വേഗതയാര്‍ന്ന നീക്കങ്ങള്‍ കൊണ്ട് എ സി സി പ്രതിരോധനിരക്ക് നിരന്തരം തലവേദന സൃഷ്ടിച്ച പ്ലയെര്‍ ഓഫ് ദി മാച്ച്. ആയി തിരഞ്ഞെടുക്കപ്പെട്ട റിയല്‍ കേരളയുടെ അമന്‍ ചാമക്കുഴിയിലിനു സിഫ് ജനറല്‍ ക്യാപ്റ്റന്‍ അന്‍വര്‍ കരിപ്പയും കെ .എം.സി.സി. ഡല്‍ഹി പ്രസിഡണ്ട് മുഹമ്മദ് അലീമും സംയുക്തമായി ട്രോഹി സമ്മാനിച്ചു.
എ ഡിവിഷനില്‍ തന്നെ നടന്ന നിര്‍ണായകമായ മറ്റൊരു വാശിയേറിയ മത്സരത്തില്‍ റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സി യും, അര്‍കാസ് ബ്ലാസ്റ്റേഴ്സ് എഫ് സിയും ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ പിരിഞ്ഞു. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരങ്ങള്‍ പരാജയപ്പെട്ടിരുന്ന ഇരു ടീമുകള്‍ക്കും സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയം അനിവാര്യമായിരുന്നു . അത്‌കൊണ്ട് തന്നെ ശക്തമായ നിരയുമായാണ് ഇരു ടീമുകളും മത്സരത്തിനെത്തിയത്. ഇന്ത്യന്‍ താരം മുഹമ്മദ് സനാന്‍, സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു എന്നിവര്‍ക്കൊപ്പം നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന്റേയും ബാംഗ്ലൂര്‍ എഫ് സിയുടെയും മണിപ്പൂരി താരങ്ങളായ അല്ലന്‍ കാമ്പര്‍,ഔആനിജു, ഡാമന്‍ ബലാങ് തുടങ്ങി പ്രമുഖരെ ബൂട്ടണിയിച്ചാണ് സാബിന്‍ എഫ് സി മത്സരത്തിനിറങ്ങിയതെങ്കില്‍,മറുവശത്തു ഫോഴ്സ കൊച്ചിന്‍ ഗോള്‍കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ്, ഐ ലീഗ്, കെ പി എല്‍ താരങ്ങളായ മുഹമ്മദ് മുര്‍ഷിദ്, മിദുലാജ്, മുഹമ്മദ് ആഷിഖ്, നബീല്‍ തുടങ്ങി ശക്തമായ താരനിരയുമായാണ് ബ്ലാസ്റ്റേഴ്സ് എഫ് സിയും പടക്കിറങ്ങിയത്. ആദ്യ പകുതിയില്‍ കളിയില്‍ നേരിയ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സ് എഫ് സിക്കായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ കീപ്പര്‍ നിഹാലിന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തു പോവേണ്ടി വന്നതും സാബിന്‍ എഫ് സിക്ക് തിരിച്ചടിയായി. തുടര്‍ന്ന് അവരുടെ മുന്നേറ്റനിര താരം മുഹമ്മദ് അനസിനെ ഗോള്‍കീപ്പറുടെ ജേഴ്സി അണിയിച്ചാണ് സാബിന്‍ എഫ് സി മത്സരം പൂര്‍ത്തിയാക്കിയത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആഷിഖ് തൊടുത്ത ഗോളെന്നുറച്ച ഷോട്ട് മനോഹരമായ മുഴുനീള ഡൈവിംഗ് സേവിലൂടെ തട്ടിയകറ്റി അനസ് ഗോള്‍ പോസ്റ്റിന് കീഴിലും തന്റെ കഴിവ് തെളിയിച്ചു. പത്തു പേരുമായി രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയ സാബിന്‍ എഫ് സി കൂടുതല്‍ ഒത്തിണക്കത്തോടെ കുറിയ പാസുകളിലൂടെ മത്സരത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ച്ചയാണ് കണ്ടത്. മത്സരം ഗോള്‍രഹിത സമനിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച അവസാന മിനിറ്റുകളില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്തു ഗോളാക്കി കൊണ്ട് അക്മല്‍ ഷാനിലൂടെ ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം ലീഡ് നേടിയത്. ബ്ലാസ്റ്റേഴ്സ് കളിക്കാരും ആരാധകരും വിജയം ഉറപ്പിച്ചു നില്‍ക്കുമ്പോള്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് പെനാല്‍റ്റി ബോക്‌സിനു തൊട്ടു പുറത്തു വെച്ച് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് കിട്ടിയ പന്ത് അര്‍ജുന്‍ ജയരാജ് ഹെഡ് ചെയ്തത് ബ്ലാസ്റ്റേഴ്സ് എഫ് സി ഗോള്‍ കീപ്പര്‍ക്ക് തൊട്ടുമുന്നില്‍ കുത്തിപ്പൊങ്ങി ഗോള്‍ വലയുടെ മൂലയിലേക്ക് കയറി പോവുന്നത് കണ്ട് അപ്രതീക്ഷിതമായി ലഭിച്ച സമനിലയില്‍ സാബിന്‍ എഫ് സി ആരാധകര്‍ ഗ്രൗണ്ടില്‍ ആഹ്‌ളാദ നൃത്തം ചവിട്ടി. കളിയിലെ കേമനായി തിരഞ്ഞെടുത്ത ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അക്മല്‍ ഷാനു , സെപ്യൂരിറ്റി ഇന്‍ചാര്‍ജ് അബുമുശരിയും സാദിഖ് പാണ്ടിക്കാടും ചേര്‍ന്ന് ട്രോഫി നല്‍കി..
