റിയാദ്: പ്രവാസി മലയാളികളുടെ പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ് അസോസിയേഷൻസ് (ഫോർക) ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഫോർക മെഗാമേള 2026’ സംഘടിപ്പിക്കുന്നു. ഒക്ടോബർ 9 വെള്ളിയാഴ്ച റിയാദിലെ ഷോല മാളിൽ നടക്കുന്ന മേളയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി പതിനൊന്നുവരെ നീണ്ടുനിൽക്കും. ‘നാനാത്വത്തിൽ ഏകത്വം’ എന്ന സന്ദേശമുയർത്തുന്ന മേളയിൽ കേരളത്തിന്റെയും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളുടെയും തനത് വിഭവങ്ങളുമായി അമ്പതോളം ടീമുകൾ ഫുഡ് ഫെസ്റ്റിൽ മാറ്റുരയ്ക്കും.
പ്രമുഖ ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കൾ രുചി, വൈവിധ്യം, അവതരണം, അലങ്കാരം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു പവൻ, അര പവൻ, കാൽ പവൻ സ്വർണം സമ്മാനമായി നൽകും. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളുമുണ്ടാകും.
മുൻകൂട്ടി രജിസ്റ്റർ ചെയ്തവർ ഉച്ചയ്ക്ക് രണ്ടുമുതൽ രണ്ടരയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം. ഫുഡ് ഫെസ്റ്റും കുട്ടികൾക്കായുള്ള കളറിങ്, പെൻസിൽ ഡ്രോയിങ് മത്സരങ്ങളും മൂന്നുമണിക്ക് ആരംഭിക്കും. നാലുമണിമുതൽ പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫോർകയുടെ 38 അംഗസംഘടനകളിൽനിന്ന് ഏറ്റവും ദീർഘകാലം പ്രവാസജീവിതം നയിച്ച ഓരോരുത്തരെ വീതം ആദരിക്കും. കഴിഞ്ഞ മൂന്നുവർഷത്തെ പ്രവർത്തന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന മൂന്ന് മികച്ച അംഗസംഘടനകൾക്കും പ്രത്യേക ആദരം നൽകും. ഫോർകയുടെ മുൻകാല പ്രധാന നേതാക്കളെയും ചടങ്ങിൽ ആദരിക്കും.
തുടർന്ന് പ്രമുഖ ഗായകരായ സലീം കോടത്തൂർ, ഷെയ്ക്ക അബ്ദുള്ള, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നടക്കും.
2006ൽ രൂപീകൃതമായ ഫോർക, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള റിയാദിലെ പ്രാദേശിക കൂട്ടായ്മകളെ ഏകോപിപ്പിക്കുന്ന വേദിയാണ്. പ്രവാസികളുടെ പൊതുവിഷയങ്ങളിലെ ഇടപെടലുകൾക്കൊപ്പം കോവിഡ് കാലത്തും പ്രളയദുരിതകാലത്തും സഹായപ്രവർത്തനങ്ങൾ നടത്തിയ കൂട്ടായ്മ, കായിക–സാംസ്കാരിക രംഗങ്ങളിലും സജീവമാണ്.
വാർത്താസമ്മേളനത്തിൽ ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഹൈപ്പർ അൽ വഫ ഡയറക്ടർ നാസർ, മാർക്കറ്റിങ് മാനേജർ ഫഹദ്, ഫോർക വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കര, ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ, ജോയിന്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിന്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ പങ്കെടുത്തു.
Related News