ബാഗ്ദാദ്: ആയിരക്കണക്കിന് ഇറാഖിലെ സാധാരണക്കാരുടെയും അമേരിക്കന്‍ സൈനികരുടെയും ദുരന്തപൂര്‍ണമായ അന്ത്യത്തിന് വഴിയൊരുക്കിയ പശ്ചിമേഷ്യയിലെ അമേരിക്കന്‍ അധിനിവേശം വഴിത്തിരിവിലേക്ക്. ഇറാഖിലെ അവസാന സൈനിക താവളങ്ങളില്‍നിന്നും അമേരിക്കന്‍ സേന പിന്മാറുന്നതോടെ രാജ്യത്ത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് ഔപചാരികമായി അന്ത്യമാകുന്നു. അവസാന സൈനിക താവളങ്ങളില്‍നിന്നും ഇന്ന് പിന്മാറ്റം പൂര്‍ത്തിയാക്കാനാണ് നീക്കം. 2003ല്‍ സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് നീക്കാന്‍ ആരംഭിച്ച യുദ്ധത്തില്‍ ഏകദേശം 4500 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് ഇറാഖികള്‍ കൊല്ലപ്പെട്ടു. മേഖല മുഴുവന്‍ കലങ്ങിമറിഞ്ഞു.
2024ല്‍ ജോ ബൈഡന്‍ ഭരണകൂടവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. എന്നാല്‍ ഇറാനെതിരായ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഇറാഖില്‍നിന്നുള്ള സേനാപിന്മാറ്റം എന്നതാണ് ശ്രദ്ധേയം. ഇറാഖിലെ ശക്തമായ ഇറാന്‍ അനുകൂല സായുധസംഘങ്ങള്‍ക്ക് ഇത് കൂടുതല്‍ സ്വാധീനം നേടാനുള്ള അവസരമാകുമെന്നാണ് സുരക്ഷാ വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തെ ഇറാന്‍ അനുകൂല സംഘടനകള്‍ ചരിത്രവിജയമായാണ് വിശേഷിപ്പിക്കുന്നത്. ഇറാഖിലെ രാഷ്ട്രീയസുരക്ഷാ തീരുമാനങ്ങളില്‍ തങ്ങളുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഇറാന്‍ അനുകൂല സായുധസംഘങ്ങള്‍ ശ്രമിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാഖിന്റെ പരമാധികാരം വിദേശ സൈനിക സാന്നിധ്യമില്ലാതെ ഉറപ്പാക്കണമെന്ന ആവശ്യം രാജ്യത്ത് വ്യാപകമാണെങ്കിലും, പിന്മാറ്റം സൃഷ്ടിച്ചേക്കാവുന്ന സുരക്ഷാ ശൂന്യതയെക്കുറിച്ചും ആശങ്കയുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റ് വീണ്ടും ശക്തിപ്പെടാനുള്ള സാധ്യതയാണ് ഇറാഖിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. 2014 മുതല്‍ 2017 വരെ അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹായത്തോടെ ഇറാഖി സേന ഐ.എസിന്റെ നിയന്ത്രണം തകര്‍ത്തിരുന്നു. എന്നാല്‍ സംഘടനയുടെ സെല്ലുകള്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍, ഡ്രോണ്‍ നിരീക്ഷണം, സാങ്കേതിക ലോജിസ്റ്റിക് പിന്തുണ എന്നിവ നഷ്ടപ്പെടുന്നത് ഐ.എസിന് പുനഃസംഘടനയ്ക്ക് അവസരം നല്‍കുമെന്ന് കുര്‍ദിഷ് സുരക്ഷാ വിഭാഗങ്ങളും മുന്നറിയിപ്പ് നല്‍കുന്നു. പിന്മാറ്റവുമായി ബന്ധപ്പെട്ട് ആക്രമണങ്ങള്‍ നടത്താനുള്ള ഐ.എസ് നീക്കത്തെക്കുറിച്ചും ഇറാഖി സുരക്ഷാസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2003ലെ അധിനിവേശത്തിനുശേഷം 2011ല്‍ അമേരിക്കന്‍ സേന ഇറാഖില്‍നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ഐ.എസ് ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന് 2014ല്‍ വീണ്ടും സൈനിക സാന്നിധ്യം ശക്തമാക്കി. 2020ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതോടെ ഇറാഖ് അമേരിക്കഇറാന്‍ സംഘര്‍ഷത്തിന്റെ പ്രധാന വേദികളിലൊന്നായി മാറുകയും ചെയ്തു.
അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ ഇറാഖിന്റെ സുരക്ഷാ ഉത്തരവാദിത്വം പൂര്‍ണമായും ആഭ്യന്തര സേനയുടെ ചുമലിലേക്കാണ് മാറുന്നത്. ഇറാന്‍ അനുകൂല ശക്തികളുടെ വളര്‍ച്ചയും ഐ.എസിന്റെ തിരിച്ചുവരവ് സാധ്യതയും ഒരേസമയം നേരിടേണ്ടിവരുന്നത് ഇറാഖിന് വലിയ വെല്ലുവിളിയാകും.
Related News