റിയാദ്- സൗദിയിലേക്ക് തൊഴില്‍ വിസയിലെത്തുന്ന യോഗ്യതയുള്ള പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാന്‍ അനുമതി പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം.
സൗദിയിലേക്ക് ആദ്യമായി വരുമ്പോള്‍ തന്നെ കുടുംംബത്തേയും ഒപ്പം കൂട്ടാനാണ് അനുമതി. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് നിര്‍ണ്ണായക തീരുമാനം നടപ്പിലാക്കുന്നത്. ഇന്നു പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് കഴിയുന്ന എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കുടുംബഭദ്രത ഉറപ്പുവരുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുള്ള ആണ്‍മക്കള്‍, വിവാഹിതരാകാത്ത പെണ്‍മക്കള്‍ എന്നിവരെയാണ് കൊണ്ടുവരാനാകുക. കുടുംബനാഥന്റെ തൊഴില്‍ വിസ നടപടികള്‍ പൂര്‍ത്തിയാകുന്നതിനോടൊപ്പം തന്നെ, അപേക്ഷാ നിബന്ധനകള്‍ പാലിക്കുന്ന മുറക്ക് കുടുംബാംഗങ്ങള്‍ക്കുള്ള എന്‍ട്രി വിസകളും ലഭ്യമാക്കും. ഇതിന് കുടുംബനാഥന് നിശ്ചിത യോഗ്യതകള്‍ ഉണ്ടാകണം. ശമ്പളം, വിദ്യാഭ്യാസം, തൊഴില്‍ കാറ്റഗറി എന്നിവ സംബന്ധിച്ച നിബന്ധനകളുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരും.
രാജ്യത്തേക്ക് പ്രവേശിച്ച ശേഷം, നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി കുടുംബാംഗങ്ങളുടെ റെസിഡന്‍സി (ഇഖാമ) നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
Related News