ജിദ്ദ: വിശുദ്ധ ഉംറ നിര്‍വഹിക്കാനെത്തിയ മുന്‍ ജിദ്ദ പ്രവാസിയും പെരിന്തല്‍മണ്ണ നഗരസഭ മുന്‍ ചെയര്‍മാനുമായ മുഹമ്മദ് സലീമിനും ഭാര്യക്കും 'ജിദ്ദ മല്ലൂസ്' സ്വീകരണം നല്‍കി. തന്റെ മെന്ററും രാഷ്ട്രീയത്തില്‍ ഗുരുതുല്യനുമായ മുഹമ്മദ് സലീമുമായിട്ടുള്ള ഗൃഹാതുര ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ട് നൗഷാദ് ചാത്തല്ലൂര്‍ സ്വാഗതപ്രസംഗം നിര്‍വഹിച്ചു. ഇത്തരം ഒത്തുചേരലുകള്‍ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും പരസ്പരം സ്‌നേഹം പങ്കിടാനും ഊര്‍ജ്ജം പകരുന്നതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ലത്തീഫ് എന്‍. കണ്‍ഫേര്‍ട്ട്‌സ് പറഞ്ഞു. നഗരസഭാ ചെയര്‍മാനായിരുന്ന കാലത്ത് മുഹമ്മദ് സലീം ഒട്ടേറെ അഭിനന്ദനങ്ങളും അതോടൊപ്പം നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ വ്യക്തിയായിരുന്നുവെന്ന് ആശംസാപ്രസംഗത്തില്‍ നാസര്‍ ശാന്തപുരം ചൂണ്ടിക്കാട്ടി.
മഹാകവി വള്ളത്തോളിന്റെ 'ആസാം പണിക്ക്' എന്ന കവിതയുടെ പ്രമേയം 1920-കളുടെ തുടക്കത്തില്‍ അസമിലേക്ക് ജോലിക്കായി പോയിരുന്ന മലയാളികളുടെ പ്രയാണത്തെക്കുറിച്ചായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ മുഹമ്മദ് സലീം പറഞ്ഞു. തുടര്‍ന്ന് ബോംബെ, കോലാര്‍ തുടങ്ങിയ ഇതര സംസ്ഥാനങ്ങളിലേക്കും ക്രമേണ മലേഷ്യ, സിംഗപ്പൂര്‍, ബര്‍മ, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കും യാത്ര വ്യാപിച്ചുവെങ്കിലും, സാമ്പത്തിക സുസ്ഥിരത കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞത് 1970-കള്‍ മുതല്‍ ആരംഭിച്ച ഗള്‍ഫ് കുടിയേറ്റം മൂലമാണ്. ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രവാസമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെയാണ് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത തുടങ്ങിയ സര്‍വമേഖലകളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരായ ബെന്യാമിന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, വൈക്കം മുഹമ്മദ് ബഷീര്‍, ഭരദ്വരാജ്, പെരിന്തല്‍മണ്ണ സ്വദേശിയായ മുസാഫര്‍ അഹമ്മദ് തുടങ്ങിയവരൊക്കെയും പ്രവാസത്തിന്റെ ചൂടും ചൂരും അനുഭവിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു.
പെരിന്തല്‍മണ്ണ ടൗണിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിച്ചതും, 'ലൈഫ് വിഷന്‍' പദ്ധതിയിലൂടെ നിരാലംബരായ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കിയതും, ഹരിതകര്‍മസേന രൂപീകരിച്ച് നഗരത്തെ മാലിന്യമുക്തമാക്കിയതും തന്റെ ഭരണകാലത്തുണ്ടായ പ്രധാന വികസന നേട്ടങ്ങളാണെന്നും മറുപടി പ്രസംഗത്തില്‍ മുഹമ്മദ് സലീം വ്യക്തമാക്കി.
വാസു ഹംദാന്‍ ആലപിച്ച കവിതകളും കരീം മാവൂരിന്റെ ഗാനവും സന്തോഷ് കളക്കാട്ടിന്റെ ആലാപനവും സദസ്സിന് വേറിട്ടൊരു അനുഭവമായി. ഡോ. ഇന്ദു, അനുപമ ബിജു, നാസര്‍ ശാന്തപുരം, അയ്യൂബ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു. ഷമീം ടീച്ചര്‍ നന്ദി രേഖപ്പെടുത്തി. അദ്‌നു, ബിജു രാമന്തളി, യൂസഫ്, റംല, നഫീഹ, താഹിര്‍, ഫസലുറഹ്‌മാന്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
Related News