കൊച്ചി: നെടുമ്പാശേരി അത്താണിക്ക് സമീപം മിനികൂപ്പര്‍ ആഡംബര കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ ദാരുണമായി മരിച്ചു. കര്‍ണാടക, വയനാട്, പാലക്കാട് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കര്‍ണാടക ദക്ഷിണ കന്നഡ സുള്ള്യ കനകമഞ്ചല്‍ വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ ഇയ്യാസ് (21), വയനാട് കല്‍പറ്റ മടക്കിമല സന്തോഷ് ഭവനില്‍ സന്തോഷിന്റെ മകള്‍ ദേവിക (21), പാലക്കാട് മണ്ണാര്‍ക്കാട് എടിക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടില്‍ എം.ആര്‍. പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്. കാറോടിച്ച സുഹൈല്‍ സജീവിനെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.
ബിരുദധാരികളായ മൂവരും കാക്കനാട് തൃക്കാക്കരയിലെ 'സുക്കോയോ' സ്റ്റോറിലെ ജോലിയും പഠനവും ഒപ്പം കൊണ്ടുപോകുന്നവരായിരുന്നു. രാത്രി 11 മണിക്ക് ജോലി കഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക് ഒരേ സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു ഇവര്‍.
ഈ സമയം നെടുമ്പാശേരി വിഐപി റോഡില്‍ അത്താണി വാളേപ്പുറം ഭാഗത്ത് വെച്ച്, വിമാനത്താവളത്തിന്റെ ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ മിനികൂപ്പര്‍ കാര്‍ ഇവരുടെ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികര്‍ റോഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണ് തല്‍ക്ഷണം മരിച്ചു. അപകട ശേഷം സ്‌കൂട്ടറും വഹിച്ച് ഏകദേശം 100 മീറ്ററോളം കാര്‍ റോഡിലൂടെ നിരക്കിക്കൊണ്ടുപോയി.
അപകടത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ സുഹൈല്‍ സജീവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. 'എന്തുവന്നാലും വീട്ടുകാര്‍ നോക്കിക്കോളും' എന്നായിരുന്നു ഡ്രൈവറായ യുവാവ് നാട്ടുകാരോട് വെല്ലുവിളിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി നാട്ടുകാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നെടുമ്പാശേരി പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
ഇയ്യാസിന്റെയും ദേവികയുടെയും മൃതദേഹങ്ങള്‍ ചെങ്ങമനാട് ദേശം കുന്നുംപുറം സി.എ ആശുപത്രി മോര്‍ച്ചറിയിലേക്കും, ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Related News