ജക്കാര്‍ത്ത/ക്വാലാലംപൂര്‍: ഇന്തോനേഷ്യയിലെ കാട്ടുതീയില്‍നിന്നുള്ള വിഷപ്പുക തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വായുമലിനീകരണം രൂക്ഷമാക്കുന്നു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ വായുവിന്റെ ഗുണനിലവാരം അനാരോഗ്യകരമായ നിലയിലെത്തിയതോടെ ജനജീവിതം പ്രതിസന്ധിയിലായി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ച പതിനായിരക്കണക്കിന് ആളുകള്‍ക്ക് ചികിത്സ തേടേണ്ടിവന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് മലേഷ്യയിലെ ജോഹോര്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ബതു പഹാത്തില്‍ ഈ സീസണില്‍ രാജ്യത്തെ ഏറ്റവും മോശം വായുനിലവാരമാണ് രേഖപ്പെടുത്തിയത്. വായുവിന്റെ ഗുണനിലവാരം 'വളരെ അനാരോഗ്യകരം' എന്ന വിഭാഗത്തിലെത്തിയതോടെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
2023നുശേഷം ആദ്യമായി സെപ്റ്റംബര്‍ ആദ്യം സിംഗപ്പൂരിലെ വായുനിലവാരം അനാരോഗ്യകരമായ വിഭാഗത്തിലെത്തിയതായി ദേശീയ പരിസ്ഥിതി ഏജന്‍സി അറിയിച്ചു. മേഖലയിലെ വരണ്ട കാലാവസ്ഥയും ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിലെ കാട്ടുതീയും പുക വ്യാപിക്കാന്‍ കാരണമായെന്നാണ് ഏജന്‍സിയുടെ വിശദീകരണം.
വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ അധികൃതര്‍ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാനും പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ദീര്‍ഘനേരം നീളുന്ന പുറംപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ചില വിദ്യാലയങ്ങള്‍ക്ക് ക്ലാസ് മുറികളില്‍ ഉപയോഗിക്കാന്‍ വായു ശുദ്ധീകരണ ഉപകരണങ്ങള്‍ നല്‍കാനും നടപടി സ്വീകരിച്ചു.
ഇന്തോനേഷ്യയില്‍ പടരുന്ന കാട്ടുതീയില്‍നിന്നുള്ള പുക ശ്വസിക്കുന്നത് ചുമ, ശ്വാസതടസ്സം, കണ്ണെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. കാട്ടുതീ നിയന്ത്രിക്കാനും പുകയുടെ വ്യാപനം കുറയ്ക്കാനും ഇന്തോനേഷ്യ ശ്രമങ്ങള്‍ നടത്തിവരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വരണ്ട കാലാവസ്ഥ തുടരുകയും തീപ്പിടിത്തം വര്‍ധിക്കുകയും ചെയ്താല്‍ അയല്‍രാജ്യങ്ങളിലേക്കും പുക വ്യാപിക്കുന്ന സാഹചര്യം നിലനില്‍ക്കും.
Related News