കയ്റോ: ഈജിപ്ത് തലസ്ഥാനമായ കയ്റോയില്‍ തിരക്കേറിയ ഹൈവേയില്‍ ഇന്ധന ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ തീപിടിത്തത്തില്‍ 31 പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നഗരത്തിന്റെ വടക്കുഭാഗത്തുള്ള വറാഖ് മേഖലയിലെ റിങ് റോഡിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഈജിപ്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് ഹൈവേയില്‍ തീ ആളിപ്പടരുകയും സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാകുകയും ചെയ്തു. തീയും കറുത്ത പുകയും ആകാശത്തേക്ക് ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. പൊള്ളലേറ്റവര്‍ക്കും പുക ശ്വസിച്ച് ശ്വാസതടസ്സമുണ്ടായവര്ക്കുമാണ് ആശുപത്രികളില്‍ ചികിത്സ നല്‍കിയത്.
അപകടത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടാങ്കര്‍ മറിഞ്ഞ് ഇന്ധനം സമീപത്തുള്ള വാഹനങ്ങളിലേക്ക് ഒഴുകിയതാണ് തീ വ്യാപിക്കാന്‍ കാരണമായതെന്നാണ് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടാങ്കര്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്നതിനിടെ മുന്നില്‍ ഉയര്‍ന്ന വൈദ്യുതി ലൈനിന്റെ കേബിള്‍ വീണതിനെത്തുടര്‍ന്ന് െ്രെഡവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സൂചന. തുടര്‍ന്ന് ടാങ്കര്‍ റോഡിന്റെ മധ്യഭാഗത്തെ ഡിവൈഡര്‍ കടന്ന് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
പ്രാദേശിക പബ്ലിക് പ്രോസിക്യൂട്ടര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയുന്നതിനായി മൃതദേഹങ്ങളില്‍നിന്ന് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈജിപ്തില്‍ സമീപ വര്‍ഷങ്ങളില്‍ നിരവധി വലിയ തീപിടിത്ത ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനസാന്ദ്രതയേറിയ അനൗദ്യോഗിക താമസമേഖലകളും പഴക്കംചെന്ന അടിസ്ഥാന സൗകര്യങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. കെയ്റോ പോലുള്ള വലിയ നഗരങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളിലെ കാലതാമസവും ദുരന്തനിവാരണ സംവിധാനങ്ങളിലെ വെല്ലുവിളികളും ഇത്തരം സംഭവങ്ങളുടെ ആഘാതം വര്‍ധിപ്പിക്കാറുണ്ട്.
Related News