റിയാദ്: ലഹരി ഉപയോഗം തുടങ്ങുന്നതിന് മുന്‍പേ തടയുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളില്‍ റിസ (RESA) നടത്തുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും അത്താ എഡ്യൂക്കേഷന്‍ കമ്പനി സി.ഇ.ഒയുമായ ഡോ. ഇബ്രാഹിം ബിന്‍ അലി ഫര്‍ഹാന്‍ പറഞ്ഞു. ദേശഭാഷാ വ്യത്യാസങ്ങള്‍ക്കപ്പുറം നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ മാര്‍ഗദര്‍ശകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ റിസയുടെ 'ടോട്ട്' (TOT - Training of Trainers) പരിശീലനം പൂര്‍ത്തിയാക്കിയ 526 പേര്‍ക്കുള്ള ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്‍ ചെയര്‍മാനും റിസ കണ്‍വീനറുമായ ഡോ. അബ്ദുല്‍ അസീസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂളിലെ റാസിന്‍ അബ്ദുല്‍ റസാക്കിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച പരിപാടിയില്‍, ജോസ് മ്യൂസിക് അക്കാദമിയിലെ വിദ്യാര്‍ഥികള്‍ സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങള്‍ ആലപിച്ചു.
മോഡേണ്‍ മിഡിലീസ്റ്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷബാന പര്‍വീന്‍, യാരാ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍, ഒഡീഷ സ്‌കൂള്‍ ആന്‍ഡ് മാസ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. മുഹമ്മദ് ഒസാമ, ഡോ. രാജു വര്‍ഗീസ്, ഡോ. തമ്പി വേലപ്പന്‍, എന്‍.ആര്‍.കെ ഫോറം പ്രതിനിധി അഡ്വ. അബ്ദുല്‍ ജലീല്‍ (ഇസ്ലാഹി സെന്റര്‍), ഫോര്‍ക്ക പ്രതിനിധി ജിബിന്‍ സമദ്, ഓര്‍മ്മ ഇന്റര്‍നാഷണല്‍ പ്രതിനിധി ജോസ് തോമസ്, നിഖില സമീര്‍, കോണ്ടം റൈസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപകരായ ആഷിക, അതുല്യ, വിദ്യാര്‍ഥി പ്രതിനിധികളായ ലിബ ഷഹീന്‍, റയാന്‍ അഹമ്മദ്, നിസ ടി.കെ (യാരാ സ്‌കൂള്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഷംനാദ് കരുനാഗപ്പള്ളി (റിയാദ് മീഡിയാ ഫോറം), സൈനുലാബിദീന്‍ വഴിക്കടവ് (എം.ഇ.എസ്), അശോക് കുമാര്‍ (തിരുവനന്തപുരം കൂട്ടായ്മ, ദമാം), ഇസ്മായില്‍ നൗഷാദ്, അന്നമാചാര്യ പി.ജി കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. സമതാ നായിഡു തുടങ്ങിയവര്‍ പങ്കെടുത്തു.
റിസ ആക്ടിവിറ്റി കണ്‍വീനര്‍ മീരാ റഹ്‌മാന്‍ ടോട്ട് പരിപാടിയുടെ വിശദീകരണം നല്‍കി. റിസ കേരള കോഓര്‍ഡിനേറ്റര്‍ കരുണാകരന്‍ പിള്ള സ്വാഗതവും സ്‌കൂള്‍ ആക്ടിവിറ്റി കണ്‍വീനര്‍ പത്മിനി യു. നായര്‍ നന്ദിയും പറഞ്ഞു. റിസയുടെ ഗ്ലോബല്‍ മെമ്പര്‍ഷിപ്പ് സ്‌കീം ഉടന്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ ഡോ. അബ്ദുല്‍ അസീസും പ്രോഗ്രാം കണ്‍സള്‍ട്ടന്റ് ഡോ. ഭാരതനും അറിയിച്ചു.
Related News