ജിദ്ദ- കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ന്റെ പ്രവര്‍ത്തനം സെപ്റ്റംബര്‍ 27 മുതല്‍ ഘട്ടംഘട്ടമായി ആരംഭിച്ചു. സൗദി അറേബ്യയിലെ ഏറ്റവും തിരക്കേറിയ ഈ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 4 പ്രവര്‍ത്തനസജ്ജമായതോടെ പ്രതിവര്‍ഷം 1.5 കോടി യാത്രക്കാരെക്കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരിച്ചിരിക്കുകയാണ്.
പഴയ സൗദിയ ടെര്‍മിനല്‍ നവീകരിച്ചുണ്ടാക്കിയ ഈ ടെര്‍മിനലിലേക്ക് സര്‍വീസുകള്‍ മാറ്റിയ ആദ്യ വിമാനക്കമ്പനികള്‍ വിസ് എയര്‍, എ ജെറ്റ്, സലാം എയര്‍ എന്നിവയാണ്. നോര്‍ത്ത് ടെര്‍മിനല്‍, ടെര്‍മിനല്‍ 1, ഹജ്ജ്-ഉംറ ടെര്‍മിനലുകള്‍ എന്നിവയില്‍ നിന്നുള്ള കൂടുതല്‍ വിമാന സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ ടെര്‍മിനല്‍ 4-ലേക്ക് മാറ്റാനാണ് ജിദ്ദ എയര്‍പോര്‍ട്‌സ് കമ്പനി ലക്ഷ്യമിടുന്നത്.
സെപ്റ്റംബര്‍ 29 മുതല്‍ അകാസ എയര്‍ ഹജ്ജ്-ഉംറ ടെര്‍മിനലില്‍ നിന്ന് നാലിലേക്ക് സര്‍വീസ് മാറ്റും. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ സര്‍വീസുകളും ടെര്‍മിനല്‍ നാലിലെത്തും. നിലവില്‍ നോര്‍ത്ത് ടെര്‍മിനല്‍ ഉപയോഗിച്ചിരുന്ന എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും നാലിലേക്ക് മാറും.
വിമാനത്താവളത്തിലുടനീളമുള്ള യാത്രാത്തിരക്ക് പുനഃക്രമീകരിക്കാനും യാത്രാ പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
യാത്രക്ക് പുറപ്പെടുന്നതിന് മുന്‍പ് തങ്ങളുടെ പുറപ്പെടല്‍ ടെര്‍മിനല്‍ ഏതാണെന്ന് ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാറ്റത്തിന്റെ കാലയളവില്‍ വിമാനക്കമ്പനികളുടെ ഔദ്യോഗിക ചാനലുകളിലും വിമാനത്താവളത്തിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലും ടെര്‍മിനല്‍ വിവരങ്ങള്‍ ലഭ്യമായിരിക്കും.
97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ 4, വിമാനത്താവളത്തിന്റെ പഴയ സൗത്ത് ടെര്‍മിനല്‍ പുനര്‍നിര്‍മ്മിച്ച് തയ്യാറാക്കിയതാണ്. ബജറ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ക്കായി പ്രത്യേക അന്താരാഷ്ട്ര ടെര്‍മിനലായാണ് ജിദ്ദ എയര്‍പോര്‍ട്‌സ് ഇതിനെ നിശ്ചയിച്ചിരിക്കുന്നത്.
62 ചെക്ക്-ഇന്‍ കൗണ്ടറുകളും 66 പാസ്പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
അത്യാധുനിക ബാഗേജ് ഹാന്‍ഡ്ലിംഗ് സംവിധാനവും ടെര്‍മിനല്‍ 4-നെ ടെര്‍മിനല്‍ 1-മായി ബന്ധിപ്പിക്കുന്ന പ്രത്യേക സേവനങ്ങളും ഇതിലുണ്ട്.
ഹജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഗ്രൂപ്പ് ചെക്ക്-ഇന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് കണ്‍ട്രോള്‍, സെക്യൂരിറ്റി സ്‌ക്രീനിംഗ്, ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകള്‍, ബോര്‍ഡിംഗ് ഗേറ്റുകള്‍ എന്നിവയിലൂടെ യാത്രക്കാരുടെ നീക്കം സുഗമമാക്കും.
പ്രീമിയം ലോഞ്ചുകള്‍, ഡ്യൂട്ടി ഫ്രീ റീട്ടെയില്‍, ടാക്‌സി, റൈഡ് ഹെയ്ലിംഗ്, ഷട്ടില്‍ ബസുകള്‍, പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള ഗതാഗത സൗകര്യങ്ങളും ലഭ്യമാണ്.
റെക്കോര്‍ഡ് യാത്രാ എണ്ണവുമായി ജിദ്ദ വിമാനത്താവളം
2025-ല്‍ 53.4 ദശലക്ഷം (5.34 കോടി) യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നിരക്ക് കുറിച്ചിരുന്നു. 3,10,000-ത്തിലധികം വിമാന സര്‍വീസുകളാണ് ആ വര്‍ഷം നടത്തിയത്.
ബാഗേജ് കൈകാര്യം ചെയ്യുന്നത് 6.04 കോടിയായി ഉയര്‍ന്നു (2024നേക്കാള്‍ 12 ശതമാനം വര്‍ദ്ധനവ്). കൂടാതെ, 95.7 ലക്ഷം സംസം വെള്ളം ബോട്ടിലുകളും 2,968 കാര്‍ഗോ വിമാനങ്ങളും കൈകാര്യം ചെയ്തു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഏഅടഠഅഠ) കണക്കനുസരിച്ച് സൗദിയിലെ വിമാനത്താവളങ്ങളില്‍ യാത്രാ തിരക്കില്‍ ജിദ്ദയ്ക്കാണ് ഒന്നാം സ്ഥാനം. ഇതേ കാലയളവില്‍ റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളം 40.8 ദശലക്ഷം യാത്രക്കാരെയും ദമ്മാമിലെ കിംഗ് ഫഹദ് വിമാനത്താവളം 13.7 ദശലക്ഷം യാത്രക്കാരെയും കൈകാര്യം ചെയ്തു.
2025-ല്‍ സൗദിയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലുമായി 14.09 കോടി യാത്രക്കാരാണ് യാത്ര ചെയ്തത്; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.6 ശതമാനത്തിന്റെ വര്‍ദ്ധനവാണിത്. ഇതില്‍ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 7.58 കോടിയും ആഭ്യന്തര യാത്രക്കാരുടെ എണ്ണം 6.51 കോടിയുമായിരുന്നു.