വെള്ളിയാഴ്ച്ച നടന്ന ആദ്യ മത്സരത്തില്‍ ബി ഡിവിഷനില്‍ എം എസ് ഐ കോള്‍ഡ് ചെയിന്‍ ടെക്‌നോളോജിസ് റെഡ് സീ ബ്ലാസ്റ്റേഴ്സ് എഫ് സി, ഏകപക്ഷീയമായ ആറു ഗോളുകള്‍ക്ക് നജം അമന്‍ യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ തോല്‍പ്പിച്ചു. റെഡ്‌സീബ്ലാസ്റ്റേഴ്സിന് വേണ്ടി മുഹമ്മദ് നവാസ് (2), ഷാനിഫ് (2), ബാസിത് (2) എന്നിവരാണ് ഗോളുകള്‍ നേടിയത്. റെഡ്സീ ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് നവാസ് ആണ് പ്ലേയര്‍ ഓഫ് ദി മാച്ച് . ബി ഡിവിഷനിലെ രണ്ടാം മത്സരത്തില്‍ അല്‍ ഫിഫി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റബിയ ടീ ബ്ലൂസ്റ്റാര്‍ എ ടീമിനെ തോല്‍പ്പിച്ചു. മുഹമ്മദ് അലിഷാന്‍, അദീബ് ബഷീര്‍, അജ്മല്‍ എന്നിവരാണ് ജിദ്ദ എഫ് സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ജിദ്ദ എഫ് സി ഗോള്‍കീപ്പര്‍ വൈശാഖിനു ഇര്‍ഷാദ് -മുജീബ് എന്നിവര്‍ ട്രോഫി നല്‍കി.
ബി ഡിവിഷനിലെ മൂന്നാം മത്സരത്തില്‍ ക്സൈക്ലോണ്‍മൊബൈല്‍ ആക്സെസ്സറിസ് ഐ ടി സോക്കര്‍ എഫ് സി രണ്ടു ഗോളുകള്‍ക്ക് വിജയ് മസാല ബി എഫ് സി ജിദ്ദയെ തോല്‍പ്പിച്ചു. ബി ഡിവിഷന്‍ ഗ്രൂപ്പ് ബി യിലെ മൂന്ന് മത്സരങ്ങളും ജയിച് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഐ ടി സോക്കര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച് രണ്ടാം സ്ഥാനക്കാരായി ബി എഫ് സി ജിദ്ദയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഷെഫിന്‍ അഹമ്മദ് ആണ് ഐ ടി സോക്കര്‍ എഫ് സിയുടെ രണ്ടു ഗോളുകളും നേടിയത്. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ട ഷെഫിന്‍ അഹമ്മദിനു ജുനൈസ് (റാബിയ ടീ )ട്രോഫി നല്‍കി.
വ്യാഴാഴ്ച രാത്രി നടന്ന ബി ഡിവിഷന്‍ മത്സരങ്ങളില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂ കാസില്‍ എഫ് സി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കാഫ് ലോജിസ്റ്റിക്സ് ഫ്രണ്ട്‌സ് ജൂനിയറിനെയും, ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് & ഇവെന്റ്‌സ് എ സി സി ബി ടീം മൂന്ന് ഗോളുകള്‍ക്ക് ബുക്കാറ്റ് എഫ് സി സോക്കര്‍ ഫ്രീക്സ് സീനിയേഴ്‌സിനെയും പരാജയപ്പെടുത്തി. ന്യൂകാസില്‍ - ഫ്രണ്ട്‌സ് മത്സരത്തില്‍ അജ്മല്‍ ജസീമിലൂടെ ഫ്രണ്ട്‌സ് ജൂനിയറാണ് ആദ്യം ലീഡ് നേടിയത്, എന്നാല്‍ ലോങ്ങ് വിസിലിനു പത്തു മിനിറ്റോളം മാത്രം ബാക്കിയുള്ളപ്പോള്‍ മുഹമ്മദ് നിബ്രാസ്, മുഹമ്മദ് ഷുഹൈബ്, മുഹ്സിന്‍ എന്നിവരിലൂടെ മൂന്ന് ഗോളുകള്‍ തിരിച്ചടിച് ന്യൂകാസില്‍ എഫ് സി വിജയം പിടിച്ചു വാങ്ങുകയായിരുന്നു.
