നടനെതിരെ അഞ്ച് റൗണ്ട്
വെടിയുതിര്‍ത്തതായി സൂചന,
പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
മുംബൈ: ജൂഹുവില്‍ വെടിവെപ്പുണ്ടായ സംഭവത്തിനുശേഷം ബോളിവുഡ് നടന് ടൈഗര്‍ ഷ്രോഫിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു. കൈയിലും നെഞ്ചിലും തോളിലും ബാന്ഡേജുകളുമായാണ് ചിത്രങ്ങളില്‍ നടനെ കാണുന്നത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ രാത്രി നടന്റെ വസതിയിലെത്തി. ടൈഗറിന് വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് നേരത്തേ അറിയിച്ചിരുന്നത്. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല.
സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ടൈഗര്‍ ഷ്രോഫിനെയും പിതാവ് ജാക്കി ഷ്രോഫിനെയും സന്ദര്‍ശിച്ചശേഷം ഷിന്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. മുംബൈയെ വീണ്ടും അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലുകളുടെയും ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തിന്റെയും കാലത്തേക്ക് തിരിച്ചുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. നടന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരും മുംബൈ പൊലീസും ഒപ്പമുണ്ടാകുമെന്നും ഷിന്‍ഡെ അറിയിച്ചു.
സംഭവത്തില്‍ അഞ്ചു റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. നടന്റെ െ്രെഡവര്‍ക്ക് പരിക്കേറ്റതായും ടൈഗര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഷിന്‍ഡെ പറഞ്ഞു. ലോറന്‍സ് ബിഷ്ണോയി സംഘത്തിന് ആക്രമണവുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതു സംഘമാണെങ്കിലും ഭീഷണിപ്പെടുത്തലും അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കലും അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഭീഷണി സന്ദേശങ്ങളോ ഫോണ്‍വിളികളോ ലഭിച്ചാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെ ജൂഹുവിലെ പുഷ്പ നര്‍സി പാര്ക്കിന് സമീപമാണ് വെടിവെപ്പുണ്ടായത്. എല്ലാ ഞായറാഴ്ചയും ടൈഗര്‍ ഇവിടെ ഫുട്ബോള്‍ കളിക്കാനെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്റെ പതിവുകള്‍ മനസ്സിലാക്കിയശേഷം അക്രമികള്‍ കാത്തുനിന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. അന്ധേരി റെയില്‍വേ സ്റ്റേഷനു സമീപം ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നില്‍ ആരാണെന്നതും സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.
Related News