ടെഹ്‌റാന്‍/വാഷിങ്ടണ്‍: ആഗോള എണ്ണനീക്കത്തിന്റെ നിര്‍ണായക പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ ഭാഗത്ത് വന്‍ സ്‌ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അനുമതിയില്ലാത്ത പാതകളിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകള്‍ കടല്‍മൈനുകളില്‍പ്പെട്ടിരിക്കാമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇറാനുമായി അമേരിക്കയ്ക്ക് ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നവംബര്‍ മൂന്നിന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവും എണ്ണക്കടത്ത് പുനരാരംഭിക്കുന്നതും സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്.
കഴിഞ്ഞ ആഴ്ച ഹോര്‍മുസ് കടലിടുക്കില്‍ നിരവധി കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായും എണ്ണനീക്കത്തില്‍ ഗണ്യമായ കുറവുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷം ആഗോള എണ്ണവില ഉയരുന്നതിനും ഊര്‍ജവിതരണത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കുന്നതിനും കാരണമായിട്ടുണ്ട്.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന അമേരിക്കന്‍ പ്രഖ്യാപനത്തിനിടയിലും കടലിടുക്കിലെ പുതിയ സ്‌ഫോടന റിപ്പോര്‍ട്ട് മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുമോയെന്ന ആശങ്ക ഉയര്‍ത്തുന്നു.
Related News