വാഷിങ്ടണ്‍/തെഹ്‌റാന്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന് പരിഹാരം തേടിയുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരുന്നു. ഖത്തറാണ് ചര്‍ച്ചകളുടെ ഇടനിലക്കാര്‍. ഇറാനെതിരായ ഉപരോധത്തില്‍ ഇളവുകള്‍ നല്‍കിയെന്നും മരവിപ്പിച്ച ഫണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തള്ളി.
ഖത്തര്‍ മധ്യസ്ഥതയില്‍ അമേരിക്കയുമായി വീണ്ടും പരോക്ഷ ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചി അറിയിച്ചു. ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ഖത്തര്‍ മധ്യസ്ഥര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതായും അവ അമേരിക്കന്‍ ഭാഗവുമായി ചര്‍ച്ച ചെയ്തശേഷം ഔദ്യോഗിക മറുപടി ചൊവ്വാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അറാഖ്ചി പറഞ്ഞു.
അമേരിക്കന്‍ ഉദ്യോഗസ്ഥരും മധ്യസ്ഥരുമായി പ്രത്യേകം ചര്‍ച്ച നടത്തിയതായി ട്രംപ് സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. നമ്മള്‍ വിജയിക്കും. ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇത് വളരെ വേഗത്തില്‍ അവസാനിക്കും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്‍ കഴിഞ്ഞയാഴ്ച ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നോട്ടുവച്ച ഏഴ് നിര്‍ദേശത്തിന്റെ പരിഷ്‌കരിച്ച രൂപമാണ് പുതിയ ചര്‍ച്ചകളുടെ പ്രധാന വിഷയം. ഇറാനിലും ലെബനനിലുമുള്ള ശത്രുത അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികളില്‍ കോടിക്കണക്കിന് ഡോളര്‍ വിട്ടുനല്‍കുക, എണ്ണ ഉപരോധം അവസാനിപ്പിക്കുക, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധം നീക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ടുവെച്ചത്.
പകരമായി ഹോര്‍മുസ് കടലിടുക്ക് വാണിജ്യ ഗതാഗതത്തിനായി വീണ്ടും തുറക്കാനും ആണവപദ്ധതിയെയും സമ്പുഷ്ട യുറേനിയത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനുമായിരുന്നു ഇറാന്റെ വാഗ്ദാനം.
എന്നാല്‍ ഇറാനെ വിശ്വസിക്കാനാകില്ലെന്നും നേരത്തെ ഉണ്ടായ ധാരണ ഇറാന്‍ ലംഘിച്ചുവെന്ന ആരോപണമാണ് വാഷിങ്ടണ്‍ ഉന്നയിക്കുന്നത്.
ഇറാനെതിരായ സാമ്പത്തിക സമ്മര്‍ദം തുടരുമെന്നും അമേരിക്ക സൂചിപ്പിച്ചിട്ടുണ്ട്. ഉപരോധം തുടരുന്നതിലൂടെ ഇറാനിലെ ആഭ്യന്തര സമ്മര്‍ദം വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ട്രംപ് ഭരണകൂടം. ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം വര്‍ധിക്കുന്നുണ്ടെന്നും അമേരിക്ക അവകാശപ്പെടുന്നു.
ചര്‍ച്ചകള്‍ക്ക് വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന സൂചന. എന്നാല്‍ ഉപരോധം, ആണവപദ്ധതി, ഹോര്‍മുസ് കടലിടുക്ക് എന്നിവയില്‍ ഇരുപക്ഷവും എത്രത്തോളം വിട്ടുവീഴ്ച ചെയ്യുമെന്നതിനെ ആശ്രയിച്ചായിരിക്കും അടുത്ത നീക്കം.
Related News