റിയാദ്: കേളി കലാ സാംസ്‌കാരിക വേദിയുടെയും കേളി കുടുംബവേദിയുടെയും പ്രവര്‍ത്തകരുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയ 'പ്രതീക്ഷ' വിദ്യാഭ്യാസ പുരസ്‌കാരം കോഴിക്കോട് ജില്ലയില്‍ 19 കുട്ടികള്‍ക്ക് വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളിലാണ് ചടങ്ങ് നടന്നത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡും മെമന്റോയും ഉള്‍പ്പെടുന്ന പുരസ്‌കാരം നല്‍കുന്നത്. ഈ അധ്യയന വര്‍ഷം ആകെ 232 വിദ്യാര്‍ഥികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇതില്‍ റിയാദില്‍ 16 കുട്ടികള്‍ക്ക് നേരത്തെ പുരസ്‌കാരം വിതരണം ചെയ്തിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് ജില്ലയില്‍ 19 പേര്‍ക്ക് പുരസ്‌കാരം നല്‍കിയത്. മറ്റു ജില്ലകളിലെ വിതരണം വരും ദിവസങ്ങളില്‍ നടക്കും.
ചടങ്ങില്‍ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം റഹ്‌മത്തുള്ള, പ്രിയേഷ്, കേളി ബദിയ ഏരിയ ജോയിന്റ് സെക്രട്ടറി ഷാജി കെ.എന്‍., സുരേന്ദ്രന്‍ ആനവാതില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേളി ട്രഷറര്‍ മധു ബാലുശ്ശേരി സ്വാഗതവും ജില്ലാ കോഓര്‍ഡിനേറ്റര്‍ ചെക്കുട്ടി നന്ദിയും പറഞ്ഞു.
Related News