ഫുട്ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിന്റെ ആരവങ്ങളിലേക്ക് തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി 48 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് മാമാങ്കം അടുത്തവര്‍ഷം ജൂണില്‍ യുഎസിലും കാനഡയിലും മെക്‌സിക്കോയിലുമായിട്ടാണ് അരങ്ങേറുന്നത്. ആതിഥേയ രാജ്യങ്ങളടക്കം ഇതുവരെ 27 ടീമുകള്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. യൂറോപ്പിന്റെ ചിത്രം പൂര്‍ത്തിയായിട്ടില്ലെങ്കിലും. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, അള്‍ജീരിയ, ഘാന, ഐവറി കോസ്റ്റ്, സെനഗല്‍, ദക്ഷിണാഫ്രിക്ക, കാപ് വെര്‍ഡെ എന്നീ രാജ്യങ്ങള്‍ യോഗ്യത നേടി കഴിഞ്ഞു. കാപ് വെര്‍ഡെ എന്ന കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിക്കുമ്പോള്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയും കാമറൂണും പ്ലേഓഫ് കടമ്പ കടക്കാന്‍ കാത്തിരിക്കുകയാണ്. ഏഷ്യയില്‍ നിന്ന് പതിവുകാര്‍ എല്ലാവരും ഉണ്ട്. ജപ്പാന്‍, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ഇറാന്‍, ആസ്‌ട്രേലിയ, ഖത്തര്‍ എന്നീ കരുത്തര്‍ക്കൊപ്പം കന്നി ലോകകപ്പിനെത്തുന്ന ജോര്‍ദാനും ഉസ്ബകിസ്ഥാനുമുണ്ട്.
യുഎഇ യോ ഇറാഖോ പ്ലേഓഫ് കടമ്പ കടക്കുകയാണെങ്കില്‍ ഏഷ്യയില്‍ നിന്ന് ഇത്തവണ 9 ടീമുകള്‍ക്ക് ലോകകപ്പില്‍ അങ്കത്തിനിറങ്ങാം. ഓഷ്യാനിയയെ പ്രതിനിധീകരിച്ച് ന്യൂസിലാന്‍ഡും ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഉറുഗ്വേ, പരാഗ്വെ എന്നീ ടീമുകള്‍ ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടി കഴിഞ്ഞു. ബൊളീവിയ പ്ലേഓഫ് കടമ്പ കടക്കാന്‍ കാത്തിരിക്കുന്നുമുണ്ട്. കന്നി ലോകകപ്പിനെത്തുന്ന പുതിയ ടീമുകളുടെ വരവ് ഫുട്‌ബോള്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ഒരു രാജ്യമാണ് ആഫ്രിക്കന്‍ മേഖലയില്‍ നിന്നുള്ള ദ്വീപ് രാഷ്ട്രമായ കാപ് വെര്‍ഡെ.
ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന് 570 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാഷ്ട്ര സമൂഹമാണ് കാപ് വെര്‍ഡെ. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് ഈ പ്രദേശം കണ്ടെത്തിയതും പിന്നീട് അവരുടെ കോളനിയായിക്കി മാറ്റിയതും. 1975-ല്‍ പോര്‍ച്ചുഗലില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഈ രാജ്യത്തെ ജനസംഖ്യ ഇന്ന് 5 ലക്ഷത്തോളമാണ്. ആ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയും പോര്‍ച്ചുഗീസ് തന്നെയാണ്. ടൂറിസവും മസ്യബന്ധനവുമാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗം. തങ്ങളുടെ രാജ്യത്ത് ഫുട്‌ബോള്‍ വളരണമെന്നുള്ളത് ആ രാജ്യത്തിന്റെ ഭരണാധികാരികളുടെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു. അതിനായി