റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ രണ്ട് ആക്രമണങ്ങളില്‍ ഒരു പൈലറ്റ് ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി (ജി.എ.സി.എ.) സ്ഥിരീകരിച്ചു. വ്യാഴാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സൗദി അറേബ്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ സൗദിയയുടെ ഒരു വിമാനവുമാണ് ലക്ഷ്യമിട്ടത്.
ആക്രമണത്തില്‍ സൗദിയയുടെ പൈലറ്റായ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍-കല്‍താമിയാണ് കൊല്ലപ്പെട്ടതെന്ന് വിമാനക്കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന വിമാനത്തിനാണ് ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. സംഭവസമയത്ത് വിമാനത്തില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ലെന്ന് സൗദിയ വ്യക്തമാക്കി.
അപകടവിവരമറിഞ്ഞ ഉടന്‍ തന്നെ അംഗീകൃത നടപടിക്രമങ്ങള്‍ അനുസരിച്ച് എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകളും ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങളും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി ജി.എ.സി.എ. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആക്രമണത്തില്‍ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് നിസ്സാര പരിക്കുകള്‍ മുതല്‍ ഗുരുതരമായ പരിക്കുകള്‍ വരെ സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം നല്‍കാന്‍ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സിവില്‍ ഏവിയേഷന്‍ സംവിധാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അതോറിറ്റി അറിയിച്ചു. നിലവില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും വ്യോമഗതാഗതം സാധാരണ നിലയിലാവുകയും ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം 6:00 മണിയോടെ തന്നെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗദിയയുടെ വിമാന സര്‍വീസുകളും മറ്റ് പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയതായി വിമാനക്കമ്പനി അറിയിച്ചു. ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഔദ്യോഗിക ചാനലുകള്‍ വഴി യാത്രക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Related News