കാബൂള്‍- തെക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ വര്‍ധിക്കുന്നു. 622 പേര്‍ മരിച്ചതായും 1,500-ലധികം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.
റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുനാര്‍ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങള്‍ പൂര്‍ണമായും തകര്‍ന്നതായും നിരവധി ഗ്രാമങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ കാബൂളിലെ ആരോഗ്യ വിഭാഗം, രക്ഷാപ്രവര്‍ത്തകര്‍ വിദൂര ഗ്രാമങ്ങളിലേക്ക് എത്താന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞു.
രണ്ട് ദശാബ്ദത്തിനിടെ അഫ്ഗാനിസ്ഥാന്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിത്. മാനുഷിക പ്രതിസന്ധിയിലായിരുന്ന രാജ്യത്തിന് ഇത് വലിയൊരു തിരിച്ചടിയാണ്. അന്താരാഷ്ട്ര സഹായം കുറഞ്ഞതും, അയല്‍രാജ്യങ്ങള്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതും രാജ്യത്തിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പരിക്കേറ്റവരെ സൈനികരും മെഡിക്കല്‍ ടീമുകളും ചേര്‍ന്ന് ആംബുലന്‍സുകളിലേക്ക് മാറ്റുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് ടെലിവിഷന്‍ പുറത്തുവിട്ടു. താലിബാന്‍ ഭരണകൂടം പ്രാദേശിക സംഘടനകളോട് ദുരന്തബാധിത പ്രദേശങ്ങളില്‍ സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Related News