ദമാം: മലപ്പുറം ജില്ലയെയും ജില്ലാ നിവാസികളെയും അധിക്ഷേപിച്ചുകൊണ്ട് നന്ദകുമാർ നടത്തിയ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ ദമാം മലപ്പുറം ജില്ലാ ഒ.ഐ.സി.സി (OICC) പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ജില്ലയുടെ മതേതര പാരമ്പര്യത്തെയും സാമൂഹിക അന്തരീക്ഷത്തെയും മനഃപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് പിന്നിലെന്ന് യോഗം കുറ്റപ്പെടുത്തി.
മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും മാതൃകയായ മലപ്പുറത്തെ നിരന്തരം അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് യോഗത്തിൽ പാസാക്കിയ പ്രമേയത്തിലൂടെ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദമാമിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വണ്ടൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നഫീർ തറമ്മൽ വാഴക്കാട് പ്രമേയം അവതരിപ്പിച്ചു.
യോഗത്തിൽ ഗ്ലോബൽ, നാഷണൽ, റീജിയണൽ നേതാക്കളായ ഹമീദ് കൊണ്ടോട്ടി, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ കരീം, അൻവർ വണ്ടൂർ, ആസിഫ് താനൂർ, റസാഖ് നഹ, സിദ്ധീഖ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി സ്വാഗതവും, ട്രഷറർ ഷൗക്കത്ത് വെള്ളില നന്ദിയും പറഞ്ഞു.
Related News