ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച വന്ദേമാതരത്തിന്റെ ആറു ചരണങ്ങളുള്ള പതിപ്പിനെതിരെ ബുദ്ധ ആക്ടിവിസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു. പ്രധാന സര്‍ക്കാര്‍ ചടങ്ങുകളില്‍ ഈ രീതിയില്‍ ആലപിക്കാനും വായിക്കാനും നിര്‍ദേശിച്ചുകൊണ്ട് കേന്ദ്രം ജനുവരി 28നും ജൂലൈ 9നും പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്താണ് ഫൂലെഅംബേദ്കര്‍ ആക്ടിവിസ്റ്റ് ബി.ഡി. ബോര്‍കര്‍ ഹര്‍ജി നല്‍കിയത്.
വിഭജനം സൃഷ്ടിക്കുന്ന മതയുദ്ധഗാനമാണ് ആറ് ചരണങ്ങളുള്ള വന്ദേമാതരം ഗീതമെന്ന് ഹര്‍ജിയില്‍ അദ്ദേഹം ആരോപിച്ചു. ഇത് ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് മതേതരത്വം, സാഹോദര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
ഹിന്ദു മതവിശ്വാസങ്ങളുമായി ബന്ധമുള്ള പ്രതീകങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ഗാനത്തിന്റെ നിര്‍ബന്ധിത ആലാപനം ന്യൂനപക്ഷ മതവിഭാഗങ്ങളുടെ മതപരവും ആത്മീയവുമായ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഇടയാക്കുമെന്നും അതുവഴി രാജ്യത്തെ സാമുദായിക വിഭജനം കൂടുതല്‍ ആഴത്തിലാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിന്റെ ഉത്തരവുകള്‍ മതേതര ജനാധിപത്യ സംവിധാനത്തില്‍ ഒരു പ്രത്യേക മതപരമായ ആശയത്തെ ഔദ്യോഗികമായി അടിച്ചേല്‍പ്പിക്കുന്നതിലേക്കുള്ള നീക്കമാണെന്ന ആശങ്കയും ഹര്‍ജി ഉന്നയിക്കുന്നു.
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങള്‍ ഉള്‍പ്പെടുത്തിയ ഔദ്യോഗിക പതിപ്പും അതിന്റെ ആലാപനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ദേശീയഗാനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ക്കൊപ്പം വന്ദേമാതരത്തിനും കൂടുതല്‍ ഔദ്യോഗിക പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
Related News