പ്രാദേശിക തലത്തില്‍ യുവതാരങ്ങളെ വളര്‍ത്താനും ഫുട്‌ബോളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തന്നെ ധാരാളം നിക്ഷേപങ്ങള്‍ ഈ രംഗത്ത് നടത്തി. ഒപ്പം കാപ് വെര്‍ഡെ മുന്‍കാലത്ത് പോര്‍ച്ചുഗലിന്റെ കോളനി ആയതിനാല്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെ സ്വാധീനവും അവിടെ വളരെ ശക്തമാണ്. ഒപ്പം യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന ആ രാജ്യക്കാരായ പ്രവാസികളും ഫുട്‌ബോളില്‍ ധാരാളം നിക്ഷേപങ്ങള്‍ നടത്തി. അതോടെ ആ രാജ്യത്തെ ആഭ്യന്തര ലീഗ് സംവിധാനങ്ങള്‍ മികച്ച രീതിയിലായി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ജനതയുടെയും ഭരണകര്‍ത്താക്കളുടെയും നിക്ഷേപകരുടെയും കൂട്ടായ പരിശ്രമമാണ് കാപ് വെര്‍ഡെ എന്ന രാജ്യത്തെ ഫുട്‌ബോള്‍ വിജയത്തിന്റെ പിന്നിലുള്ള കരുത്ത്. ബുബിസ്റ്റയാണ് നിലവില്‍ കാപ് വെര്‍ഡെയുടെ പരിശീലകന്‍. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളും ആ ടീമിലുണ്ട്. പോര്‍ച്ചുഗീസ് ക്ലബ് ചാവേസിന് കളിക്കുന്ന വോസിന്‍ഹയാണ് ആ രാജ്യത്തിന്റെ ഗോള്‍വല കാക്കുന്നത്. പ്രതിരോധ നിരയില്‍ ഐറിഷ് ക്ലബ് ഷംറോക്ക് റോവേഴ്‌സിന് കളിക്കുന്നറോബര്‍ട്ടോ ലോപ്‌സും, ഫ്രഞ്ചുക്കാരനാണെങ്കിലും സ്പാനിഷ് ക്ലബ് വില്ല റയലിന് കളിക്കുന്ന ലോഗന്‍ കോസ്റ്റയുമൊക്കെ കാപ് വെര്‍ഡെയുടെ പ്രതിരോധ മതിലുകളാണ്. മധ്യനിരയില്‍ ഡച്ച് ക്ലബ് പി ഇ സി സ്വേളക്ക് കളിക്കുന്ന ജാമിറോ മോണ്ടിറോയും, റഷ്യന്‍ ക്ലബ്ബായ ക്രാസ്‌നോഡറിന്റെ കെവിന്‍ പിനയുമൊക്കെ മികച്ച താരങ്ങളാണ്. മുന്നേറ്റ നിരയില്‍ ടര്‍ക്കിഷ് ക്ലബ് കൊക്കേലിസ്‌പേറിന് കളിക്കുന്ന റയാന്‍ മെന്‍ഡസും പോര്‍ച്ചുഗീസ് ക്ലബ് കാസപിയക്ക് കളിക്കുന്ന ഡൈലോണ്‍ ലിവ്രമെന്റൊയും ബുബിസ്റ്റയുടെ മൂര്‍ച്ചയേറിയ അസ്ത്രങ്ങളാണ്. നാലുതവണ ആഫ്രിക്കന്‍ നാഷന്‍സ് കപ്പില്‍ കളിച്ചതാണ് കാപ് വെര്‍ഡെയുടെ ഇതുവരെയുള്ള ഫുട്‌ബോള്‍ ചരിത്രം.
കന്നിയങ്കത്തിന് എത്തുന്ന മറ്റൊരു രാജ്യം ഉസ്ബകിസ്ഥാനാണ്. ഫുട്‌ബോള്‍ തന്നെയാണ് ആ രാജ്യത്തിന്റെ പ്രധാന കായിക വിനോദവും. 1992- ലാണ് സോവിയറ്റ് യൂണിയനില്‍ നിന്നും ഉസ്ബകിസ്ഥാന്‍ സ്വാതന്ത്ര്യം നേടുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ് 1994 -ല്‍ ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബകിസ്ഥാന്‍ ഫുട്‌ബോളില്‍ സ്വര്‍ണ്ണം നേടിയെങ്കിലും പിന്നീട് വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ ആ ടീമിന് കഴിഞ്ഞിട്ടില്ല. എന്നാലും 2018 അണ്ടര്‍ 23 ഏഷ്യന്‍ കപ്പില്‍ ജേതാക്കളായതും 2011 ഏഷ്യന്‍ കപ്പില്‍ നാലാം സ്ഥാനത്ത് എത്തിയതുമാണ് അവരുടെ ഇതുവരെയുള്ള മികച്ച പ്രകടനം. ലോകകപ്പിലേക്ക് മികച്ച ടീമിനെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശത്തോടെ മുന്‍ ഇറ്റാലിയന്‍ താരം ഫാബിയോ കനവാരോയെ പരിശീലകസ്ഥാനത്തേക്ക് നിയോഗിച്ചിട്ടുണ്ട് ഉസ്‌ബെക് ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം അബ്ദുല്‍കോദിര്‍ ഖുസനോവാണ് ടീമിന്റെ സെലിബ്രിറ്റിമുഖം. ഇറ്റാലിയന്‍ ക്ലബ്ബ് റോമയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ടര്‍ക്കിഷ് ക്ലബ് ഇസ്തംബൂള്‍ ബാസ്‌ക്‌സെഹിറിന് കളിക്കുന്ന എല്‍ദോര്‍ ഷോമുറോഡോവാണ് ടീമിന്റെ മുന്നണിപ്പോരാളി. ഒപ്പം ഉസ്‌ബെക് ക്ലബ് പഖ്‌തോക്കോറിന് കളിക്കുന്ന ഇഗോര്‍ സെര്‍ജീവും, ഇറാനിയന്‍ ക്ലബ്ബ് എസ്റ്റെഗ്ലാല്‍ എഫ് സിയുടെ ജലോലിദ്ദീന്‍ മഷാരിപ്പോവും മികച്ച സ്‌ട്രൈക്കര്‍മാരാണ്. മധ്യനിരയില്‍ ഇറാന്‍ ക്ലബ്ബ് പെര്‍സെ പോളിസിന്റെ ഓസ്റ്റന്‍ ഉറുനോവും ഇസ്താംബൂള്‍ ബാസ്‌ക് സെഹിറിന്റെ അബ്ബോസ്‌ബെക്ക് ഫൈസുല്ലേവും ഭാവനാസമ്പന്നരായ കളിക്കാരാണ്. പ്രതിരോധമാണ് ഉസ്‌ബെകിസ്ഥാന്‍ ടീമിന്റെ കരുത്ത്. പ്രതിരോധത്തിന്റെ പേര് കേട്ട ഇറ്റലിക്കാരന്‍ തന്നെ അവര്‍ക്ക് തന്ത്രങ്ങള്‍ മെനയുമ്പോള്‍ വമ്പന്‍മാരുടെ അടിവേരിളകുമോ എന്ന് കാത്തിരുന്ന് കാണാം.
യോഗ്യത ഉറപ്പിച്ച മറ്റൊരു ടീം ഏഷ്യയില്‍ നിന്നു തന്നെയുള്ള ജോര്‍ദാനാണ്. ഏഷ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ജോര്‍ദാന് വലിയ മേല്‍വിലാസമില്ല. 2004 ലാണ് ആ രാജ്യം ഏഷ്യന്‍ കപ്പിന് യോഗ്യത നേടുന്നത്. കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ റണ്ണറപ്പ് ആയതാണ് ചരിത്രത്തിലെ മികച്ച നേട്ടം. മൊറോക്കോക്കാരന്‍ ജമാല്‍ സെല്ലാമിയാണ് ജോര്‍ദാന്‍ ടീമിന്റെ പരിശീലകന്‍. ടീം ലോകകപ്പ് യോഗ്യത നേടിയതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. മുന്നേറ്റ നിരയില്‍ ഖത്തര്‍ ക്ലബ്ബായ അല്‍ അറബിക് കളിക്കുന്ന യാസര്‍ അല്‍ നൈമത്തും, ഇറാഖ് ക്ലബ്ബായ കര്‍മ്മയുടെ അലി ഒല്‍വാനുമാണ് ജോര്‍ദാന്റെ ഗോളടി വീരന്മാര്‍. ദക്ഷിണകൊറിയന്‍ ക്ലബ്ബ് എഫ്‌സി സിയോളിന്റെ പ്രതിരോധ താരം യാസര്‍ അല്‍ അറബും മധ്യനിരയില്‍ ഫ്രഞ്ച് ക്ലബ്ബ് റെന്നേഴ്‌സിന് കളിക്കുന്ന മൂസ അല്‍ തമാരിയുമൊക്കെയാണ് ടീമിലെ പ്രധാന താരങ്ങള്‍. ലോകകപ്പില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്താനാവും എന്നാണ് ജോര്‍ദാന്‍ ടീമംഗങ്ങളും ടീമിന്റെ ആരാധകരും കരുതുന്നത്. കാപ് വെര്‍ഡെ, ഉസ്ബകിസ്ഥാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ആഫ്രിക്കന്‍ രാജ്യമായ ഗാബോണും യൂറോപ്പില്‍നിന്ന് കൊസോവോയും കോണ്‍കാഫ് മേഖലയില്‍ നിന്നുള്ള സൂരിനാമും കുറക്കാവോയുമൊക്കെ ആദ്യ ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ചിലതാണ്. ഏതായാലും
വൈവിധ്യങ്ങളുടെയും പുതുമുന്നേറ്റങ്ങളുടെയും വേദി കൂടിയാവും കാല്‍പ്പന്താട്ടത്തിന്റെ വിശ്വമഹാമേള.
Related News