എ സി സി ബി ടീമിന് വേണ്ടി ആസിഫ് (2), ദില്‍ഷാദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. പ്ലയര്‍ ഓഫ് ദി മാച്ച് അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട ന്യൂകാസില്‍ എഫ് സിയുടെ മുഹമ്മദ് മുഹ്‌സിനു ഖലീല്‍ കെ.റ്റി. ട്രോഫി നല്‍കി .
ബി ഡിവിഷന്‍ എ ഗ്രൂപ്പിലെ ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് ജയങ്ങളോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ന്യൂകാസില്‍ എഫ് സിയും, രണ്ടു മത്സരങ്ങള്‍ ജയിച്ചു രണ്ടാം സ്ഥാനക്കാരായി എ സി സി ബി ടീമും ക്വാര്‍ട്ടര്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചു.
വിവിധ മത്സരങ്ങളിലായി കളിക്കാരൂമായി പരിചയപ്പെട്ടത് അഹമ്മദ് അബു സഊദ്, ( റാബിയ ടീ ) ജുനൈസ് ,നിയാസ് (ഇരുവരും ഈസ്റ്റേണ്‍),ഗഫൂര്‍ കുണ്ടോട്ടി (മീഡിയ വണ്‍ ) ഫിറോസ് (ഹിബ ഏഷ്യ), അഷ്റഫ് (ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍) മുഹമ്മദ് അലീം (കെ.എം.സി.സി. ഡല്‍ഹി ) നിസാര്‍ (അര്‍ക്കസ് )ഷാനവാസ് (അല്‍മാസ് )സുബൈര്‍ വട്ടോളി, മുഹമ്മദ് നൗഫല്‍ (എച് .എം.ആര്‍ ),ഫാസില്‍ (റിയല്‍ കേരള) മിദ്ലാജ് ,ബഷീര്‍(ഇരുവരും ഏ.സി.സി. ക്ലബ്ബ് ) എന്നിവരാണ് . സിഫും സാന്‍ഫോര്‍ഡും സംഘടിപ്പിച്ച ഭാഗ്യനറുക്കെടുപ്പില്‍ വിജയികളായ സതീഷ് ,മുസ്തഫ എന്നിവര്‍ക്കു ഹൈദര്‍ എ.റ്റി. റീഗല്‍ മുജീബ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
ടുത്ത വെള്ളിയാഴ്ച നടക്കുന്ന എ ഡിവിഷന്‍ മത്സരങ്ങളില്‍ ബാന്‍ ബേക്കറി മഹ്ജര്‍ എഫ് സി, എഫ് സി യാമ്പുവിനെയും റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സി, എന്‍കംഫര്‍ട് എ സി സി എ ടീമിനെയും നേരിടും. ഇന്ത്യന്‍ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് സനാന്‍, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാന്‍ അലി, കേരള സന്തോഷ് ട്രോഫി താരം അഫ്ദല്‍ മുത്തു, കൊല്‍ക്കട്ട മുഹമ്മദന്‍സ് താരം ഹന്നാന്‍, റഫ്ഹാത് റംസാന്‍, മണിപ്പൂരി താരങ്ങളായ അല്ലന്‍ ക്യാമ്പര്‍, ഒവാനിജു പാജു, ദാമന്‍ ചൈന്‍ തുടങ്ങി വന്‍ താരനിര തന്നെ വിവിധ ടീമുകള്‍ക്ക് വേണ്ടി അടുത്ത വെള്ളിയാഴ്ച്ച ബൂട്ടണിയും. അടുത്ത ആഴ്ച്ചയിലെ മത്സരങ്ങളും വസീറിയ അല്‍ താവൂന്‍ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
ഫോട്ടോ: സാബിന്‍ എഫ് സി - ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തില്‍ നിന്നും. 2- റിയല്‍ കേരളം എഫ്സി - എ .സി. സി. മത്സരത്തില്‍ നിന്നും.
ഫോട്ടോ : നാസര്‍ ശാന്തപുരം
Related News